city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗിനോട് സലാം പറഞ്ഞ് പിരിയും, തീരുമാനം രണ്ടു ദിവസത്തിനകം: കല്ലട്ര മാഹിന്‍ ഹാജി

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് 

കാസര്‍കോട്: (www.kasargodvartha.com 30/06/2016) താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ലീഗിനോട് സലാം പറഞ്ഞ് പിരിയുമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം സ്വയം ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ രാജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് ജില്ലാ നേതാക്കള്‍ എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ തിരഞ്ഞെടുപ്പിന് ശേഷം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമുണ്ടാക്കാമെന്നാണ് നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാതിരുന്നതിനാല്‍ എട്ടിന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കാമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ തീയ്യതി വരെ കാത്തിരിക്കാന്‍ താന്‍ തയ്യാറല്ല. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ തീരുമാനമുണ്ടാകണം. 10 നാണ് നോമിനേഷന്‍ നല്‍കേണ്ട അവസാന തീയ്യതി. അതിനുമുമ്പു തന്നെ തന്നെ പിന്തുണക്കുന്നവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എട്ടാം തീയ്യതി വരെ കാത്തിരിക്കാന്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. താന്‍ ഉന്നയിച്ച ഒരു കാര്യവും ഇതിനു മുമ്പ് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ എ. ഹമീദ് ഹാജിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുക, തന്നെ കാഞ്ഞങ്ങാട്ട് അവഹേളിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക, വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ടും വീണ്ടും ഫേസ്ബുക്കിലൂടെ അപമാനിച്ച മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ സസ്‌പെന്‍ഡ് ചെയ്യുക, കഴിഞ്ഞ തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫോര്‍ട്ട്‌റോഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നേതാവിനെയും കൂടെ നില്‍ക്കുന്നവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കല്ലട്ര മാഹിന്‍ ഹാജി ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയങ്ങളും കെ സുധാകരന്റെ ഉദുമ മണ്ഡലത്തിലെ പരാജയവും മുന്‍ നിര്‍ത്തിയാണ് കല്ലട്ര മാഹിന്‍ ഹാജി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.

എന്നാല്‍ രാജി മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ അപമാനിച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എം പി ജാഫറിനെ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയും പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും ബഷീര്‍ വെള്ളിക്കോത്ത് തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചുവെന്നും കല്ലട്ര മാഹിന്‍ ഹാജി പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നേതൃത്വത്തില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെ ഡിവിഷനില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും കല്ലട്ര മാഹിന്‍ ഹാജി നേരത്തെ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ലീഗ് അടിയന്തിര ജില്ലാ നേതൃയോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യുകയും കല്ലട്ര മാഹിന്‍ ഹാജിയുടെ വീട്ടിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമവും നടത്തുകയും ചെയ്തത്.

ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ജൂലൈ എട്ടിന് ചേര്‍ന്ന് തീരുമാനം കൈകൊള്ളാമെന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. ഇൗ തീരുമാനവും കല്ലട്ര മാഹിന്‍ ഹാജി അംഗീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കാണെന്ന സൂചന നല്‍കിയിരിക്കുന്നത്. ഇൗ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനായ കല്ലട്ര മാഹിന്‍ ഹാജി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയുണ്ടാകുന്നത് ലീഗിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുക. അതിന് നേതൃത്വം തയ്യാറാകില്ലെന്നാണ് അദ്ദേഹത്തെയും കല്ലട്ര കുടുംബത്തെയും സ്‌നേഹിക്കുന്നവര്‍ കരുതുന്നത്. ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഒരു മേശക്കുചുറ്റുമിരുത്തി ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്‌നത്തെ ഇങ്ങനെ വലിച്ചുനീട്ടി കൊണ്ടുപോകുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്. അദ്ദേഹം ഉദുമ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ചിലപ്പോള്‍ അത് യുഡിഎഫിന്റെ കൈയ്യിലുള്ള ജില്ലാ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുമുണ്ട്.

ലീഗിനോട് സലാം പറഞ്ഞ് പിരിയും, തീരുമാനം രണ്ടു ദിവസത്തിനകം: കല്ലട്ര മാഹിന്‍ ഹാജി

Related News:
മുസ്ലിം ലീഗ് നേതാവ് കല്ലട്ര മാഹിന്‍ ഹാജി ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കും; അനുനയവുമായി ലീഗ് നേതൃത്വം

ബഷീര്‍ വെള്ളിക്കോത്തിനും, എം പി ജാഫറിനുമെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നടത്താനിരുന്ന പ്രകടനം ഉപേക്ഷിച്ചു

ബഷീര്‍ വെള്ളിക്കോത്തിനും ജാഫറിനുമെതിരെയുമുള്ള നടപടി; ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം വൈകിട്ട്

കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും


Keywords:  Kasaragod, Kerala, Muslim-league, Kallatra Mahin Haji, Uduma Division, UDF, Party, District Panchayath, Election, Kallatra Mahin Haji will leave Muslim league soon?.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL