city-gold-ad-for-blogger
Aster MIMS 10/10/2023

ഒടുവില്‍ ഹലീമയ്ക്ക് തന്റെ പ്രീയതമന്‍ അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചുകിട്ടി

നീലേശ്വരം: (www.kasargodvartha.com 15.03.2017) കുറ്റബോധം നിറഞ്ഞ മനസ്സുമായി ഹലീമയുടെ കരം പിടിക്കുമ്പോള്‍ അമീറിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ഭര്‍ത്താവിനെ തീവണ്ടി അപകടത്തില്‍പ്പെട്ട് സാരമായ പരിക്കുകളോടെയാണെങ്കിലും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഹലീമ. ഒരു സിനിമ കഥ പോലെ ഉദ്വേഗഭരിതമാണ് അമീറിന്റെയും ഹലീമയുടേയും ജീവിതം.

നീലേശ്വരം സ്വദേശിനിയും കാഞ്ഞങ്ങാട്ടെ ലാബ്‌ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയുമായ യുവതി രണ്ട് വര്‍ഷം മുമ്പാണ് ബംഗാളിലെ കൊല്‍ക്കത്തക്കടുത്ത് ഹത്തിയാര ഗേറ്റിലെ അമീറുല്‍ ഇസ്‌ലാമുമായി പ്രണയത്തിലായത്. പിന്നീട് മതം മാറി ഹലീമ എന്ന പേര് സ്വീകരിക്കുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവുകയുമായിരുന്നു. സന്തുഷ്ടമായ ജീവിതത്തിനിടെ നവംബര്‍ 16 മുതലാണ് അമീറുല്‍ ഇസ്‌ലാമിനെ കാണാതായത്. അമീറിനെ കാണാതാകുമ്പോള്‍ ഹലീമ ഏഴുമാസം ഗര്‍ഭിണിയായിരുന്നു.

ഒടുവില്‍ ഹലീമയ്ക്ക് തന്റെ പ്രീയതമന്‍ അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചുകിട്ടി

വിവാഹസമയത്ത് ഉണ്ടായിരുന്ന ഭാര്യയുടെ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ഇതിനിടയില്‍ ചികിത്സയ്ക്കും മറ്റുമായി വിറ്റുതുലച്ചിരുന്നു. ഡിസംബര്‍ ആറു മുതല്‍ അമീറിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫായി. പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതതിനാല്‍ സാമൂഹ്യപ്രവര്‍ത്തകയായ കോട്ടയത്തെ ഫിജോ ഹാരിഷ് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് അമീറുല്‍ ഇസ്‌ലാമിനെ കണ്ടെത്താനായത്.

വിവാഹ ശേഷം ഗര്‍ഭിണിയായ ഹലീമയെ അമീര്‍ വളരെ കരുതലോടെ പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അമീറിന്റെ തിരോധാനം. പോലീസില്‍ പരാതി നല്‍കി നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നീലേശ്വരത്തെത്തിയ ഫിജോഹാരിഷ് മുന്‍ ഗവണ്‍മെന്റ് പ്ലീഡറും പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. പിന്നീട് ഫേസ്ബുക്കിലൂടെ അമീറിന്റെ ഫോട്ടോവെച്ചുളള പോസ്റ്റിടുകയും ഫിജോയുടെ സുഹൃത്ത് ഷിനുമെല്‍വിന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ സന്നദ്ധപ്രവര്‍ത്തകനും മലയാളിയുമായ മന്‍സൂര്‍ ഫിജോയുമായി ബന്ധപ്പെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ അമീറിനെ കുറിച്ചുളള വിവരങ്ങള്‍ കൊല്‍ക്കത്ത മലയാളികള്‍ക്കിടയില്‍ വ്യാപക പ്രചാരം ലഭിച്ചു. മലയാളിയും പശ്ചിമബംഗാള്‍ അഡീഷണല്‍ ഗവണ്‍മെന്റ്് സെക്രട്ടറിയുമായ പി ബി സലീം കൊല്‍ക്കത്ത കൈരളി സമാജം കേരളാ മുസ്‌ലീം ജമാഅത്ത് അസോസിയേഷന്‍ എന്നിവരും അമീറിനെ കണ്ടെത്താന്‍ സഹായവാഗ്ദാനവുമായി രംഗത്തുവന്നു.

മന്‍സൂര്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് കാസര്‍കോട് നിന്നും കൊല്‍ക്കത്തയിലേക്കുളള യാത്രയ്ക്കിടയില്‍ അമീര്‍ തീവണ്ടി അപകടത്തില്‍ പെടുകയും ഗുരുതരമായ പരിക്കുകളോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അറിയാന്‍ സാധിച്ചത്. പിന്നീട് അമീറിന്റെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെട്ടെങ്കിലും അമീറിനെ കാണാന്‍ അനുവദിച്ചില്ല. നിരന്തരം ബന്ധപ്പെട്ടപ്പോള്‍ അവര്‍ വധഭീഷണിയും മുഴക്കി. അമീറിനെ കാണാന്‍ വന്നാല്‍ ജീവനോടെ തിരിച്ചുപോകില്ലെന്നായിരുന്നു ബന്ധുക്കളുടെ വെല്ലുവിളി. ഒടുവില്‍ ഫിജോ കൊല്‍ക്കത്തയിലെ മന്‍സൂറുമായി വീണ്ടും ബന്ധപ്പെടുകയും അമീറിനെ കാണാനുളള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫിജോ ഹാരിഷും ഇന്ദുജ പ്രകാശും ഹലീമയുമായി കൊല്‍ക്കത്തയിലേക്ക് തിരിച്ചു. ഇവര്‍ ഒറീസ കഴിയുമ്പോഴേക്കും ഹലീമയുടെ മൊബൈല്‍ ഫോണിലേക്ക് അമീറിന്റെ വിളിയെത്തി. 'നിന്നെ വേദനിപ്പിച്ചതിന് എനിക്ക് ശിക്ഷ കിട്ടി. ഇനി ഒരിക്കലും തെറ്റാവര്‍ത്തിക്കില്ലെന്നും' ഇടറിയ വാക്കുകളാല്‍ അമീര്‍ കുറ്റസമ്മതം നടത്തി. നിന്നെയും കാത്ത് ഞാന്‍ സാന്ദ്രഗെച്ചി റെയില്‍വേസ്റ്റേഷനില്‍ ഉണ്ടാകുമെന്നും അമീര്‍ പറഞ്ഞു. തീവണ്ടി റയില്‍വെ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും അമീര്‍ അവിടെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.

അവിടെനിന്നും മലയാളി സമാജം സെക്രട്ടറി ഗോപാലന്‍, കേരള മുസ്‌ലിം ജമാഅത്ത് അസോസിയേഷന്‍ പ്രസിഡണ്ട് ഷമീംഭായ്, ഭാര്യ തസ്‌നിം, കൈരളി സമാജം പ്രവര്‍ത്തകരായ സി രാമകൃഷ്ണന്‍, രാജു, മന്‍സൂര്‍ എന്നിവര്‍ക്കൊപ്പം അമീറിന്റെ അമ്മയുടെ വീട്ടിലെത്തിയപ്പോള്‍ ഇവരുടെ ആശങ്കകള്‍ അസ്ഥാനത്താക്കി ഹൃദ്യമായ സ്വീകരണമായിരുന്നു ലഭിച്ചത്. ഹലീമയുടേയും അമീറിന്റെയും കഥയറിഞ്ഞപ്പോള്‍ അമീറിന്റെ ഉമ്മ ഹലീമയെ സ്‌നേഹത്തോടെ മാറോട് ചേര്‍ത്തുപിടിക്കുകയും ഗര്‍ഭിണിയായ ഹലീമയുടെ ഏഴാംമാസച്ചടങ്ങ് ചുരുങ്ങിയ സമയത്തിനുളളില്‍ നടത്തുകയും ചെയ്ത ശേഷമാണ് അമീറിനെ ഇവര്‍ക്കൊപ്പം ആ കുടുംബം കേരളത്തിലേക്ക് യാത്രയാക്കിയത്.

തീവണ്ടി അപകടത്തില്‍ അമീറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനകം രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ ചിലവായി. മൂന്ന് വര്‍ഷത്തോളം മുടങ്ങാതെ മരുന്നും കഴിക്കണം. ക്രിമിനല്‍ സ്വഭാവമുളള ജനങ്ങള്‍ വസിക്കുന്ന അമീറിന്റെ ഹത്തിയാര ഗ്രാമം പുറമെനിന്നുള്ള ആളുകള്‍ പോകാന്‍ മടിക്കുന്ന ഇടമാണ്. അതിലേറെ വിചിത്രം വീടുവിട്ട് അന്യനാട്ടില്‍ ഹോട്ടല്‍ ജോലിയെടുക്കുന്ന അമീറിന്റെ കുടുംബ ആസ്തി പതിനഞ്ച് കോടിയിലേറെയാണ് എന്നതാണ്. ഇപ്പോള്‍ തെറ്റുകളില്‍ പശ്ചാത്തപിച്ച് ഭാര്യക്കും കുഞ്ഞിനുമൊപ്പം കഴിയാന്‍ സകല സമ്പാദ്യങ്ങളും വേണ്ടെന്നുവെച്ചാണ് അമീര്‍ കേരളത്തിലേക്ക് തിരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, news, wife, husband, Missing, marriage, Accident, Aleema, Ameerul Islam, Wife gets lost Husband back

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL