Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌പോണ്‍സറുടെ പരാതിയില്‍ 9 മാസം ജയിലില്‍ കഴിയേണ്ടി വന്ന ഇന്ത്യന്‍ യുവതി രക്ഷപ്പെട്ടു നാടണഞ്ഞു

സ്‌പോണ്‍സര്‍ നല്‍കിയ കള്ളപരാതി മൂലം ഒന്‍പതു മാസക്കാലം ജയിലില്‍ കഴിയേണ്ടി വന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും Dammam, Gulf, Top-Headlines, News, Job, Cheating, Complaint, Court, Thanveer Fathima finally returns home land.
ദമ്മാം: (www.kasargodvartha.com 14.11.2017) സ്‌പോണ്‍സര്‍ നല്‍കിയ കള്ളപരാതി മൂലം ഒന്‍പതു മാസക്കാലം ജയിലില്‍ കഴിയേണ്ടി വന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവില്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ തന്‍വീര്‍ ഫാത്വിമയാണ് ഏറെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാട്ടിലേയ്ക്ക് മടങ്ങിയത്.


ഒന്നരവര്‍ഷം മുന്‍പാണ് തന്‍വീര്‍ ഫാത്വിമ സൗദിയില്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച തന്‍വീര്‍ ഫാത്വിമ രണ്ടു കുട്ടികളും, വയസ്സായ മാതാപിതാക്കളും അടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാമെന്ന പ്രതീക്ഷയോടെയാണ് പ്രവാസജോലി സ്വീകരിച്ച് ഇവിടെയെത്തിയത്. എന്നാല്‍ പ്രതീക്ഷകളെ തകര്‍ക്കുന്ന ജോലിസാഹചര്യങ്ങളാണ് അവര്‍ക്കു നേരിടേണ്ടി വന്നത്. രാപകല്‍ ജോലിയും, മതിയായ ആഹാരമോ വിശ്രമമോ ഇല്ലാത്ത അവസ്ഥയും, ശമ്പളമോ ആനുകൂല്യങ്ങളോ സമയത്ത് കിട്ടാത്തതും, പരാതി പറഞ്ഞപ്പോള്‍ ഉണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും ഒക്കെച്ചേര്‍ത്ത് അവിടത്തെ ജീവിതം ദുരിതമയമായി.

അഞ്ചു മാസത്തോളം അവിടെ ജോലി ചെയ്‌തെങ്കിലും, ഒടുവില്‍ സഹികെട്ടപ്പോള്‍ ആരും കാണാതെ വീട് വിട്ടിറങ്ങി, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ സ്‌പോണ്‍സര്‍, തന്‍വീര്‍ ഫാത്വിമ തന്റെ വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത് എന്ന കള്ളപരാതി നല്‍കിയതിനെത്തുടര്‍ന്ന്, പോലീസ് അവരെ ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ കൊണ്ടാക്കി. കേസിന്റെ വിചാരണയും നടപടികളും തീരുന്നതു വരെ അവര്‍ക്ക് ആ ജയിലില്‍ കഴിയേണ്ടി വന്നു.

നാട്ടിലെ വീട്ടുകാര്‍ വിദേശകാര്യമന്ത്രാലയത്തിനും, മറ്റു അധികാരികള്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൗദിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ പരാതി എത്തിയപ്പോള്‍, അവര്‍ എംബസ്സി വോളന്റീര്‍ കൂടിയായ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ഈ കേസില്‍ ഇടപെട്ട് പരിഹാരം കാണാന്‍ അനുമതിപത്രം നല്‍കി ചുമതലപ്പെടുത്തി.

മഞ്ജുവും ഭര്‍ത്താവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനുമായ പദ്മനാഭന്‍ മണിക്കുട്ടനും കൂടി പല പ്രാവശ്യം ഫൈസലിയ ജയിലില്‍ എത്തി തന്‍വീര്‍ ഫാത്വിമയെക്കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി എംബസ്സിയില്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് മഞ്ജുവും മണിക്കുട്ടനും ഫാത്വിമയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയപ്പോള്‍, കേസുമായി മുന്നോട്ടു പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നയാള്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ നഷ്ടമാക്കിയതിനാല്‍, മഞ്ജു അറിയിച്ചത് അനുസരിച്ച് എംബസ്സി ഉദ്യോഗസ്ഥരായ മീനയും, യൂസഫും ഫൈസലിയ ജയിലില്‍ നേരിട്ടെത്തി ഫാത്വിമയില്‍ നിന്നും അപേക്ഷ സ്വീകരിച്ച്, ഔട്പാസ് നല്‍കി. ഇതിനിടെ കേസ് വിളിച്ചപ്പോള്‍ സ്‌പോണ്‍സര്‍ ഹാജരാകാത്ത കാര്യം മഞ്ജുവും മണിക്കുട്ടനും ചൂണ്ടിക്കാട്ടിയപ്പോള്‍, ജഡ്ജ് കേസ് അവസാനിപ്പിച്ച് തന്‍വീര്‍ ഫാത്വിമയെ വെറുതെ വിടാന്‍ ഉത്തരവിട്ടു. നവയുഗത്തിന്റെ ശ്രമഫലമായി ഹൈദരാബാദ് സ്വദേശിയായ ഒരു പ്രവാസി തന്‍വീര്‍ ഫാത്വിമയ്ക്ക് വിമാനടിക്കറ്റ് നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞു തന്‍വീര്‍ ഫാത്വിമ നാട്ടിലേയ്ക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dammam, Gulf, Top-Headlines, News, Job, Cheating, Complaint, Court, Thanveer Fathima finally returns home land.