city-gold-ad-for-blogger
Aster MIMS 10/10/2023

ഫാത്തിമ വധം: പ്രതിയെ കുടുക്കിയത് തളങ്കരയിലെ മൊബൈല്‍ കടയുടമ നൗഷാദ്, നൗഷാദിന് പോലീസിന്റെ അഭിനന്ദനം

കാസര്‍കോട്: (www.kasargodvartha.com 02.05.2016) മഞ്ചേരി പാലക്കുന്നത്ത് ചിതല്‍മണ്ണില്‍ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമയെ (50) കഴുത്തില്‍ കയറിട്ടു കൊലപ്പെടുത്തി 17 പവന്‍ സ്വണം കവര്‍ച്ച ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ജയില്‍ വാര്‍ഡന്മാരെ വെട്ടിച്ച് കടന്നുകളഞ്ഞ കോട്ടയം വൈക്കം ആലത്തുംപാടി തലയന്നൂരിലെ പി അഭിലാഷി(40)നെ കുടുക്കിയത് തളങ്കരയിലെ മൊബൈല്‍ കടയുടമ നൗഷാദിന്റെ തന്ത്രപരമായ ഇടപെടല്‍ മൂലമാണെന്ന് പോലീസ് വെളിപ്പെടുത്തി.

പ്രതിയെ പിടികൂടാന്‍ സഹായിച്ച നൗഷാദിനെ പോലീസ് അഭിനന്ദിച്ചു. സാധാരണ ഇത്തരം കാര്യങ്ങളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചവരെ പോലീസ് വിസ്മരിക്കാറാണ് ചെയ്യാറുള്ളതെങ്കിലും ഈ കേസില്‍ പോലീസിനെ സഹായിച്ച മൊബൈല്‍ കടയുടമയെ അഭിനന്ദിക്കാന്‍ തയ്യാറായത് കാസര്‍കോട് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്.

തളങ്കരയിലെ പവര്‍ സോണ്‍ മൊബൈല്‍ കടയുടമയാണ് നൗഷാദ്. നൗഷാദിന്റെ കടയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി അഭിലാഷ് മൊബൈല്‍ വില്‍ക്കാന്‍ ചെന്നതാണ് പ്രതി കുടുങ്ങാന്‍ കാരണം. മൊബൈല്‍ വില്‍ക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ എല്ലാ കടയുടമകളും ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിലാഷ് മൊബൈല്‍ വില്‍ക്കാന്‍ വന്നപ്പോള്‍ തിരിച്ചറിയല്‍ രേഖ നൗഷാദ് ചോദിച്ചു. യുവാവ് നല്‍കിയ തിരിച്ചറിയല്‍ രേഖ വ്യാജമാണെന്ന് മനസിലായതോടെ നൗഷാദ് പണം ഇപ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് അഭിലാഷിനെ കടയില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട് അക്ഷയ സെന്ററില്‍ ചെന്ന് തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. ഇത് വ്യാജമാണെന്ന് അക്ഷയ സെന്ററില്‍ നിന്നും അറിയച്ചതോടെ നൗഷാദ് വിവരം പോലീസിന് കൈമാറുകയായിരുന്നു. പോലീസെത്തി വ്യാജ തിരിച്ചറിയല്‍ രേഖയും യുവാവ് വില്‍ക്കാന്‍ കൊണ്ടുവന്ന ഫോണും വാങ്ങി അഭിലാഷിനെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് അഭിലാഷ് 2007 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതിയാണെന്ന് വ്യക്തമായത്.

2001 ലാണ് ഫാത്തിമയെ അന്ന് 25 വയസ് മാത്രം പ്രായമുള്ള അഭിലാഷും ഭാര്യ 19 കാരിയായ ശ്രീജയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേഴ്‌സില്‍ ആയിരുന്നു നവദമ്പതികള്‍ താമസിച്ചിരുന്നത്. ക്വാട്ടേഴ്‌സിന്റെ വാടക വാങ്ങാന്‍ ചെന്ന ഫാത്തിമയെ ഇരുവരും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മാല, വള, കമ്മല്‍ തുടങ്ങി ഫാത്തിമയുടെ 17 പവന്‍ സ്വണം കൈക്കലാക്കി മുങ്ങിയ അഭിലാഷിനെയും ഭാര്യ ശ്രീജയെയും 20 ദിവസത്തിനുശേഷം മഞ്ചേരി സി ഐ വിക്രമന്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

ഈ കേസില്‍ 2003 ഏപ്രില്‍ 26 നാണ് ഇരുവരെയും മലപ്പുറം ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനിടയില്‍ 2007 സെപ്തംബര്‍ 20 നാണ് അഭിലാഷ് തടവ് ചാടിയത്. ജയിലില്‍ നിന്നും കണ്ണൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ ഡെക്കറേഷന്‍ ജോലിക്കായി കൊണ്ടുപോകുമ്പോഴായിരുന്നു രാവിലെ എട്ട് മണിയോടെ അഭിലാഷ് തടവ് ചാടിയത്. പിന്നീട് മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊറോട്ട മേക്കറായി ജോലി ചെയ്ത അഭിലാഷ് ഒടുവില്‍ എറണാകുളം കൂത്താട്ടുകുളത്താണ് എത്തിയത്. ഇവിടെ നിന്നാണ് പിന്നീട് കാസര്‍കോട്ടേക്ക് വന്നത്.

ഭാര്യ ശ്രീജയെ ജീവപര്യന്തം തടവില്‍ നിന്ന് ഇളവ് ചെയ്ത് ഇതിനിടെ ജയില്‍ മോചിതയാക്കിയിരുന്നു. കാസര്‍കോട്ട് അഭിലാഷ് എത്തിയത്. എന്തിനാണെന്നതിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നുണ്ട്. അഭിലാഷിനെതിരെ വ്യാജ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയതിന് കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ മോഷ്ടിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അഭിലാഷിന്റെ ഫോട്ടോ കോട്ടയം പോലീസിന് അയച്ചുകൊടുത്ത് നടത്തിയ അന്വേഷണത്തിലാണ് അഭിലാഷ് കൊലക്കേസ് പ്രതിയാണെന്ന് മനസിലായത്. കൃഷ്ണന്‍കുട്ടി, ബിജു, കുഞ്ഞിക്കുട്ടന്‍, വിജേഷ്, വൈശാഖന്‍ തുടങ്ങിയ പേരുകളിലാണ് അഭിലാഷ് ഓരോ സ്ഥലത്തും താമസിച്ച് വന്നിരുന്നത്.

മൊബൈല്‍ കടയുടമ നൗഷാദ് നടത്തിയ സേവനം വിലപ്പെട്ടതാണെന്നും ഇത്തരം കാര്യങ്ങള്‍ പോലീസിനെ അറിയിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും പോലീസ് ചെയ്തുകൊടുക്കുമെന്നും കാസര്‍കോട് സി ഐ എം പി ആസാദ് പറഞ്ഞു. നെല്ലിക്കുന്നിലെ കൊലപാതക കേസ് 24 മണിക്കൂറിനകം തെളിയിക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്ത കാസര്‍കോട് സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് തടവ് ചാടിയ കൊലക്കേസ് പ്രതിയായ അഭിലാഷിനെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞത് അഭിമാന മുഹൂര്‍ത്തമായി മാറി.

ഫാത്തിമ വധം: പ്രതിയെ കുടുക്കിയത് തളങ്കരയിലെ മൊബൈല്‍ കടയുടമ നൗഷാദ്, നൗഷാദിന് പോലീസിന്റെ അഭിനന്ദനം

ഫാത്തിമ വധം: പ്രതിയെ കുടുക്കിയത് തളങ്കരയിലെ മൊബൈല്‍ കടയുടമ നൗഷാദ്, നൗഷാദിന് പോലീസിന്റെ അഭിനന്ദനം
അഭിലാഷില്‍ നിന്നും പിടിച്ചെടുത്ത വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്

Keywords:  Murder, Accuse, Kasaragod, arrest, Mobile Phone, Manjeri, Kerala, Noushad, Police, Fake ID Card, Fathima, Kannur central jail.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL