city-gold-ad-for-blogger
Aster MIMS 10/10/2023

നിലവിലെ ഭാരവാഹികള്‍ തുടരുമോ? ഇല്ലെങ്കില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ കടുത്ത മത്സരം ഉണ്ടായേക്കും; സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 21/01/2017) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ കടുത്ത മത്സരത്തിന് സാധ്യതയേറി. ഫെബ്രുവരി ആദ്യവാരം തിരഞ്ഞെടുപ്പ് തീയ്യതി നിശ്ചയിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പ്രസിഡണ്ട് സ്ഥാനത്തേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി.ടി അഹമ്മദലി, മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല, മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്.

അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാനാണ് പ്രഥമ പരിഗണന. പ്രസിഡണ്ട് സ്ഥാനവും ജനറല്‍ സെക്രട്ടറി സ്ഥാനവും കാസര്‍കോട് മണ്ഡലത്തിന് നല്‍കുന്നത് മറ്റു മണ്ഡലങ്ങള്‍ എതിര്‍ക്കുമെന്നതിനാല്‍ ഏതെങ്കിലും ഒരു സ്ഥാനം മാത്രമേ കാസര്‍കോട് മണ്ഡലത്തിന് ഉണ്ടാവുകയുള്ളൂ എന്ന കാര്യം ഉറപ്പാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ബഷീര്‍ വെള്ളിക്കോത്തിന്റെ പേരാണ് നിര്‍ദേശിക്കപ്പെടുക. ഉദുമ മണ്ഡലത്തില്‍ നിന്നും കെ.ഇ.എ ബക്കറിന്റെ പേരും നിര്‍ദേശിക്കപ്പെടും.

കാഞ്ഞങ്ങാട്ടും മഞ്ചേശ്വരത്തും മാത്രമാണ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താന്‍ ബാക്കിയുള്ളത്. ഉദുമ, കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് നടന്നിട്ടുള്ളത്. ഇതില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മൂന്നു തവണ പ്രസിഡണ്ടായ വി.കെ.പി ഹമീദ് അലിയെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുത്തത് ജില്ലാ മുസ്ലിം ലീഗിലെ ഭൂരിഭാഗം പ്രവര്‍ത്തകരിലും കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഐക്യകണ്‌ഠേനയായിരുന്നു നാലാം തവണയും ഹമീദ് അലിയെ പ്രസിഡണ്ടായി പരിഗണിച്ചതെന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഒരു എതിര്‍പ്പു പോലും ആരും ഉന്നയിച്ചിട്ടില്ലെന്നും ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നതെന്നുമാണ് ഇവരുടെ വാദം. ഐക്യകണ്‌ഠേനയായാല്‍ പോലും സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തോടെ മാത്രമേ നാലാം തവണയും ഒരാളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാവൂ എന്നാണ് പാര്‍ട്ടിയുടെ പുതിയ തിരഞ്ഞെടുപ്പ് നയം. അതുകൊണ്ടു തന്നെ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഭാരവാഹി ലിസ്റ്റ്.

ജില്ലാ കമ്മിറ്റിയിലേക്കും തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് രീതി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടപടിക്രമം അട്ടിമറിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പടന്നയിലെ പി.വി. മുഹമ്മദ് അസ്‌ലം തിരഞ്ഞെടുപ്പ് നടന്ന വേദിയില്‍ തന്നെ രാജി കൊടുത്തതോടെ തൃക്കരിപ്പൂരിലെ ഐക്യകണ്‌ഠേന തിരഞ്ഞെടുപ്പ് എന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങള്‍ കൊണ്ടുവന്നാല്‍ അതിനെ മത്സരത്തിലൂടെ ചെറുത്തുതോല്‍പിക്കുമെന്നും ഒരു പ്രമുഖ ജില്ലാ ഭാരവാഹി കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

മൂന്നു തവണ പ്രസിഡണ്ട് പദവി വഹിച്ച ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന ഭാരവാഹിയാക്കാനും ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനെ മറ്റു ഭാരവാഹിത്വത്തിലേക്കോ സംസ്ഥാന ഭാരവാഹിത്വത്തിലേക്കോ പരിഗണിക്കാനും സാധ്യതയുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ട് സമവായ നീക്കത്തിലൂടെ തന്നെ പുതിയ കമ്മിറ്റിയെ എടുക്കുമെന്ന സൂചനകളും നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. നിലവിലുള്ള കമ്മിറ്റിയെ തന്നെ തുടരണമെന്ന വാദം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്. പ്രശ്‌നങ്ങളൊഴിവാക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ ഈ ഫോര്‍മുലയ്ക്ക് മുന്‍തൂക്കമുണ്ടാകാനും സാധ്യത ഏറെയാണ്.

സമവായമാണെങ്കില്‍ മെട്രോ മുഹമ്മദ് ഹാജിയെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്കോ ട്രഷറര്‍ സ്ഥാനത്തേക്കോ പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതേസമയം മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ സ്ഥാനം വേണമെന്ന് ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ പ്രമുഖ നേതാവ് കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കി.

നിലവിലെ ഭാരവാഹികള്‍ തുടരുമോ? ഇല്ലെങ്കില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ കടുത്ത മത്സരം ഉണ്ടായേക്കും; സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് സൂചന

Keywords:  Kasaragod, Kerala, Leader, Muslim-league, Office- Bearers, Who will be bearers of Kasaragod IUML?.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL