city-gold-ad-for-blogger
Aster MIMS 10/10/2023

ചീമേനിയിലെ കൂട്ടക്കൊല മുതല്‍ ബാലകൃഷ്ണന്‍ വധം വരെ ഒരു ഫ്‌ളാഷ്ബാക്ക്

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 11.09.2018) മാങ്ങാട് ബാലകൃഷ്ണനെ കുത്തിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ടിരിക്കുന്നു. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. പ്രധാന പ്രതി അകാലത്തില്‍ മരിച്ചതും വിധിയെ സ്വാധീനിച്ചു. കേരളത്തെ ഞെട്ടിച്ച ചീമേനി കൊലക്കേസും സമാനതകള്‍ ഏറെയുള്ളതായിരുന്നു. ക്രൂരകൃത്യം ചെയ്ത പ്രതികളെ അവിടേയും വെറുതെ വിടുകയായിരുന്നു.

1987 ലെ അസംബ്ലി തെരഞ്ഞെടുപ്പ്. നായനാര്‍ മല്‍സരിക്കുന്നു. മാര്‍ച്ച് 23 ന് വൈകുന്നേരമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവത്തിനു ചീമേനി നഗരം സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടിക്കാണ് അന്ന് ആഭ്യന്തരം. തെരഞ്ഞെടുപ്പിനുശേഷം വോട്ടിന്റെ കണക്ക് പരിശോധിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ ഒത്തു കൂടിയവരേയായിരുന്നു അന്ന് കൊലപ്പെടുത്തിയത്. വെന്തും വെട്ടിയും അഞ്ചു പേരെ കൊലപ്പെടുത്തി. ചീമേനി ടൗണില്‍ നിന്നും ഓടി ഓഫീസില്‍ അഭയം പ്രാപിച്ചവരെ വകവരുത്തുകയായിരുന്നു ലക്ഷ്യം.
ചീമേനിയിലെ കൂട്ടക്കൊല മുതല്‍ ബാലകൃഷ്ണന്‍ വധം വരെ ഒരു ഫ്‌ളാഷ്ബാക്ക്

ഓഫീസിനുള്ളില്‍ കയറി വാതിലടച്ച പ്രവര്‍ത്തകരെ പുറത്തു ചാടിക്കാന്‍ ഓഫീസിന് തീയ്യിട്ടു. തീ ആളിപ്പടര്‍ന്നപ്പോള്‍ ഓഫീസിനുള്ളില്‍ കുടുങ്ങിയ നാല്‍പ്പതോളം പേര്‍ ഓടി രക്ഷപ്പെട്ടു. ആലിവളപ്പില്‍ അമ്പുവിനെയാണ് ആദ്യം വെട്ടിയത്. എം കോരനെ വെട്ടിവീഴ്ത്തി വൈക്കോലില്‍ പൊതിഞ്ഞ് കത്തച്ച നിലയിലായിരുന്നു. കെ വി കുഞ്ഞിക്കണ്ണനെ തലക്ക് മേല്‍ കൂറ്റന്‍ പാറക്കല്ല് വലിച്ചിട്ട് കൊന്നു. ബാലകൃഷ്ണനെ വധിച്ച സമയത്ത് ഡി സി സി അധ്യക്ഷനായിരുന്ന അഡ്വ സി കെ ശ്രീധരനാണ് ഈ കേസ് വാദിച്ചത്. പ്രതിവാദത്തിനായിരുന്നു വിജയം. മുഴുവന്‍ പ്രതികളും രക്ഷപ്പെട്ടു. കേസ് കഴിഞ്ഞു. അതിനു ശേഷം പലതും വെളിപ്പട്ടു തുടങ്ങി. കണ്ണൂരിലെ നേതാവാണ് ചീമേനിയിലെ നേതാവിന് ആയുധം കൊടുത്തതെന്ന് കോണ്‍ഗ്രസുകാരന്‍ തന്നെ പിന്നീട് തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ടു വന്നിരുന്നു.

അഡൂരിലെ രവീന്ദ്ര റാവുവിനെ വെടിവെച്ചു കൊന്നതും കോണ്‍ഗ്രസുകാരായിരുന്നു. ഓണരാവില്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊന്നതും, പ്രതിയോഗികള്‍ ചേര്‍ന്ന് ഭാസ്‌കര കുമ്പളയെ ബസിലിട്ട് വെട്ടിനുറുക്കിയതും, കാഞ്ഞങ്ങാട്ടെ സുരേന്ദ്രനെ നഗരമധ്യത്തിലിട്ട് കൊന്നതും പൂതങ്ങാനത്തെ രക്തസാക്ഷികള്‍ക്കു പുറമെ വരദരാജ പൈ, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍, പനയാലിലെ മനോജ് തുടങ്ങി ഒട്ടനവധി രക്തസാക്ഷിത്വങ്ങള്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും ആചരിച്ചു വരുന്നുണ്ട്.

2013 സെപ്തംബര്‍ 16. അന്ന് കേരളം ഓണക്കോടിയുടുത്ത സുദിനത്തിലായിരുന്നു.

ഉദുമ മാങ്ങാട് ആര്യടുക്കത്തെ സി പി എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വെറുതെ വിടാന്‍ ഇടവന്നത്. ആര്യടുക്കം എല്‍ പി സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ സ്ഥിരമായി അക്രമം നടത്തുന്ന പ്രദേശമാണ് മാങ്ങാടെന്നും അവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയാണ് കൊലക്കു പിന്നിലെന്നും സി പി എം നേതാക്കള്‍ അന്നു തന്നെ ആരോപിച്ചിരുന്നു. ഒറ്റ കുത്തു മാത്രമായിരുന്നു ദേഹത്ത്. അത് ഹൃദയത്തില്‍ തന്നെ കൊണ്ടു. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊലക്ക് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.

നാട് ഓണ ലഹരിയില്‍ മുഴുകുകയായിരുന്ന രാത്രി ഉണര്‍ന്നത് ബാലകൃഷ്ണന്റെ കൊലപാതക വാര്‍ത്തയുമായിട്ടായിരുന്നു. പാര്‍ട്ടിയും ജനങ്ങളും ഒന്നടങ്കം നടുങ്ങിയ ദിനം. കൊലയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടന്നു. ഭാര്യ അനിതയുടേയും മക്കള്‍: ആതിര,അക്ഷയ് അടങ്ങിയ കുടുംബത്തിന്റെ കണ്ണീര്‍ ഇതേവരെ തോര്‍ന്നിട്ടില്ല.

ബേക്കല്‍ പോലീസ് കേസന്വേഷിച്ചു തുടങ്ങി. ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു(30), ഐ എന്‍ ടി യു സി ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ്(44), യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി എന്ന പ്രജിത്ത്(30) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസു വന്നു. ഡി സി സി ജനറല്‍ സെക്രട്ടറിയായായിരുന്ന കടവങ്ങാനം കുഞ്ഞിക്കേളു നായരുടെ മകനാണ് ഷിബു.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം തുടങ്ങിയത്. ഒറ്റക്കുത്തില്‍ ആളെ കൊല്ലാന്‍ സാധ്യമാവും വിധം പ്രത്യേക തരം കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് കൊലക്കു പിന്നിലെന്ന സി പി എം നേതാക്കളുടെ ആരോപണം ശരിവെക്കുകയായിരുന്നു പോലീസ്. പുറമേക്ക് മുറിവ് കാണാത്ത രീതിയില്‍ കുത്താന്‍ കഴിയും വിധം രൂപപ്പെടുത്തിയതായിരുന്നു കത്തിയെന്ന് പോലീസ് വിലയിരുത്തി.

പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് വിലാപയാത്രയായി മാങ്ങാട്ടെത്തിച്ച് വീട്ടുപറമ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പള്ളിക്കര, പാലക്കുന്ന്, ഉദുമ, മാങ്ങാട് ലൈബ്രറി പരിസരം എന്നിവിടങ്ങളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. എല്ലാ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകളാണ് മൃതദേഹത്തില്‍ അന്ത്യാഭിവാദ്യം അര്‍പിച്ചത്.

ഭരണത്തണലില്‍ മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ മനുഷ്യത്വ രഹിതമായ സംസ്‌കാരമാണ് കൊലപാതകത്തിലൂടെ പുറത്തുവന്നതെന്നും, അക്രമത്തിനായി തീവ്രവാദികളെയും കോണ്‍ഗ്രസ് ഉപയോഗിച്ചുവെന്നും കൊലനടത്തിയ രീതി അതാണ് വിളിച്ചു പറയുന്നതെന്നുമുള്ള സി പി എം നേതാക്കളുടെ ആരോപണങ്ങളിലൂടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

പ്രതികളെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുന്നതായി ആരോപണമുയര്‍ന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് കൊലക്ക് പരിശീലനം നല്‍കിയത് ആരാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലമായിരുന്നു അത്. ഭരണത്തണലില്‍ പ്രതികളെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അന്നത്തെ ജില്ലാസെക്രട്ടറി സതീഷ് ചന്ദ്രന്‍ സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം പത്രക്കാരോട് പറഞ്ഞു. പിന്നീട് കേസില്‍ പലവിധ വഴിത്തിരുവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  (തുടരും)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, kasaragod, Murder, Kanhangad, Prathibha-Rajan, Article of Prathiba Rajan on Cheemani massacre to balakrishnan murder case

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL