Monday, October 23, 2017

പഞ്ചായത്ത് അധികാരികളെ ഇത് കാണൂ... തകര്‍ന്നു വീഴാറായ ഈ പഴയ വീട്ടിലും ഒരു കുടുംബമുണ്ട്

ഹരിപുരം: (www.kasargodvartha.com 23.10.2017) അടച്ചുറപ്പില്ലാത്തതും ഏത് സമയത്തും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുമുള്ള പഴകിയ വീട്ടില്‍ ഭീതിയോടെ ഒരു കുടുംബം. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കാരിക്കൊച്ചിക്കടുത്ത് അക്കരമ്മല്‍ കുട്ടിയന്റെ വീടാണ് ഏത് സമയത്തും തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലുള്ളത്. ഓടു മേഞ്ഞ ഈ വീടിന്റെ കഴുക്കോലുകളെല്ലാം ദ്രവിച്ചിരിക്കുകയാണ്. കുട്ടിയനും ഭാര്യ സുമതിയും മകന്‍ ഷാജിയും കഴിയുന്ന വീട്ടില്‍ മഴക്കാലത്ത് താമസിക്കുക എന്നതാണ് ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരിതമാകുന്നത്.

ഒരു കാറ്റടിച്ചാല്‍ തന്നെയും കുടുംബം ഭീതിയിലാകുന്നു. പുതിയ വീട് നിര്‍മാണത്തിനായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുല്ലൂര്‍ പെരിയ പഞ്ചായത്ത അധികാരികള്‍ ഇവര്‍ക്ക് 75,000 രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് വീട് നിര്‍മാണം ആരംഭിച്ചെങ്കിലും പണം തികയാത്തതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്.

കുട്ടിയന്‍ കൂലി വേല ചെയ്താണ് മുമ്പ് കുടുംബം പുലര്‍ത്തിയിരുന്നത്. 65 കാരനായ കുട്ടിയന് ഇപ്പോള്‍ കൂലി വേലയൊന്നും ചെയ്യാന്‍ കഴിയുന്നില്ല. പല തരത്തിലുള്ള അസുഖങ്ങളും കുട്ടിയനെ അലട്ടിക്കൊണ്ടിരിക്കുന്നു. സുമതി കൂലി വേല ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ വീട്ടില്‍ ഇപ്പോള്‍ അടുപ്പുപുകയുന്നത്. രണ്ട് ദിവസം പണി കിട്ടിയാല്‍ പിന്നെ ദിവസങ്ങളോളം ജോലിയില്ലാത്ത സാഹചര്യമാണുള്ളതെന്ന് സുമതി പറയുന്നു. അതുകൊണ്ടു തന്നെ സ്ഥിരവരുമാനമില്ലാത്ത ഈ കുടുംബത്തിന് വീടു പണി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല.

Kasaragod, Kerala, news, Pullur, House, Panchayath, House in bad condition; Family in trouble


രാഷ്ട്രീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഏക മകന്‍ ഷാജി ജയിലിലായത് കുട്ടിയനെയും സുമതിയെയും മാനസികമായി തളര്‍ത്തിയിട്ടുണ്ട്. വല്ലപ്പോഴും ലഭിക്കുന്ന പരോളില്‍ ഷാജി വീട്ടില്‍ വന്നു പോകാറുണ്ട്. ജയില്‍വാസത്തിന്റെ കാലാവധി തീരാത്തതിനാല്‍ മകന്റെ സംരക്ഷണം അടുത്തകാലത്തൊന്നും തങ്ങള്‍ക്ക് ലഭിക്കില്ലെന്ന ആശങ്ക ഈ ദമ്പതികള്‍ക്കുണ്ട്. മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്വാസം. പഞ്ചായത്ത് മുമ്പ് കുറച്ചു തുക അനുവദിച്ചതിനാല്‍ വീടു നിര്‍മാണത്തിന്റെ പേരില്‍ പുതുതായി അപേക്ഷ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ഏതു സമയത്തും അപകടം സംഭവിക്കാവുന്ന വീട്ടില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ നിര്‍വ്വാഹമില്ലാത്ത തങ്ങളുടെ നിസ്സഹായാവസ്ഥ പരിഗണിച്ച് പഞ്ചായത്ത് അധികൃതരും മറ്റു ബന്ധപ്പെട്ട അധികാരികളും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Pullur, House, Panchayath, House in bad condition; Family in trouble