City Gold
news portal
» » » » » ചെര്‍ക്കളം കര്‍ക്കശക്കാരനായ രാഷ്ട്രീയക്കാരന്‍

അനുസ്മരണം/ കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com 15.08.2018) ചെര്‍ക്കളയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും ജീവിതം ആരംഭിച്ച് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച് സ്വന്തം പരിശ്രമഫലമായി ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറി മുസ്ലീംലീഗിന്റെ അമരത്തെത്തിയ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ല. യു ഡി എഫ് മന്ത്രി സഭയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിലെത്തിയപ്പോഴും ചെര്‍ക്കളക്കാരുടെ പഴയ അബ്ദുല്ല തന്നെയായിരുന്നു അദ്ദേഹം.

നാടിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സുകള്‍ കീഴടക്കി നമ്മോട് വിടപറഞ്ഞുപോയ നാട്ടുകാരുടെ പ്രിയങ്കരനായ നേതാവ് ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ സംഭവ ബഹുലമായ ജീവിതത്തില്‍ നിന്ന് വരും തലമുറയ്ക്ക് വലിയ പാഠമാണ് ഉള്‍ക്കൊള്ളാനുള്ളത്. അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം, കൃത്യനിഷ്ഠ ചെയ്യേണ്ട കാര്യങ്ങള്‍ നാളേക്ക് മാറ്റി വെക്കാതെ സമയാസമയത്ത് ചെയ്തു തീര്‍ക്കുകയും പറയേണ്ടത് ആരുടെ മുന്‍പിലും തന്റേടത്തോടെ തുറന്നടിക്കുന്നതുമാണ് അദ്ദേഹത്തെ മറ്റു നേതാക്കില്‍ നിന്നും വ്യത്യസ്തനാക്കിയതും.
Article, Cherkalam Abdulla, Kuttiyanam Mohammedkunhi, Remembrance of Cherkalam Abdulla

ചെറുപ്പത്തിലേ ചെര്‍ക്കളം അബ്ദുല്ല സാഹിബുമായി അടുത്തിടപെടാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ഞാന്‍ കാസര്‍കോട് ജി എച്ച് എസ്സില്‍ പഠിക്കുന്ന കാലത്ത് എന്റെ ഉപ്പയുടെ സുഹൃത്തും ദുബൈയിലെ കച്ചവടക്കാരനുമായ മമ്മദ്ച്ച നാട്ടില്‍ വന്നപ്പോഴാണ് ദുബൈയിലെ തന്റെ സ്ഥാപനത്തിലേക്ക് ആളിനെ വേണം വിസ ഉണ്ടെന്ന് പറയുന്നത്. അങ്ങനെയാണ് പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ട അപേക്ഷ തയ്യാറാക്കാന്‍ ഞാനും ഉപ്പയും തായലങ്ങാടിയിലെ അയ്യരുടെ അടുത്ത് പോയത്. ഏതോ തെക്കന്‍ ജില്ലയില്‍ നിന്നും വന്ന ആ റിട്ടേര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു അന്ന് പാസ്പോര്‍ട്ടുകള്‍ സേവനങ്ങള്‍ ചെയ്തിരുന്നത്. അപേക്ഷ പൂരിപ്പിച്ച ശേഷം അതില്‍ എം പി യുടെ സാക്ഷ്യപത്രം കൂടി വേണമെന്നുള്ള നിബന്ധന അന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ രാജ്യസഭാംഗമായിരുന്ന ഹമീദലി ഷംനാട് സാഹിബിനെ ചെന്ന് കണ്ടു. കുറേ കാത്തിരുന്ന ശേഷം എന്റെ ഫയല്‍ വാങ്ങി നോക്കിയ ശേഷം അതിലെ രേഖകള്‍ ശരിയല്ലെന്ന് പഞ്ഞ് തിരിച്ചു തന്നു.

ഞങ്ങള്‍ നിരാശയോടെ മടങ്ങിവരുന്ന വഴി ഉപ്പയെന്നോട് പറഞ്ഞു. 'ഞമ്മക്ക് ഉമ്പൂന്റെ ആഫീസില്‍ പോയി സംഗതി പറഞ്ഞിട്ട് പോവ്വാ' എന്ന്. അങ്ങിനെ എം ജി റോഡിലുള്ള ചെര്‍ക്കളം അബുദുല്ലയുടെ ട്രാവല്‍സില്‍ കയറി. അദ്ദേഹം അവിടെ തന്നെ ഉണ്ടായിരുന്നു. ഉപ്പ അദ്ദേഹത്തോട് സംഭവങ്ങള്‍ വിവരിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം പി തിങ്കളാഴ്ച ലീഗ് ഓഫീസില്‍ വരുന്നുണ്ടെന്നും 'ഈ ഫയല്‍ ഇവിടെ വെച്ചോളൂ, ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങിച്ച് വെയ്ക്കാം അന്തുമാന്‍ച്ച ധൈര്യമായി പോയ്ക്കോളൂ' എന്ന് പറഞ്ഞ ആ രംഗം ഇപ്പോഴും എന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് രാഷ്ട്രീയത്തില്‍ സജീവമായി. യു.ഡി എഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് ബിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ യു ഡി എഫ് ജില്ലാ ചെയര്‍മാനായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.ഒരിക്കല്‍ കേരള കോണ്‍ഗ്രസ്സ് (ബി)യുടെ സംസ്ഥാന സമിതിയോഗം ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നപ്പോള്‍ അവിടത്തെ ജീവനക്കാരുടെ സര്‍വ്വീസില്‍ ഏതോ പോരായ്മ വന്നപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അവരോട് പറഞ്ഞു. 'നിങ്ങള്‍ക്ക് ചെര്‍ക്കളം അബ്ദുല്ലയെ പോലത്തവരെയാണ് കിട്ടേണ്ടത്' എന്ന് പറഞ്ഞാണ് ശകാരിച്ചത്. അതിന് തൊട്ട് മുമ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം ഡല്‍ഹിയില്‍ പോയി കേരള ഹൗസില്‍ താമസിക്കുമ്പോള്‍ അവിടെ വൃത്തിഹീനമായിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട മന്ത്രി അവിടത്തെ ജീവനക്കാരോട് പൊട്ടിത്തെറിച്ചിരുന്നു. തെറ്റുകള്‍ കണ്ടാല്‍ എവിടെയും ചൂണ്ടിക്കാണിക്കാന്‍ ഒരു മടിയുമില്ലാത്ത നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ല.

പിന്നീട് ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ചെര്‍ക്കളം സ്‌കൂളില്‍ നടന്ന ചെര്‍ക്കളം സെന്‍ട്രല്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992-93 ബാച്ച് വിദ്യാര്‍ത്ഥികളുടെ വാട്സആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച അക്ഷരത്തണലില്‍ ഇത്തിരിനേരം എന്ന പരിപാടിയില്‍ സംബന്ധിക്കുവാന്‍ അവസരമുണ്ടായത്. അപ്പോഴാണ് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ചിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബുമായി ഒരിക്കല്‍ കൂടി വേദി പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.

ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും യു ഡി എഫിനും മാത്രമല്ല. കാസര്‍കോട് ജില്ലയുടെ പൊതുരംഗത്ത് ആകമാനം നികത്താനാവാത്ത ശൂന്യത വരുത്തിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Cherkalam Abdulla, Kuttiyanam Mohammedkunhi, Remembrance of Cherkalam Abdulla

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date