city-gold-ad-for-blogger
Aster MIMS 10/10/2023

അതായിരുന്നു ബി സി ബാബു; മാധ്യമധിഷണയുടെ ആള്‍രൂപം

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 02.01.2018) മാധ്യമപ്രവര്‍ത്തകനായിരുന്ന ബി സി ബാബു വിടപറഞ്ഞിട്ട് ഒരുവര്‍ഷമാകുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. മാധ്യമരംഗത്തെ വേറിട്ട വ്യക്തിത്വത്തിനുടമയായിരുന്നു ബാബുവേട്ടന്‍. ധിക്കാരിയെന്നോ ധിഷണാശാലിയെന്നോ വിശേഷിപ്പിക്കാവുന്ന പ്രകൃതം. ആരെയും അനുസരിക്കാത്ത തന്നിഷ്ടക്കാരനെന്ന് വിലയിരുത്തുമ്പോള്‍ തന്നെ അടുത്തറിയാവുന്നവര്‍ക്ക് സഹോദരതുല്യമായ സ്നേഹസാമീപ്യം കൂടിയായിരുന്നു ബാബുവേട്ടന്‍.

അദ്ദേഹത്തോടൊപ്പം കുറെക്കാലം ജോലി ചെയ്ത ആള്‍ എന്ന നിലയില്‍ ബി സി ബാബു എന്ന വ്യക്തി ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും ഒരുപരിധിവരെ മനസിലാക്കാന്‍ സാധിച്ചിട്ടിട്ടും ആര്‍ക്കും പിടികൊടുക്കാത്ത ചിലതുകൂടി അദ്ദേഹത്തിന്റെ സവിശേഷതയാണെന്ന് പറയേണ്ടിവരും. പൂര്‍ണമായ അര്‍ഥത്തില്‍ ബി സി ബാബു ആരായിരുന്നുവെന്ന ചോദ്യം ആശയക്കുഴപ്പത്തിന് ഇടനല്‍കുന്നതുമാണ്.

അതായിരുന്നു ബി സി ബാബു; മാധ്യമധിഷണയുടെ ആള്‍രൂപം

ആദ്യകാലത്തെ ലേറ്റസ്റ്റ് പത്ര അച്ചുക്കൂടത്തില്‍ കംപോസ്റ്ററായി ഈ ലേഖകന്‍ ജോലി ചെയ്തിരുന്ന കാലയളവിലാണ് അന്ന് പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടറായ ബി സി ബാബുവിനെ അടുത്തറിയാന്‍ കഴിഞ്ഞത്. റിപ്പോര്‍ട്ടര്‍മാരെന്നോ കമ്പോസിറ്റര്‍മാരെന്നോ പ്രിന്റര്‍മാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന ബാബുവേട്ടന്റെ ഇടപെടലുകള്‍ മനസില്‍ ഇന്നും മായാതെ നിറഞ്ഞുനില്‍ക്കുന്നു. വാര്‍ത്തകള്‍ കംപോസ് ചെയ്യുന്നതിലും അച്ചടിക്കുന്നതിലും ഉണ്ടാകുന്ന അപാകതകളുടെ പേരില്‍ കണക്കിന് ശകാരിക്കാന്‍ മടികാണിച്ചിട്ടില്ലാത്ത ബാബുവേട്ടന്‍ ജോലിതിരക്ക് കഴിഞ്ഞാല്‍ കുശലാന്വേഷണം നടത്തി സൗഹൃദത്തിലാവുകയും ചെയ്യും.

തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്തിരുന്നുവെങ്കിലും അതൊക്കെ ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയുള്ളതായിരിക്കണമെന്ന സദുദ്ദേശത്തോട് കൂടിയായിരുന്നു. ജോലിയോടുള്ള സത്യസന്ധതയും അര്‍പ്പണബോധവും ബിസിയുടെ പ്രത്യേകതകളായിരുന്നു. അക്കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത നിലപാടായിരുന്നു ബി സിയുടേത്. കംപോസിംഗ് ജോലിക്കിടെ എന്തെങ്കിലും എഴുതാനുള്ള പ്രോത്സാഹനവും ബാബുവേട്ടന്‍ നല്‍കിയിരുന്നു. ഇതൊരു നന്‍മയുള്ള മനസിന്റെ ലക്ഷണമായി തന്നെ കാണണം. ബാബുവേട്ടന്റെ വടിവൊത്ത കയ്യക്ഷരങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ അച്ചുക്കൂടത്തില്‍ പ്രത്യേക പ്രകാശം പരത്തുന്നവയായിരുന്നു. ബി സി ബാബു എഴുതിയ വാര്‍ത്തകള്‍ ടൈപ്പ് ചെയ്യാന്‍ ലഭിക്കണമെന്ന് കംപോസിറ്റര്‍മാരായ ജീവനക്കാരെല്ലാം ആഗ്രഹിക്കുമായിരുന്നു. അത്രമാത്രം മിഴിവും തിളക്കവും ആ അക്ഷരങ്ങള്‍ക്കുണ്ടായിരുന്നു. ചെറിയ രീതിയിലുള്ള വെട്ടിത്തിരുത്തലുകള്‍ നടത്തിയാണ് വാര്‍ത്തകള്‍ കംപോസിംഗിന് നല്‍കാറുണ്ടായിരുന്നതെങ്കിലും ആ തിരുത്തലുകള്‍ക്കുതന്നെ വൃത്തിയും വെടിപ്പും ഉണ്ടാകുമായിരുന്നു.

പരിചയപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഇത്രയും ഭംഗിയോടെയുള്ള ഉരുണ്ട അക്ഷരത്തിലുള്ള എഴുത്ത് മറ്റാരിലും കണ്ടിട്ടില്ല. പിന്നീട് ഈ ലേഖകനും ബി സി ബാബുവും അടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പല വഴികളിലേക്കും പോയതോടെ ഏറെ നാള്‍ അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പിന്നീട് മലബാര്‍വാര്‍ത്തയില്‍ നാലുവര്‍ഷക്കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെ ബി സി ബാബുവിനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു.പ്രവര്‍ത്തിക്കുന്നത് ഏത് പത്രത്തിലായാലും ഓഫീസില്‍ ചടഞ്ഞുകൂടിയിരുന്ന് വാര്‍ത്ത ശേഖരിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നു ബി സി ബാബു. നാട്ടില്‍ നടക്കുന്ന പ്രധാനസംഭവവികാസങ്ങളുടെ വിശദാംശങ്ങള്‍ ഫോണിലൂടെ ശേഖരിക്കുകയെന്ന എളുപ്പമാര്‍ഗം അവലംബിക്കാതെ ഉറവിടം തേടി ഇറങ്ങുകയും എല്ലാവിവരങ്ങളും വള്ളിപുള്ളി വിടാതെ ശേഖരിച്ച് അത് വാര്‍ത്തയാക്കി നല്‍കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഊര്‍ജസ്വലത നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതിനിടെ അസുഖങ്ങള്‍ വല്ലാതെ അലട്ടുകയും ഇടയ്ക്കിടെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തുവെങ്കിലും അതിന്റെ അവശതകളെ വകവെക്കാതെ വാര്‍ത്തയുടെ പിറകെ ഓടി നടന്ന ആ മെലിഞ്ഞ മനുഷ്യന്റെ ആര്‍ജവം പുതുതലമുറകള്‍ക്കാകെ മാതൃകയാണെന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. വാര്‍ത്താപ്രാധാന്യമുള്ള ഒരുവിവരം ലഭിച്ചാല്‍ അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന അന്വേഷണം നടത്തിയ ശേഷമേ ബാബുവേട്ടന്‍ അത് പ്രസിദ്ധീകരണത്തിനായി നല്‍കാറുണ്ടായിരുന്നുള്ളൂ. വാര്‍ത്തക്കുവേണ്ടി എന്തെങ്കിലും പടച്ചുണ്ടാക്കുന്ന രീതിയോട് ഒരിക്കലും ബി സി സന്ധി ചെയ്തില്ല. പ്രത്യക്ഷത്തില്‍ ഒരു പരുക്കന്‍ മട്ടുകാരനാണെന്ന് തോന്നുമെങ്കിലും കൊച്ചുകുട്ടികളെ പോലെ ചില പിടിവാശികള്‍ ബിസിക്കുണ്ടായിരുന്നു. അത് സ്നേഹം കൊണ്ടാണെന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയുകയും ചെയ്യും.

സ്വന്തം മക്കള്‍ക്ക് സ്നേഹനിധിയായ അഛന്‍ കൂടിയായിരുന്നു ബാബുവേട്ടന്‍. മക്കളുടെ പഠനകാര്യങ്ങളിലും കലാപരമായ കാര്യങ്ങളിലുമൊക്കെ തന്നെ അങ്ങേയറ്റം കരുതലാണ് അദ്ദേഹത്തിനുണ്ടായിരുന്നത. മരണത്തിന് രണ്ടുമാസം മുമ്പ് ബാബുവേട്ടനെ കണ്ടപ്പോള്‍ പറഞ്ഞ വാചകം ഹൃദയത്തില്‍ തറഞ്ഞുതന്നെ നില്‍ക്കുന്നു2017ല്‍ ഞാന്‍ ഈ ലോകത്തുണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു ആ വാചകം. തന്റെ അന്ത്യനിമിഷങ്ങള്‍ അടുത്തുവെന്ന ഉള്‍വിളി അദ്ദേഹത്തിനുണ്ടായിരുന്നതുപോലെ. അതുതന്നെ സംഭവിക്കുകയും ചെയ്തു. ബാബുവേട്ടന്റെ ഫോണ്‍നമ്പര്‍ സേവ് ചെയ്ത നിലയില്‍ ഇപ്പോഴും ഫോണിലുണ്ട്. മാറ്റാന്‍ തോന്നുന്നില്ല. അദ്ദേഹം ഇന്നും നമ്മുടെ ഒപ്പമുണ്ടെന്ന ഒരു തോന്നലിനുവേണ്ടി മാത്രം. എപ്പോഴെങ്കിലും ഒന്നുഫോണില്‍ വിളിച്ച് വെറുതെ ശകാരിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോവുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Commemoration, Writer, Hospital, Treatment, B.C Babu Commemorance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL