city-gold-ad-for-blogger
Aster MIMS 10/10/2023

പ്രമുഖ ജ്വല്ലറിക്കെതിരെ സ്വര്‍ണവ്യാപാരികള്‍ രംഗത്ത്, 'വെടക്കാക്കി തനിക്കാക്കല്‍' കുതന്ത്രമെന്ന് ആരോപണം

കാസര്‍കോട്: (www.kasargodvartha.com 22.07.2016) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി വ്യാപാര ശൃംഖലയുടെ ഉടമയ്‌ക്കെതിരെ സ്വര്‍ണവ്യാപാരികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. വെടക്കാക്കി തനിക്കാക്കല്‍ കുതന്ത്രമാണ് ഇയാള്‍ നടത്തുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

സ്വന്തം തെറ്റുകള്‍ മൂടിവെക്കുന്നതിനും നിഗൂഢമായ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടാമെന്ന് വ്യാമോഹിച്ചും താനൊഴികെ മറ്റെല്ലാ സ്വര്‍ണ വ്യാപാരികളും തട്ടിപ്പുകാരാണെന്ന് തെറ്റിദ്ധരിപ്പിക്കാനുമാണ് പുത്തന്‍ കോര്‍പ്പറേറ്റ് സ്വര്‍ണ വ്യാപാരി ഹീനമായ പ്രചരണ കോലാഹലം അഴിച്ചുവിട്ടിരിക്കുന്നത്. ഇത് ദയനീയമായി പരാജയപ്പെട്ടു. ചെകുത്താന്‍ വേദമോതുന്നത് പോലെയാണ് സാക്ഷര കേരളം ഇതിനെ കണ്ടത്. കാരണം, റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ വന്‍കിട കള്ളക്കടത്തിനെ പറ്റി ചോദിച്ചാല്‍ ഇയാള്‍ക്ക് ഉത്തരമില്ല. മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പരസ്യങ്ങള്‍ നല്‍കി ഇയാള്‍ക്കും ജ്വല്ലറിക്കുമെതിരെയുള്ള വാര്‍ത്തകള്‍ മൂടിവെക്കുകയാണ്. ഇന്ത്യയിലെ തന്നെ മികച്ച സെലിബ്രിറ്റികളെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് നടത്തുന്നത്. സാധാരണക്കാരനെ കൊള്ളയടിക്കുന്ന ഈ കോര്‍പ്പറേറ്റ് ജ്വല്ലറിയെ തുറന്നുകാട്ടാന്‍ പൊതുജനങ്ങള്‍ സഹകരിക്കണം.

നിലനില്‍പ്പിനായി ക്ലേശിക്കുന്ന ആയിരക്കണക്കിന് ചെറുവ്യാപാരികളെ വെടക്കാക്കി തനിക്കാക്കുക എന്ന കുതന്ത്രം വഴി നശിപ്പിക്കാനുള്ള കുത്സിത നീക്കങ്ങള്‍ ഏത് കോര്‍പ്പറേറ്റിന്റെ ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുക്കും. 50,000 കോടി രൂപയ്ക്ക് താഴെയാണ് സംസ്ഥാനത്തെ സ്വര്‍ണ മേഖലയിലെ വാര്‍ഷിക വിറ്റുവരവ്. അതിന് ആനുപാതികമായ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. മറ്റു പല വലിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വര്‍ണ നികുതി വരുമാനം കൂടി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഗോള്‍ഡ് മര്‍ച്ചന്റ്‌സ് ഭാരവാഹികള്‍ പറയുന്നു. ഒരു സ്വകാര്യ ഏജന്‍സിയുടെ ഊതിപ്പെരുപ്പിച്ച കണക്ക് കാട്ടി സഹജീവികളെ ഒന്നടങ്കം ആക്ഷേപിക്കാനുള്ള ശ്രമമാണ് ഇയാളെ പോലുള്ള കോര്‍പ്പറേറ്റുകള്‍ നടത്തുന്നത്.

ഇത് നീചമാണ്. അഞ്ച് ശതമാനമാണ് സംസ്ഥാനത്തെ സ്വര്‍ണ നികുതി. അല്ലാതെ 1.25 ശതമാനമല്ല. കോംപൗണ്ട് ചെയ്തവരുടെ കണക്ക് കാട്ടിയും തെറ്റിധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കേരളത്തിലെ സ്വര്‍ണവില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായതിലും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പ്രതിഷേധമുണ്ട്. പഴയ സ്വര്‍ണം സുലഭമായി എത്തുന്നതിനാല്‍ അതുവഴി ലഭിക്കുന്ന ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൂടി പങ്കുവെക്കണമെന്നാണ് എ കെ ജി എസ് എം എയുടെ നയം. ഗ്രാമിന് 100 രൂപ വീതമെങ്കിലും വില്‍പ്പന വില കൂട്ടിക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം വര്‍ധിപ്പിക്കുന്നതിനായി ഉപഭോക്താക്കളെ പിഴിയുകയെന്ന ആവശ്യവും തങ്ങള്‍ എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയതതായി ഭാരവാഹികള്‍ പറഞ്ഞു.

പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമ്പോഴോ സ്ഥാപനങ്ങള്‍ തുറക്കുമ്പോഴോ കോംപൗണ്ടിംഗ് നിരക്ക് 150 ശതമാനമാണെന്ന് നിശ്ചയിക്കുക. സംഘടന അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ നിലവിലുള്ള വ്യാപാരികള്‍ കോംപൗണ്ടിംഗ് സ്വീകരിക്കുമ്പോള്‍ 120 ശതമാനമായി ഇളവ് നല്‍കണം. വില്‍പ്പന തകര്‍ച്ചയും വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ചു നല്‍കേണ്ടതായ കോംപൗണ്ടിംഗ് നിരക്ക് താങ്ങാനാകാതെയും പ്രസ്തുത നികുതി സമ്പ്രദായം സ്വീകരിച്ച ശേഷം പിന്നീട് അതില്‍ നിന്നും മാറേണ്ടി വരുന്നവര്‍ക്ക് 120 ശതമാനം നിരക്കില്‍ അത് പുനരാരംഭിക്കാന്‍ അവസരം നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

തുടര്‍ച്ചയായ കോംപൗണ്ടിംഗ് അഞ്ച് വര്‍ഷം സ്വീകരിച്ചവര്‍ക്ക് നിലവില്‍ അതിഭീമവും ദുസ്സഹവുമായതിനാല്‍ മുന്‍സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കില്‍ തുടരുന്നതിന് അനുവാദം നല്‍കണം. കൂടുതല്‍ വ്യാപാരികള്‍ക്ക് കോംപൗണ്ടിംഗിലേക്ക് വരുന്നതിനായി അതിനുള്ള സമയപരിധി രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന ന്യായമായ ആവശ്യമാണ് സംഘടന ഉന്നയിക്കുന്നതെന്നു എ കെ ജി എസ് എം എ ഭാരവാഹികള്‍ പറഞ്ഞു.

എന്തുവില കൊടുത്തും ചെറുവ്യാപാരികളെ തകര്‍ത്ത് സ്വര്‍ണവ്യാപാര രംഗം കുത്തകവല്‍ക്കരിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ശ്രമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. ഒളിഞ്ഞും തെളിഞ്ഞുമുള്ള അവരുടെ നീക്കങ്ങള്‍ക്ക് പരോക്ഷമായി പോലും കൂട്ട് നില്‍ക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകരുതെന്ന് സംഘടനാഭാരവാഹികള്‍ ധനമന്ത്രി തോമസ് ഐസക്കിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ വ്യാപാര ശാലകളിലെല്ലാം ഒരേ ഗുണമേന്മയുള്ള ആഭരണങ്ങള്‍ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ ചെറുവ്യാപാരികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്‍കാന്‍ ധനമന്ത്രി നടപടി സ്വീകരിക്കണമെന്ന് എ കെ ജി എസ് എം എ ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

കെ എ അബ്ദുല്‍ കരീം - സിറ്റിഗോള്‍ഡ് കാസര്‍കോട് (പ്രസിഡണ്ട്), കോടോത്ത് അശോകന്‍ നായര്‍ - സുമംഗലി ജ്വല്ലറി കുണ്ടങ്കുഴി (ജനറല്‍ സെക്രട്ടറി), റോയ് ജോസഫ് - മൊണാര്‍ക്ക്് ജ്വല്ലറി കാസര്‍കോട് (വര്‍ക്കിംഗ് പ്രസിഡണ്ട്), വി എം അബ്ദുല്‍ കബീര്‍ - നവരത്‌ന ജ്വല്ലറി കാസര്‍കോട് ( ട്രഷറര്‍) എന്നിവരാണ് എകെജിഎസ്എംഎ ജില്ലാ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികള്‍.

പ്രമുഖ ജ്വല്ലറിക്കെതിരെ സ്വര്‍ണവ്യാപാരികള്‍ രംഗത്ത്, 'വെടക്കാക്കി തനിക്കാക്കല്‍' കുതന്ത്രമെന്ന് ആരോപണം

Keywords:  Gold, Kasaragod, Kerala, Taxi Fares, Compounding rate,  All Kerala Gold Merchants Association.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL