City Gold
news portal
» » » » » » ജന്മനാടേ... കാല്‍ കുത്താന്‍ എനിക്ക് ഒരു ഇടം തരുമോ?

നിയാസ് എരുതുംകടവ്

(www.kasargodvartha.com 19.02.2018) പ്രവാസം അല്ലെങ്കില്‍ പ്രവാസി എന്ന് പറയുമ്പോള്‍ ഉപമകള്‍ ഒരുപാടുണ്ട്. വിരഹം, സഹനം, പരിപ്പ് കറി, കുബ്ബൂസ്, അങ്ങനെയൊക്കെയായിരുന്നു കുറച്ചു കാലങ്ങള്‍ക്ക് മുമ്പു വരെ. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ ഇന്ന് വലിയ പ്രതിസന്ധിയുടെ നടുക്കടലിലാണ്. ഉള്‍കൊള്ളാന്‍ കഴിയാത്ത ഭീകരമായ മാറ്റത്തിന്റെ പാതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും മാറി മറയുന്ന നിയമങ്ങള്‍. ഉറങ്ങി എണീക്കുമ്പോഴേക്കും ജോലി നഷ്ടപ്പെടുമെന്ന അതി ഭയാനകമായ അവസ്ഥ. ഏത് നിമിഷവും തകര്‍ന്നു പോകാവുന്ന ചീട്ട് കൊട്ടാരങ്ങള്‍ മാത്രമാണ് വര്‍ത്തമാന കാലത്തെ ഗള്‍ഫ് പ്രവാസികള്‍.

സര്‍വ്വതും നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതെ നാളെ ജന്മനാട്ടിലേക്ക് തിരിച്ചെത്താന്‍ നിര്‍ബന്ധിതനായാല്‍ പ്രവാസി സമൂഹം എന്ത് ചെയ്യും? കേള്‍ക്കുമ്പോള്‍ ഈ ചോദ്യം കേട്ട് തഴമ്പിച്ച ഒരു ചോദ്യമാകാം. എന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യം ഇവിടെ ഈ മണലാരണ്യത്തില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും ഓരോ ദിവസവും സ്വയം ചോദിച്ചു കൊണ്ടിരിക്കുന്നു.

പിന്നെ എക്കാലവും സര്‍ക്കാറുകള്‍ക്ക് പറഞ്ഞു പറ്റിക്കാനുള്ള ഒരു കോമഡിയാണ് 'പ്രവാസി പുനഃരധിവാസ പദ്ധതി' എന്ന വിടുവായിത്തം. പ്രവാസികള്‍ എന്ന് പറഞ്ഞാല്‍ നാട് ഭരിക്കുന്നവരുടെ കണ്ണില്‍ അന്യ സംസ്ഥാന തൊഴിലാളികളും, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭിക്ഷാടന മാഫിയകളുമാണ്. ഇവരെയെല്ലാം പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിപരമായും ആശയപരമായും തലപുകഞ്ഞു ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് രാജ്യം വിട്ട് കറങ്ങി നടക്കുന്ന പ്രവാസികളുടെ കാര്യം. പണ്ടൊരു ചൊല്ല് കാരണവന്മാര്‍ പറയും, കിരീടം പോയ രാജാവും വീട് വിട്ട പട്ടിയും ഒരുപോലെയാണെന്ന്. പ്രവാസികളെയും ഇതുപോലെ തന്നെയാണ് സര്‍ക്കാറുകള്‍ കാണുന്നത്.

സ്വപ്നങ്ങളുടെ പറുദീസയിലേക്ക് മലയാളികളുടെ യാത്ര തുടങ്ങിട്ട് നാല് പതിറ്റാണ്ടിലേറെയായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഗള്‍ഫ് രാജ്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ഈ സൗന്ദര്യത്തിന് പിന്നില്‍ മലയാളി അടക്കമുള്ള ഇന്ത്യക്കാരുടെ പങ്ക് വലുതാണ്. ഇന്ന് കാലം മാറി കഥ മാറി. പഴയ അറബ് തലമുറയില്‍ നിന്ന് പുതിയ തലമുറ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി സ്വന്തം രാജ്യത്ത് തങ്ങളുടെ അറിവും കഴിവും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ സ്വദേശി വല്‍ക്കരണം എന്ന മഹാ പരിഷ്‌കരണം പ്രവാസിയെ പാടെ തളര്‍ത്തി.

പുരോഗതിയും അടിസ്ഥാന സൗകര്യങ്ങളും ജീവിത രീതികളും മാറിയെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും കഷ്ടപ്പാടും യാതനകളും അനുഭവിക്കുന്ന വലിയ ഒരു അടിസ്ഥാന വര്‍ഗമുണ്ട്. പകലന്തിയോളം പൊരിവെയിലത്തും കൊടും തണുപ്പിലും എല്ലു മുറുകെ തുച്ഛമായ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികള്‍. ചൂഷണങ്ങള്‍ക്കും ചതികള്‍ക്കും ഇടയില്‍ സ്വയം ജീവിക്കാന്‍ മറന്ന് പോയ അടിസ്ഥാന വര്‍ഗം. കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കൊണ്ടാണ് മിക്ക ആളുകളും കടല്‍ കടക്കുന്നത്. എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങളെ എങ്ങനെ നേരിടണം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. പ്രശ്‌നങ്ങള്‍ മുന്നിലേക്ക് വരുമ്പോള്‍ അതില്‍ നിന്ന് ഓടി ഒളിക്കുകയല്ല നേരെ മറിച്ച് അതിനെ ചെറുത്തു നിന്ന് തോല്‍പ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

ലോക പ്രശസ്തനായ ലബനീസ് എഴുത്തുകാരനും കവിയുമായ ജിബ്രാന്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. നമ്മള്‍ ഓരോരുത്തരുടെയും ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. നമ്മള്‍ എത്രമാത്രം കടുത്ത ദുഃഖത്തില്‍ അകപെടുമ്പോഴും  നമ്മുടെ തൊട്ടടുത്ത കിടക്കയില്‍ സുഖം ഉറങ്ങി കിടക്കുന്നു. ആ സുഖം എപ്പോഴും നമ്മുടെ അരികിലേക്ക് വരാം. അതുപോലെ തന്നെ എത്ര മാത്രം സുഖം നമ്മള്‍ അനുഭവിക്കുമ്പോഴും നമ്മുടെ തൊട്ടടുത്ത കിടക്കയില്‍ ദുഃഖം ഉറങ്ങി കിടക്കുന്നുണ്ട്. ആ ദുഖം നമ്മളിലേക്ക് വരാം. അതുകൊണ്ട് സുഖത്തേയും ദുഃഖത്തെയും നേരിടാന്‍ വേണ്ടി നമ്മള്‍ തയ്യാറാകണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Gulf, Job, Crisis, Unemployment, Law, Crisis in Gulf, Article by Niyas Eruthumkadavu
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date