city-gold-ad-for-blogger
Aster MIMS 10/10/2023

തെരുവുകച്ചവടക്കാര്‍ വഴിയാധാരമാവുന്നു

പ്രതിഭാരാജന്‍

(www.kasargodvartha.com 17.02.2017)
കൈലാസ് തീയേറ്ററിനു സമീപത്തുള്ള മരച്ചുവട്ടില്‍ ചായക്കച്ചവടം നടത്തിയിരുന്ന മധ്യവയസ്‌ക്കന് മാനസിക രോഗികള്‍ ഒരു ദൗര്‍ബല്യമാണ്. പണം കൊടുത്തു വാങ്ങിയ പലഹാരവും ചായയും വെറുതെ കൊടുക്കും. അവരെ നോക്കാന്‍ വൈറയാരാണുള്ളതെന്ന് സ്വയം പുലമ്പും. അദ്ദേഹം ഇപ്പോള്‍ അവിടെയില്ല. കലശലായ രോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ വേദന തിന്നു മരിച്ചു.

പ്രായമേറിയ, വീട്ടില്‍ വിശ്രമിക്കേണ്ട സമയത്ത് അയാളുടെ ഭാര്യയെ കാണാം ഇപ്പോള്‍ ഈ തട്ടുകടക്കു മുമ്പില്‍. രാവിലെ വരുന്നു, രാത്രി ഏറെ വൈകി തിരിച്ചു പോകുന്നു. കാഞ്ഞങ്ങാട് തട്ടുകടസംസ്‌കാരത്തിനു തുടക്കം കുറിച്ചവരില്‍ ഏറെ പ്രധാനിയാണ് തായത്ത് വീട്ടില്‍ തമ്പാന്‍. കാലത്ത് എഴുന്നേറ്റ് ജോലിക്കു പോകാനിരിക്കെ തലകറങ്ങി വീണു. പിന്നെ എഴുന്നേറ്റില്ല. ഭാര്യയും പറക്കമുറ്റാത്ത കൈകുഞ്ഞുങ്ങളേയും പോറ്റാന്‍ യുവതിയായ ഭാര്യ ചായപ്പാട്ടയെടുത്തു. ഇപ്പോഴും ആ കുടുംബം അങ്ങനെ കഴിയുന്നു.

തെരുവുകച്ചവടക്കാര്‍ വഴിയാധാരമാവുന്നു


പുറ്റിങ്ങല്‍ അപകടത്തില്‍ മരിച്ചു വീണ ഒരു തെരുവോരക്കാരന്റെ മകള്‍ അച്ഛന്‍ വന്നാല്‍ ബാഗു വാങ്ങിത്തരാമെന്ന് മക്കളോട് വാഗ്ദാനം ചെയ്ത് ഒടുവില്‍ മൃതശരീരം വീട്ടിലെത്തിയ കഥ നാം വായിച്ചതാണ്. കഥ ഇവിടം മാത്രം തീരുന്നതല്ല. ഓരോ തെരുവു കച്ചവടക്കാരനും ദാരിദ്രത്തിന്റെ പര്യായങ്ങളാണ്. മരിച്ചാല്‍ പോലും ഒരു ആനുകുല്യവും കിട്ടാത്തവിധം വേലിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ പൗരന്മാരാണ് വഴിയോരക്കച്ചവടക്കാര്‍. ദാഹത്തിനു വെള്ളവും വിശപ്പിനു ആഹാരവും, ചെറിയ വിലക്ക്് ഉടുപ്പും പച്ചക്കറികളും നല്‍കുന്ന ഇവരുടെ ദാഹം തീര്‍ക്കാന്‍, വിശപ്പുമാറ്റാന്‍ ഒരു സര്‍ക്കാരുമില്ല മുന്നില്‍.

കേന്ദ്രം യു പി എ സര്‍ക്കാരിന്റെ കാലത്ത് തെരുവോര കച്ചവട സംരക്ഷണ നിയമം കൊണ്ടു വന്നു. കച്ചവടം ചെയ്യുന്നിടം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിനു ആവശ്യമുള്ളിടത്തോളം കാലം കൈവശക്കാരനു തന്നെ പതിച്ചു നല്‍കണം. ആവശ്യത്തിനു വെള്ളവും വെളിച്ചവും നല്‍കണം. സമൂഹത്തില്‍ മാന്യത നല്‍കണം. പോലീസ് ചവറു വണ്ടികള്‍ വന്ന് വില്‍പ്പന വസ്തുക്കള്‍ വാരിക്കൊണ്ടു പോകരുത്. അധികൃതര്‍ നല്‍കുന്ന കാര്‍ഡ് മാത്രം ആധാരമാക്കി ബാങ്കുകള്‍ വായ്പ്പ നല്‍ണം. ഇതൊക്കെ നിയമത്തിലുള്ളതാണ്. കുറച്ചെങ്കിലും നടപ്പിലാക്കിയത് മഹാരാഷ്ട്ര മാത്രം.

കാര്‍ഷിക പരമ്പരാഗത വ്യവസായമേഖലയുടെ തകര്‍ച്ചയും പ്രവാസിമേഖലയിലെ തൊഴില്‍പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവുമാകാം കാരണം ജില്ലയിലും ഈ മേഘലയിലേക്ക് ആളു കൂടുകയാണ്. മറ്റൊരു മാര്‍ഗവുമില്ലാതെ മരിക്കാന്‍ തയ്യാറായവരുടെ ഒടുവിലത്തെ അത്താണിയായാണ് തെരുവോര കച്ചവടം.

വഴിയോരക്കച്ചവടം നിയമവിരുദ്ധപ്രവര്‍ത്തനമാണെന്ന ധാരണയാണ് ഇപ്പോഴും പോലീസിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും പൊതുവെ പൊതുസമൂഹത്തിനും ഉള്ളത്. കാലാകാലങ്ങളായി വിവിധങ്ങളായ വിധിപ്രസ്താവനകളിലൂടെ സുപ്രീംകോടതി വഴിയോരക്കച്ചവടത്തെ ചില നിയന്ത്രണങ്ങളോടെ അംഗീകരിച്ചിട്ടുണ്ട്. സോധന്‍സിങ്ങും ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി ഇടപെട്ട് വിധി പ്രസ്താവിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(ജി) പ്രകാരം ഏതൊരാള്‍ക്കും ഏതൊരു തൊഴിലിലും കച്ചവടത്തിലും ഏര്‍പ്പെടുന്നതിന് അവകാശമുണ്ട് എന്നാണ്. പൊതുനിരത്ത് യാത്രികര്‍ക്ക് മാത്രമല്ല, വഴിയോരക്കച്ചവടത്തിനും ഉപയോഗിക്കാമെന്ന് കോടതി പറഞ്ഞു.

2010 ഒക്ടോബര്‍ എട്ടിന് ഗയിന്താറാമും ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും തമ്മിലുള്ള കേസുണ്ടായി. അത് പരിഗണിച്ച് 2011 ജൂണ്‍ 30 കോടതി പറഞ്ഞു, അതത് സര്‍ക്കാരുകള്‍ വഴിയോരക്കച്ചവടക്കാരന് തൊഴില്‍ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. വഴിയാത്രക്കാരന്റെ യാത്രാ സ്വാതന്ത്ര്യം പോലെ പ്രധാനമായി ഇതും കാണണം. അങ്ങനെയാണ് യു പി എ സര്‍ക്കാരിനും തുടര്‍ന്ന് മന്ത്രി ജയന്തി നടരാജനും പാര്‍ലമെന്റിന്റെ മേശപ്പുറത്ത് നിയമമുണ്ടാക്കി വെക്കേണ്ട ഗതി വന്നത്. അതാണ് 2014ലെ വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം. എന്നാല്‍, കേരളം ഭരിച്ച യു ഡി എഫ് സര്‍ക്കാര്‍ ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന തല നിയമനിര്‍മാണം ഒന്നും തന്നെ ഉണ്ടാക്കിയില്ല.

വഴിയോരക്കച്ചവടക്കാരുടെ സംരക്ഷണത്തിനായി കേരളത്തില്‍ ആദ്യമായി ഒരു നയം കൊണ്ടുവന്ന 2011ല്‍ ഇടതുപക്ഷ സര്‍ക്കാറിനെ ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളും കച്ചവട കമ്മിറ്റി രൂപീകരിച്ച് കച്ചവടക്കാരുടെ സര്‍വേ നടത്തി വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. പക്ഷെ അത് ജില്ലയിലും കേരളത്തിലാകമാനവും ഫലം കണ്ടില്ല. വഴിയോരക്കച്ചവടക്കാരുടെ സര്‍വേ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് സ്വകാര്യ ഏജന്‍സിക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. തിരിച്ചു കിട്ടിയത് ആക്ഷേപം മാത്രം.

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ 30 ദിവസം മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ വഴിയോര കച്ചവട ഉപജീവന സംരക്ഷണ നയത്തിലുണ്ട്. ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതിനും അവ പുനഃസൃഷ്ടിക്കപ്പെടുന്നതിനും സര്‍ക്കാര്‍ സഹായം ചെയ്തു കൊടുക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കിലും എവിടേയും മിണ്ടാട്ടമില്ല. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നുവെന്ന് മാത്രമല്ല, പോലീസ് ചവറുവണ്ടിയുമായി വന്ന് എല്ലാം വാരിക്കൊണ്ടുപോവുകയാണ് പതിവ്. വഴിയോരക്കച്ചവടക്കാര്‍ക്കായി സാമൂഹ്യസുരക്ഷാ പദ്ധതികളായ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ചികിത്സാ സഹായം മുതലായവ കേന്ദ്ര നിയമത്തിലുണ്ട്. കേരളം അതൊന്നും കണക്കിലെടുക്കുന്നില്ല. ക്ഷേമനിധിബോര്‍ഡ് കാര്യക്ഷമമാക്കുന്നില്ല. മക്കളുടെ വിദ്യാഭ്യാസത്തിന് സൗകര്യം ലഭ്യമാക്കുക, സ്വയംസഹായ സംഘങ്ങളും സഹകരണസംഘങ്ങളും രൂപീകരിച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുക തുടങ്ങിയവയും നടപ്പാക്കപ്പെട്ടില്ല.

വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട് ഓരോ കച്ചവടക്കാരനും ലഭിക്കേണ്ട വിവരങ്ങളും സേവനങ്ങളും അവരുടെ അവകാശങ്ങളും ഉള്‍ക്കൊള്ളിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങളും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കേണ്ടതാണ്. പൗരാവകാശ രേഖയില്‍ കച്ചവടക്കാരുടെ രജിസ്ട്രേഷന്‍, കച്ചവടമേഖലയുടെ തെരഞ്ഞെടുപ്പ്, കച്ചവട കമ്മിറ്റിയുടെ വിവരങ്ങള്‍, തദ്ദേശസ്ഥാപനങ്ങളുടെ കര്‍ത്തവ്യങ്ങള്‍, ചുമതലകള്‍, സഹായവ്യവസ്ഥകള്‍, പരാതിപരിഹാര സംവിധാനം എന്നിവ വിശദീകരിക്കണം. പൗരാവകാശരേഖയില്‍ പറഞ്ഞിരിക്കുന്നത് ഓരോ വര്‍ഷവും നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും വാര്‍ഷികമായി നടത്തുന്ന സോഷ്യല്‍ ഓഡിറ്റ് പ്രക്രിയക്ക് വിധേയമാക്കണം എന്നാണ്. ഇതൊക്കെ ശരി, പക്ഷെ എല്ലാം ഫയലുകളില്‍ മാത്രം.

വഴിയോരക്കച്ചവടക്കാര്‍ സമൂഹത്തിലെ രണ്ടാംതരം പൗരന്മാരല്ലെ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദം വഹിക്കുന്ന പിണറായി മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ഇവരുടെ സംഘടനാ നേതാവ് കൂടിയാണ്. തെരെഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ കാശ് സ്വരൂപിച്ചു നല്‍കിയതു വരെ വഴിയോരക്കാരാണെന്ന് സാരം. അവരെ സംഘടിപ്പിക്കാന്‍ ഏതു പാതിരാവിലും ഇറങ്ങി പ്രവര്‍ത്തിച്ച നേതാവ് കൂടിയാണദ്ദേഹം. തൊഴില്‍സുരക്ഷിതത്വവും ക്ഷേമപദ്ധതികളുമടക്കം വഴിയോരക്കച്ചവടക്കാര്‍ക്ക് നിയമപരമായി ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും ലഭിക്കാനായി കടന്നു വരുന്ന വാഹന പ്രചരണ ജാഥയെ ഇതിനെയൊക്കെ അടിസ്ഥാനമാക്കി വേണം വിലയിരുത്താന്‍..


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article., Prathibha Rajan, street, Shop Keeper, Old people, poor, poverty, supportless, deaths, accidents, society, ignorance, street shopers, road side , avoidance, Street traders, Street traders being ignored

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL