Join Whatsapp Group. Join now!
Aster MIMS 10/10/2023

ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ കളക്ടര്‍, ഈ വിധവയ്ക്ക് ഒരു ചെരുപ്പുവാങ്ങി കൊടുക്കണം

ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ കളക്ടര്‍, പാടി ബാലടുക്കത്തെ സി കെ അബ്ദുല്ല ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന Kasaragod, District Collector, Collectorate, Application, Complaint, Village Office, Widow, Taluk office, Kooli work.
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 18.04.2017)
ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ കളക്ടര്‍, പാടി ബാലടുക്കത്തെ സി കെ അബ്ദുല്ല ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന നാരായണി(60) എന്ന വിധവയ്ക്ക് ഇനിയെങ്കിലും ഒരു ചെരുപ്പുവാങ്ങി കൊടുക്കണം. താങ്കള്‍ അധികാര സ്ഥാനത്തിരിക്കുന്ന ജില്ലാ ഭരണകൂടം സ്ഥിതി ചെയ്യുന്ന കാസര്‍കോട് കളക്ടറേറ്റിലേക്കും കാസര്‍കോട് ടൗണിലെ താലൂക്ക് ഓഫീസിലേക്കും നെക്രാജെ വില്ലേജ് ഓഫീസിലേക്കും വര്‍ഷങ്ങളായി നടന്നുനടന്ന് ഈ വിധവയുടെ ചെരുപ്പ് തേഞ്ഞുപോകാറായി. ഒന്നുകില്‍ ഇവര്‍ക്ക് ഒരു പുതിയ ചെരുപ്പ് വാങ്ങികൊടുക്കണം, ഇല്ലെങ്കില്‍ ഇവര്‍ക്ക് പതിച്ചുകൊടുക്കാമെന്ന് പറഞ്ഞ നെക്രാജെ വില്ലേജിലെ നാരമ്പാടിയില്‍ കണ്ടെത്തിയ ഏഴുസെന്റു സ്ഥലം നല്‍കണം.

2008 മുതല്‍ തുടങ്ങിയതാണ് ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയുള്ള നാരായണിയുടെ അലച്ചില്‍. കുറ്റിക്കോല്‍ സ്വദേശിയായ ശശിധരന്റെ ഭാര്യയാണ് നാരായണി. ഇവര്‍ക്ക് ഒരു പെണ്ണും രണ്ട് ആണ്‍മക്കളുമാണുള്ളത്. എല്ലാവരും വിവാഹം കഴിഞ്ഞു വാടകയ്ക്ക് താമസിക്കുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം 20 വര്‍ഷമായി ബാലടുക്കത്താണ് നാരായണി വാടകയ്ക്ക് താമസിച്ച് കൂലിപ്പണിയെടുത്ത് കഴിയുന്നത്. തനിച്ച് താമസിക്കുന്ന നാരായണി ഒരു തുണ്ടു ഭൂമിക്കായി 2008ലാണ് പാടി വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കുന്നത്.

Kasaragod, District Collector, Collectorate, Application, Complaint, Village Office, Widow, Taluk office, Kooli work.

ഇതിന്റെ അടിസ്ഥാനത്തില്‍ 2010ല്‍ ഇവര്‍ക്ക് നെക്രാജെ വില്ലേജില്‍ 608/19 എന്ന സര്‍വ്വേ നമ്പറില്‍പ്പെട്ട നാരമ്പാടിയില്‍ ഏഴു സെന്റ് സ്ഥലം പതിച്ചു കൊടുക്കാനായി കണ്ടെത്തുകയായിരുന്നു. എല്‍ എ/ 160/10 എന്ന ഫയല്‍ നമ്പറില്‍ താലൂക്ക് ഓഫീസിലേക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ പരിഗണയ്ക്കായി അയച്ചിരുന്നു. പിന്നീട് ഏഴ്
വര്‍ഷത്തോളമായി ഇവരുടെ അപേക്ഷയില്‍ ഒരു തീരുമാനവും ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, സുതാര്യ കേരളം, കാസര്‍കോട് ജില്ലാ കളക്ടര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, മുഖ്യമന്ത്രിയുടേയും കളക്ടറുടേയും ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയവയിലെല്ലാം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.

വില്ലേജ് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ന്യൂനത പരിഹരിക്കുന്നതിനായി ഇതു സംബന്ധിച്ച ഫയല്‍ 2013ല്‍ വീണ്ടും വില്ലേജിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷം ഈ ഫയല്‍ വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസിലേക്ക് നീങ്ങിയിട്ടില്ല. എല്‍ എ 304/10 എന്ന നമ്പറില്‍ പുതിയ ഫയല്‍ വില്ലേജ് ഓഫീസില്‍ തയ്യാറായിട്ടുണ്ടെന്നാണ് അധികൃതര്‍ നാരായണിയെ അറിയിച്ചത്.


അടുത്തമാസം കാസര്‍കോട്ട് പട്ടയമേള നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനു മുമ്പെങ്കിലും തനിക്ക് ഭൂമി അനുവദിച്ച് കിട്ടുമോയെന്നാണ് നാരായണി ചോദിക്കുന്നത്. തന്റെ ഫോട്ടോ ഒട്ടിച്ച ഫയല്‍ കഴിഞ്ഞ ദിവസം പോലും വില്ലേജ് ഒഫീസില്‍ കണ്ടതായി നാരായണി വിതുമ്പി കൊണ്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഓരോ തവണയും ഓഫീസുകളിലേക്ക് പോകാന്‍ നാരായണിക്ക് വലിയ തുക തന്നെ വേണ്ടിവരുന്നു. കൂലിപ്പണിയെടുത്ത് നിത്യജീവിതത്തിന് തന്നെ ബുദ്ധിമുട്ടുന്ന തനിക്ക് അപേക്ഷയുടെ കാര്യം അന്വേഷിക്കാന്‍ പോകുമ്പോള്‍ വലിയ ചിലവാണ് ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു.

വന്‍കിട കയ്യേറ്റക്കാര്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ സ്ഥലം കയ്യേറിവെച്ചിരിക്കുമ്പോഴാണ് ഭൂമിയില്ലാത്ത ഈ വിധവയ്ക്ക് ഒരു തുണ്ട് ഭൂമി നിയമപ്രകാരം നല്‍കാന്‍ ഏഴ്
 വര്‍ഷത്തോളമായിട്ടും ജില്ലാഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. താലൂക്ക് ഓഫീസിലേക്ക് പരാതിയുമായി പോകുമ്പോഴെല്ലാം ഇനി ഇങ്ങോട്ടേക്ക് വരേണ്ടെന്നും വില്ലേജ് ഓഫീസില്‍ മാത്രം പോയാല്‍ മതിയെന്നുമാണ് അറിയിച്ചതെന്ന് നാരായണി പറയുന്നു.

വില്ലേജ് ഓഫീസില്‍ ചെന്നാല്‍ സ്ഥലത്ത് കാടുവെട്ടിതെളിക്കുന്നുവെന്ന സ്ഥിരം മറുപടിയാണ് കിട്ടുന്നതെന്നും അവര്‍ പറയുന്നു. ഇനിയെങ്കിലും ഈ വിധവയുടെ കണ്ണീരിന് അറുതിയുണ്ടാക്കുമോയെന്ന് കളക്ടര്‍ തന്നെ വ്യക്തമാക്കണം. കളക്ടറില്‍ നിന്നും ഇനിയും നീതി കിട്ടിയില്ലെങ്കില്‍ നാട്ടുകാരനായ റവന്യു മന്ത്രിയെ കണ്ട് പരാതി അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് നാരായണി. പലതവണ റവന്യു മന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും സമയം ഒത്തുവരാത്തതിനാല്‍ നടന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, District Collector, Collectorate, Application, Complaint, Village Office, Widow, Taluk office, Kooli work, Honorable Collector, Kindly resolve this widow's land issue.