Join Whatsapp Group. Join now!
Aster MIMS 10/10/2023

സോണി ഭട്ടതിരിപ്പാടിനെക്കുറിച്ച് ഒരു വിവരവുമില്ല; ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു

മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷനായ മാധ്യമപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിനെ കണ്ടെത്താനുള്ള Kasaragod, Nileshwaram, Kerala, News, Police, investigation, Hospital, Railway station.

നീലേശ്വരം: (www.kasargodvartha.com 11.01.2018) മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷനായ മാധ്യമപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിനെ കണ്ടെത്താനുള്ള അന്വേഷണമെല്ലാം വിഫലമായി. ഈ സാഹചര്യത്തില്‍ സോണിക്കുവേണ്ടിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. ഇതിന് മുന്നോടിയായി സോണിയുടെ ഭാര്യ ഡോ. ജി കെ സീമയില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങാന്‍ ക്രൈംബ്രാഞ്ച് സംഘം നീക്കം നടത്തി.

എന്നാല്‍ ഒമ്പതു വര്‍ഷമായി താനും മക്കളും കാത്തിരിക്കുന്ന കുടുംബനാഥനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കണം എന്നു തന്നെയാണ് കുടുംബത്തിന്റെ ആവശ്യം. സീമയും മക്കളും മാത്രമല്ല, വേറിട്ട പത്രപ്രവര്‍ത്തന ശൈലിയിലൂടെ മലയാളി മനസ്സില്‍ ഇടം പിടിച്ച സോണി എം ഭട്ടതിരിപ്പാടിന്റെ മാതാപിതാക്കള്‍ കൂത്തുപറമ്പ് മന്ദ്യത്ത് ഇല്ലത്ത് പദ്മനാഭന്‍ നമ്പൂതിരിയും ഭാര്യ സുവര്‍ണ്ണനി അന്തര്‍ജനവും ഒമ്പത് വര്‍ഷമായി കാത്തിരിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട മകന്റെ തിരിച്ചുവരവിനു വേണ്ടി. ഒമ്പതു വര്‍ഷം മുമ്പ് കാണാതായ മകന്‍ ഏതു നേരവും എത്തിയാല്‍ അവനുള്ള ആഹാരവുമായാണ് ഈ വൃദ്ധ ദമ്പതികളുടെ കാത്തിരിപ്പ്. രണ്ടുമക്കളില്‍ മൂത്തമകനാണ് സോണി അഥവാ അപ്പുമോന്‍.

അപ്പുമോനും കൂടിയുള്ള ആഹാരം ഈ 65 വയസിലെ കാത്തിരിപ്പിനിടയിലും സുവര്‍ണ്ണനി അന്തര്‍ജനം വീട്ടില്‍ കരുതിവെക്കും. അടുത്ത ദിവസം സങ്കടത്തോടെ അതെടുത്തു കളയും. ആഹാരം മേശപ്പുറത്ത് വിളമ്പി വെച്ച് വിശന്നു വരുന്ന മകനെ സ്വീകരിക്കാന്‍ സുവര്‍ണ്ണനി അന്തര്‍ജനം ഒരുഭാഗത്ത്. മറുഭാഗത്ത് ഉപനയനം തൊട്ട് മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രാര്‍ത്ഥനകളുമായി പദ്മനാഭന്‍ ഭട്ടതിരിപ്പാടും ഉണ്ടാകും. ഈ കാത്തിരിപ്പിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. സദാസമയവും ഇവര്‍ ഇങ്ങനെത്തന്നെ. മട്ടന്നൂര്‍ ശിവപുരം ഹൈസ്‌കൂളിലെ റിട്ട പ്രധാനാദ്ധ്യാപകന്‍ കൂടിയായ പദ്മനാഭന്‍ നമ്പൂതിരിയും ഭാര്യ സുവര്‍ണ്ണനി അന്തര്‍ജ്ജനവും മകന്റെ മക്കളെ മാറോടണക്കാന്‍ ഇടയ്ക്ക് നീലേശ്വരം പട്ടേനയിലെ സോണിയുടെ ഭാര്യ സീമയുടെ വീട്ടിലും എത്തും.

മക്കളായ അനന്തപദ്മനാഭനെയും മകള്‍ ഇന്ദുലേഖയെയും ലാളനകള്‍ കൊണ്ട് മൂടി അവര്‍ അടുത്തദിവസം കൂത്തുപറമ്പിലേക്ക് തന്നെ തിരിക്കും. ഏതു നേരവും തങ്ങളുടെ മകന്‍ തിരിച്ചെത്തുമെന്നുള്ള ഉറച്ച വിശ്വാസമാണ് രണ്ട് പേര്‍ക്കുമുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ശിവപുരം സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു പദ്മനാഭന്‍ നമ്പൂതിരി. സുവര്‍ണ്ണനി അന്തര്‍ജ്ജനമാകട്ടെ ദീര്‍ഘകാലം മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു. ഇവരുടെ രണ്ടാമത്തെ മകന്‍ റാവു ഭട്ടതിരിപ്പാട് കോഴിക്കോട് അഭിഭാഷകനാണ്. റാവുവും ഇടയ്ക്കു പത്രപ്രവര്‍ത്തന മേഖലയില്‍ ഉണ്ടായിരുന്നു.

2008 ഡിസംബര്‍ 18ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് സോണി ഗോവയിലേക്ക് വണ്ടി കയറിയത്. എറണാകുളത്തെ വീട്ടില്‍ നിന്നും സീമ തന്നെയാണ് സോണിയെ കാറില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. അന്ന് ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലി ചെയ്ത സോണി ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെ കുറിച്ചുള്ള സ്റ്റോറികള്‍ ചെയ്തിരുന്നു. ഇതിനിടയില്‍ സീമയെയും വിളിക്കുമായിരുന്നു. എന്നാല്‍ പെട്ടെന്ന് അത് നിലക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോണി മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. പിന്നീട് മംഗലാപുരത്ത് നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട്ട് നിന്നാണ് സോണി അപ്രത്യക്ഷനായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സോണി എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിന് സീമ പരാതി നല്‍കി. തുടര്‍ന്ന് ഗോവ പോലീസിലും പരാതി നല്‍കി.

എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ സോണിയെ കുറിച്ച് യാതൊരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തില്‍ സോണി തിരോധാനത്തിന്റെ യാതൊരു തുമ്പും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വഷണം അവസാനിപ്പിക്കാന്‍ ഭാര്യ സീമയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം സമ്മതപത്രം തേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Nileshwaram, Kerala, News, Police, investigation, Hospital, Railway station, Crime branch Ending Sony Bhattathiripad case.
< !- START disable copy paste -->