city-gold-ad-for-blogger
Aster MIMS 10/10/2023

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം തകൃതി: ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് നോക്കുകുത്തി, തടയേണ്ട ഉത്തരവാദിത്വം പോലീസിനല്ലെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 23.02.2017) കുഴല്‍ക്കിണര്‍ കുഴിക്കാന്‍ റിഗ്ഗുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ സമ്മതപത്രം കൈയ്യിലുണ്ടായിരിക്കണമെന്നും അല്ലാത്തപക്ഷം ഉപകരണം പിടിച്ചെടുക്കുകയും നടപടിയെടുക്കുമെന്നുമുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവും കാറ്റില്‍ പറക്കുന്നു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ദിനംപ്രതി നൂറുക്കണക്കിനു കുഴല്‍ക്കിണറുകളാണ് കുഴിച്ചുകൊണ്ടിരിക്കുന്നത്. ഉപരിതല ജലം വറ്റിത്തീരുന്നു എന്നതിനു പുറമെ, ഭുഗര്‍ഭ ജലവിതാനത്തില്‍ നിന്നും വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മാത്രം 60 അടി താഴ്ച്ചയില്‍ കൂടുതല്‍ ഭൂഗര്‍ഭജലം താഴ്ന്നുവെന്നാണ് കണക്ക്.

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം തകൃതി: ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് നോക്കുകുത്തി, തടയേണ്ട ഉത്തരവാദിത്വം പോലീസിനല്ലെന്ന് ജില്ലാ പോലീസ് ചീഫ്

ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിക്കാണ് കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന്റെ ചുമതലയെങ്കിലും സ്വകാര്യ കമ്പനികളാണ് രംഗത്തുള്ളത്. പഞ്ചായത്ത് നഗരപാലിക ആക്ടും ചട്ടവും ബോര്‍വെല്‍ കുഴിക്കാന്‍ അനുമതി വാങ്ങാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കെട്ടിടനിര്‍മ്മാണ വിഭാഗത്തില്‍ 93 എയിലാണ് ഇവ വിവരക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി ഇല്ലാതെ കുഴല്‍ കിണര്‍ പാടില്ലെന്നും നിയമം ലംഘിച്ചാല്‍ ശിക്ഷാനടപടിയും ഉറപ്പു വരുത്തിയിട്ടുണ്ട്.

സെക്രട്ടറിക്ക് അനുമതി നല്‍കാന്‍ കഴിയണമെങ്കില്‍ ഗൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍ ഒ സി വേണം. ചുവപ്പുനാടയുടെ കുരുക്കുകള്‍ ഏറെ തരണം ചെയ്ത് വേണം നിയമപ്രകാരം കുഴല്‍കിണര്‍ കുഴിക്കാന്‍. ആരും എവിടെയും പാലിക്കാത്ത നിയമങ്ങള്‍. ഈ നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പോലും പഞ്ചായത്തോ ഭുഗര്‍ഭ ജല അതോറിറ്റിയോ കണ്ടില്ലെന്നു നടക്കാറാണ് പതിവ്. അതിനാല്‍ നടപടിയുമുണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാനും, കുഴല്‍ക്കിണര്‍ കുഴിക്കുന്നത് പരിമിതപ്പെടുത്താനും ജില്ലാ വികസനസമിതി ചേര്‍ന്ന് ചുമതല ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചത്. എന്നിട്ടും വഞ്ചി തിരുനക്കരെ തന്നെയെന്ന അവസ്ഥയാണ്.

റിഗ്ഗുകള്‍ തലങ്ങും വിലങ്ങും ഓടി ഭൂമി തുരന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പിണറായി സര്‍ക്കാരിന്റെ നിര്‍ണായക ഉത്തരവുണ്ടാകുന്നത്. 31 വരെ പൂര്‍ണമായ നിരോധനം. ഉത്തരവ് പുറത്തു വന്നതിനു ശേഷവും ഒരു വണ്ടിപോലും അന്യസംസ്ഥാനത്തേക്ക് തിരിച്ചു പോയില്ല. ഭുഗര്‍ഭ ജല അതോറിറ്റിയോ, പഞ്ചായത്തോ, പോലീസോ എവിടെയും ഒരു നിരീക്ഷണവും നടത്തിയില്ല. ഉത്തരവ് കാറ്റില്‍ പറക്കുന്നു.

ജനങ്ങള്‍ക്കുള്ള ആശങ്ക ജില്ലാ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയോടു ചര്‍ച്ച ചെയ്തു. തങ്ങളുടെ എന്‍ ഒ സി ഇല്ലാതെ കുഴല്‍കിണര്‍ കുത്തുന്നത് നിയമലംഘനമാണെന്ന് അവര്‍ സമ്മതിക്കുന്നു. എന്നാല്‍ ഒരു വര്‍ഷം മുഴുവന്‍ നിര്‍ത്താതെ കുഴിച്ചാലും അവസാനിക്കാത്തത്രയും അപേക്ഷയും ഓഫീസില്‍ കെട്ടിക്കിടക്കുന്നുവത്രെ. നിയമം പാലിച്ചു കുഴല്‍കിണര്‍ കുഴിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ആപ്പിലാകുമെന്ന് സാരം. കുഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തടയേണ്ടവര്‍ വഴി മാറി നടന്നു പോകുന്നു. കാരണം അവരുടെ കൈയ്യില്‍ ഫോഴ്‌സില്ല. ഫോഴ്‌സുള്ള പോലീസ് സഹകരിക്കുന്നില്ലെന്നാണ് അവരുടെ പരാതി. പഞ്ചായത്ത് അധികൃതര്‍ക്ക് ആരെങ്കിലും പരാതി നല്‍കിയാല്‍ പരാതിയുടെ കോപ്പി ഉടന്‍ കുറ്റം ചെയ്തവന്റെ കൈയ്യില്‍ കിട്ടും. പിന്നെ ശത്രുതയും, വഴക്കും വക്കാണവും.

ഇടപെടാതെ പോലീസ് മാറി നില്‍ക്കുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് അധികാരിയും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ്. നാട്ടിലിറങ്ങി ഇതൊക്കെ തേടിപ്പിടിച്ച് തടയാനുള്ള പണി പോലീസിന്റെതല്ലെന്നും, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടാല്‍ തടയാന്‍ പോലീസ് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയും ത്രിതല പഞ്ചായത്തും മാറിനില്‍ക്കുകയാണെന്നും ജില്ലാ പോലീസ് ചീഫ് കുറ്റപ്പെടുത്തുന്നു.

ബോര്‍വെല്ലിനെ നിയന്ത്രിക്കാന്‍ പൊതുജനം ഇടപെടണണെന്ന പൊതുവികാരം നടപ്പിലാകണമെന്ന് പ്രകൃതി സ്‌നേഹികള്‍ക്കെല്ലാം ആഗ്രഹമുണ്ട്. പക്ഷെ പൂച്ചക്കാരു മണികെട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്.

പ്രതിഭാരാജന്‍

Keywords:  Kerala, kasaragod, Borewell, Police, Water authority, water, news, Prathibha-Rajan, Illegal Bore well, SP, Ground water authority,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL