Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാന നസ്‌റീന്‍ - ഈ പെണ്‍കുട്ടിയുടെ നേട്ടത്തില്‍ കാസര്‍കോട്ടുകാര്‍ക്ക് അഭിമാനിക്കാം

ഞാന്‍ തേടിക്കൊണ്ടിരുന്നത് സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസരംഗത്ത് ഉദാഹരിക്കാന്‍ പറ്റുന്ന ഒരു മുസ്ലിം വനിതയെ ആയിരുന്നു. അതും Article, Kookanam-Rahman, A motivational story about Shana Nasreen Kasargod
കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 18.07.2018) ഞാന്‍ തേടിക്കൊണ്ടിരുന്നത് സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസരംഗത്ത് ഉദാഹരിക്കാന്‍ പറ്റുന്ന ഒരു മുസ്ലിം വനിതയെ ആയിരുന്നു. അതും പ്രാദേശികമായി വളര്‍ന്നു വന്നവളും, സാധാരണ കുടുംബത്തില്‍ പെട്ടവളുമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. തേടിയവള്ളി കാലില്‍ കുടുങ്ങി എന്ന പഴമൊഴി പോലെ ഒരു സംഭവമുണ്ടായി. ഞങ്ങള്‍ നടത്തുന്ന ഹ്രസ്വകാല പരിശീലന കോഴ്‌സിന് ചേരാന്‍ നാല്പതുകാരിയായ ഒരു മുസ്ലിം സ്ത്രീ വന്നു. പര്‍ദ്ദധാരിയായ അവരുടെ പേര് എന്നില്‍ കൗതുകമുണ്ടാക്കി.

'ഷീജ' 'ഇത് മുസ്ലിം പേരല്ലല്ലോ?' 'എന്താ ഈ പേര് മുസ്ലിം അംഗങ്ങള്‍ക്ക് ചേരില്ലേ?' അവരുടെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായില്ല. കൂടെ അവരുടെ മകളുമുണ്ടായിരുന്നു. അവളുടെ പേര് 'ഷാന'. മകളും പര്‍ദ്ദയില്‍ത്തന്നെ. 'ഈ കോഴ്‌സിന് മകളും ചേരട്ടെ.' ഞാന്‍ ഒരഭിപ്രായം പറഞ്ഞു. ഷാന പെട്ടെന്ന് മറുപടി തന്നു. 'സര്‍ ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഐഎഎസ് പ്രിലിമനറി പരീക്ഷ ജയിച്ചു. ഇനി അതിന്റെ മെയിന്‍പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും തയ്യാറായി കൊണ്ടിരിക്കുകയാണ്.

കാസര്‍കോട് ജില്ലയിലെ ചായ്യോത്ത് എന്ന വികസനം ഏറെ എത്തിനോക്കാത്ത ഗ്രാമത്തിലെ ഈ പെണ്‍കുട്ടി ഇവിടം വരെ എത്തിയോ? എന്റെ മനസ്സു പറഞ്ഞു. പിന്നെ ട്രെയിനിഗിംന് ചേരാന്‍ വന്ന ഉമ്മയോട് പറയാനുള്ളത് പിന്നീടാവാം എന്നു തീരുമാനിച്ച് മകളോട് സംസാരിക്കാന്‍ തുടങ്ങി.

എനിക്ക് ഈ ഗ്രാമീണ മുസ്ലിം പെണ്‍കുട്ടിയെക്കുറിച്ച് മുഴുവന്‍ അറിയണം. അത് സമൂഹവുമായി പങ്കുവെക്കണം. ഷാന പറയാന്‍ തുടങ്ങി. തെളിഞ്ഞ മനസ്സോടെ.. സംശയങ്ങള്‍ക്കിടയില്ലാതെ. പഠിച്ചത് ചായ്യോത്ത് ഗവ: ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍. എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതിനാല്‍ പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കാന്‍ പലരും നിര്‍ബന്ധിച്ചു. അവള്‍ക്കിഷ്ടം ഹ്യുമാനിറ്റീസ് പഠിക്കാനാണ്. പ്ലസ്ടു പരീക്ഷയെഴുതി എല്ലാ വിഷയത്തിലും എപ്ലസ് കിട്ടി. ഇത്രയുമായപ്പോഴേക്കും രക്ഷിതാക്കള്‍ക്ക് അവളുടെ നിശ്ചയദാര്‍ഢ്യത്തില്‍ മതിപ്പുണ്ടായി.

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് സംസ്ഥാന യൂത്ത് ഫെസ്റ്റിവലില്‍ മലയാളം, ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍  ഒന്നാം സ്ഥാനക്കാരിയായിരുന്നു ഷാന. തുടര്‍ന്ന് പഠിക്കാന്‍ ഷാനയുടെ ഇഷ്ടത്തിന് രക്ഷിതാക്കളും നിന്നു കൊടുത്തു. ഡിഗ്രിക്ക് അവള്‍ തെരെഞ്ഞെടുത്തത് എക്കണോമിക്‌സാണ്. കോഴിക്കോട് ഫാറൂഖ് കോളജാണ് ഡിഗ്രി പഠനത്തിന് അനുയോജ്യമെന്ന് അവള്‍ കണ്ടെത്തി. കോഴിക്കോടാവുമ്പോള്‍ തുറന്ന പല വേദികള്‍ കിട്ടുമെന്നും, കുറച്ചുകൂടി സാമൂഹ്യ ബന്ധങ്ങള്‍ വികസിപ്പിച്ചെടുക്കാമെന്നും അവള്‍ക്കറിയാമായിരുന്നു.

അവളുടെ കണക്കുകള്‍ പിഴച്ചില്ല. ഡിഗ്രി പഠനകാലത്ത് കൈരളി ടിവിയില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന 'പട്ടുറുമാല്‍ അവതാരികയായും ഷാന വേഷമിട്ടു. അശ്വമേധം പരിപാടിയില്‍ നാലാം റൗണ്ട് വരെയെത്തി സമ്മാനിതയായി. മാതൃഭൂമി - ഫെഡറല്‍ ബാങ്ക് സംയ്കുതമായി നടത്തിയ സ്പീക്ക് ഫോര്‍ കേരള ഡിബേറ്റില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായി. 'സാമൂഹ്യ മാധ്യമങ്ങള്‍ - സമൂഹത്തിന് ഗുണമോ ദോഷമോ' എന്ന ഡിബേറ്റില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഗുണകരമാണെന്ന് സ്ഥാപിക്കുകയായിരുന്നു ഷാന.

അവള്‍ പഠനം തുടരുകയാണ്. ഇപ്പോള്‍ തിരുവനന്തപുരം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പഠിക്കുന്നു. പഠനത്തോടൊപ്പം നാഷണല്‍ സര്‍ട്ടിഫൈഡ് ട്രെയ്‌നറായി വിവിധ മേഖലകളില്‍ ക്ലാസ് നടത്തുകയും ചെയ്യുന്നു.

വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോഴും വളച്ചുകെട്ടില്ലാതെ കൃത്യമായി മറുപടി പറയാന്‍ ഷാന തയ്യാറായി. പഠനത്തെക്കുറിച്ചായിരുന്നു എന്റെ ആദ്യ ചോദ്യം. ഉത്തരം ഉടനെ വന്നു. 'കൃത്യതയാര്‍ന്ന പഠനമില്ല. ക്ലാസില്‍ ശ്രദ്ധിക്കും. പഠിപ്പിച്ച വസ്തുതകള്‍ ഓര്‍ത്തുവെക്കും. പരപ്പാര്‍ന്ന വായനകൊണ്ട് ഐഡിയ കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം ഭാഷയില്‍ എഴുതും. അന്നന്ന് എടുത്ത പാഠം അന്നന്ന് പഠിക്കുന്ന ഏര്‍പ്പാടില്ല. കാണാപാഠം പഠിക്കുന്ന രീതിയേ ഇല്ല. മലയാളവും ഇംഗ്ലീഷും ഒരേപോലെ കൈകാര്യം ചെയ്യും. രണ്ടിലും എപ്പോഴും നൂറില്‍ നൂറ് കിട്ടും. ഐഎഎസിനും ഒപ്ഷണലായി എടുത്തത് മലയാളമാണ്.'

വിദ്യാഭ്യാസമുള്ള പര്‍ദ്ദധാരികളായ മുസ്ലിം സ്ത്രീകളെ കണ്ടാല്‍ അതേക്കുറിച്ച് അവരുടെ അഭിപ്രായം ഞാന്‍ ആരായാറുണ്ട്. ഷാന പറയുന്നു. പര്‍ദ്ദ ധരിക്കാന്‍ എളുപ്പമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഇതൊരു സുരക്ഷിത വസ്ത്രമാണ്. ധരിക്കാന്‍ കംഫര്‍ട്ടബിളാണ്. പര്‍ദ്ദ ധരിച്ച് നടന്നാല്‍ സമൂഹത്തിന്റെ റസ്‌പെക്ട് കിട്ടുന്നുണ്ട്.'

മുസ്ലീം പെണ്‍കുട്ടിയായതിനാല്‍ സ്വ സമൂഹത്തില്‍ നിന്ന് എതിര്‍പ്പുകളുണ്ടായോ? 'ചോദ്യം ചെയ്യപ്പെട്ടിരുന്നു. അകലെയൊക്കെ ചെന്നു പഠിക്കുന്നതും മറ്റും പ്രയാസങ്ങളുണ്ടാക്കില്ലേ? പെണ്‍കുട്ടികള്‍ ആവശ്യത്തിനു മാത്രം പഠിച്ചാല്‍ പോരെ എന്നൊക്കെയുള്ള പിറുപിറുക്കലുകളുണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളേയും, പരാമര്‍ശങ്ങളെയും ധൈര്യപൂര്‍വ്വം ഞാന്‍ നേരിട്ടു.

ഇന്ന് സ്ത്രീവിഭാഗത്തില്‍ ചില ഗുണകരമല്ലാത്ത ചിന്തകളും പ്രവൃത്തികളും കാണുന്നു. ഇതിനെ മറികടക്കാന്‍ ഇരുപത്തിമൂന്നിലെത്തിയിട്ടും വിവാഹത്തെക്കുറിച്ചു വേവലാതി കൊള്ളാത്ത ഷാനക്ക് വല്ല നിര്‍ദ്ദേശങ്ങളും പറയാനുണ്ടോ? 'സ്ത്രീകള്‍ സ്വയം പര്യാപ്തത നേടണം. അത് തൊഴില്‍ ചെയ്യുക എന്നത് മാത്രമല്ല. തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം. മാനസിക ധൈര്യം കൈവരിക്കണം. പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കാണാന്‍ ത്രാണി നേടണം.'

വര്‍ത്തമാനകാലത്ത് വഴിതെറ്റിപോകുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. ഷാനക്ക് എന്തു തോന്നുന്നു. 'ഇന്നത്തെ കുട്ടികള്‍ വളരെ അഡ്വാന്‍സ്ഡ് ആണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. എങ്കിലും മാനസിക ഭ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവരില്‍ അത്യാവശ്യമായി ഉണ്ടാക്കിയെടുക്കേണ്ടത് 'മെന്റല്‍ ഹൈജിന്‍' ആണ്. അവര്‍ക്ക് ലൈഫ് സ്‌കില്‍ വിദ്യാഭ്യാസം നല്കണം. അവരില്‍ അവരറിയാതെ തുടര്‍ച്ചയായി ഉണ്ടാക്കിയെടുക്കേണ്ടതാണ് മാനസികാരോഗ്യം. ഉപദേശങ്ങള്‍ കൊടുത്ത് അവരെ ബോറഡിപ്പിക്കരുത്. നിരന്തര സമ്പര്‍ക്കം മൂലം മാത്രമേ ഈ മാനസിക വൈശിഷ്ട്യം കൗമാരക്കാരില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റൂ.'

ഇനി വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാം.. ഉമ്മ ഷീജ വീട്ടമ്മയാണ്. ബാപ്പ അബ്ദുല്ല ഗള്‍ഫിലാണ്. അനിയന്‍ ഷാന്‍ ബാദുഷ ഗള്‍ഫില്‍ത്തന്നെ. ഷാഹിന്‍ഷാ എന്ന ഇളയ അനിയന്‍ പ്ലസ്ടുവിന് പഠിക്കുന്നു. നാഷണല്‍ സര്‍ട്ടിഫൈഡ് ട്രെയിനര്‍ എന്ന നിലയില്‍ കൗണ്‍സിലിംഗ്, പാരന്റിംഗ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, സ്‌കില്‍ ഡവലപ്പ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ക്ലാസ് എടുക്കുന്നുണ്ട്. ഇതിനിടയില്‍ സംഘടനകള്‍ ക്ഷണിച്ചതുകൊണ്ട് വിദേശരാജ്യങ്ങളില്‍ ചെന്നും ക്ലാസ് എടുത്തിട്ടുണ്ട്.

വളരെ സാധാരണക്കാരായ ആളുകള്‍ക്കും ഇങ്ങനെയൊക്കെ ആവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്താനാണ് - സമൂഹത്തില്‍ ഇറങ്ങി ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ ഷാനയെ പ്രേരിപ്പിച്ചത്. മുസ്ലിം പെണ്‍കുട്ടികളില്‍ നിന്നും സ്ത്രീകളില്‍ നിന്നും പലപ്പോഴും പൊള്ളുന്ന വ്യഥകള്‍ കേട്ട് തഴമ്പിച്ച എന്റെ കാതിനും മനസ്സിനും ഷാനയെപ്പോലെ എളിമയും തെളിമയും മാതൃകയാകാനുള്ള കരുത്തും ഉള്ളവര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ മനസ്സു കുളിര്‍ത്തു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍, അവരൊപ്പം നില്‍ക്കാന്‍ കരുത്തും കാര്യശേഷിയുമുള്ള ഒരു യുവ ഐഎഎസുകാരി നമുക്കെല്ലാം അഭിമാനമായി പുറത്തു വരും എന്ന ശുഭപ്രതീക്ഷയോടെ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookkanam-Rahman, A motivational story about Shana Nasreen Kasargod
  < !- START disable copy paste -->