city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാസികള്‍ പെട്ടി കെട്ടും മുമ്പ്

കെ കെ ശ്രീ പിലിക്കോട്

(www.kasargodvartha.com 07.04.2016) ഗള്‍ഫിലെ മലയാളി പ്രവാസികളില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. നാടും വീടും വിട്ട് എങ്ങനെയെങ്കിലും ജീവിതത്തില്‍ ഇത്തിരി പച്ചപ്പ് ഉണ്ടാക്കിയെടുക്കണം എന്ന ഉദ്ദേശത്തോടെ വിമാനം കയറിയവര്‍. പ്രവാസം മിക്കവര്‍ക്കും മധുരം സമ്മാനിക്കുന്നില്ലെങ്കിലും നാളെ എന്നുള്ള ചിന്തയില്‍ പ്രവാസിയായിതന്നെ തുടരുന്നു എന്ന് മാത്രം. പ്രവാസികള്‍ എന്നും ഗൃഹാതുരത്വം പേറി നടക്കുന്നവരാണ്. അതുകൊണ്ടുതന്നെ നാട്ടിലേക്കുള്ള അവധിക്കാല യാത്ര തെല്ലൊന്നുമല്ല അവനെ സന്തോഷവാനാക്കുന്നത്. ഒട്ടേറെ പ്രതിബന്ധങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ടാണ് ജന്മ നാട്ടിലേക്കുള്ള യാത്ര അവന്‍ ആഘോഷമാക്കുന്നത്. തനിക്കു ജന്മം നല്‍കിയവരോടൊപ്പം, ഭാര്യയോടും കുട്ടികളോടുമൊപ്പം, ബന്ധുമിത്രാദികളോടൊപ്പം രണ്ടോ മൂന്നോ അഞ്ചോ ....വര്‍ഷങ്ങള്‍ക്കുശേഷം കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ ലഭിക്കുക എന്നത് പ്രവാസിയെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്തതാണ്. നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരുവനെ സംബന്ധിച്ചിടത്തോളം ഒരു പ്രവാസിയുടെ ഇത്തരം ജീവിത ഘട്ടങ്ങള്‍ക്ക് എത്രത്തോളം വിലയുണ്ടാകുമെന്ന് അറിയില്ല.

അവധിക്കുള്ള അപേക്ഷ കൊടുക്കലാണ് ആദ്യ ചടങ്ങ്. ചിലര്‍ക്ക് എളുപ്പത്തില്‍ അവധി കിട്ടുമെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതല്ല. ചില സ്ഥാപനങ്ങളില്‍ അവധി കിട്ടണമെങ്കില്‍ പലവിധ കളികള്‍ തന്നെ കളിക്കണം. അവധി കിട്ടിയാല്‍ പിന്നെ പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷവും. നാട്ടിലേക്ക് വിളിച്ച് അവധിക്കു വരുന്നു എന്നറിയിക്കലാണ് അടുത്ത ഘട്ടം. ഈ വാര്‍ത്ത ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും, സുഹൃത്തുക്കളിലേക്കും പരക്കും. എത്രയും പെട്ടന്നുതന്നെ സാധനങ്ങളുടെ നീണ്ട നിര അവനെ തേടിയെത്തും. ഗള്‍ഫുകാരനല്ലെ ...കൊണ്ടുപോയില്ലെങ്കില്‍ എന്താണാവോ കരുതുക...തുടങ്ങിയ ചിന്തകളൊക്കെ അവനെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇവിടെ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളൊന്നും നാട്ടിലുള്ളവര്‍ അറിയുന്നില്ല. അറിയിക്കുന്നില്ല എന്നതാണ് സത്യം.

നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലാണ് അടുത്ത ശ്രദ്ധ. സാമ്പത്തികം വില്ലനായി മുന്നില്‍ ഉണ്ടാകുമെങ്കിലും ഈ അവസരത്തില്‍ അത് ആരും അത്ര കാര്യമാക്കില്ല എന്നതാണ് സത്യം. ശമ്പളത്തില്‍ നിന്ന് സ്വരുക്കൂട്ടിവച്ചും, കൂട്ടുകാരനോട് കടം മേടിച്ചും, ക്രെഡിറ്റ് കാര്‍ഡുകള്‍ 'കാര്‍ന്ന്' തിന്നും അവന്‍ മുന്നിലുള്ള വില്ലനെ തട്ടിമാറ്റുന്നു. പിന്നീട് എല്ലാം പരിഹരിക്കാം എന്ന ചിന്തയായിരിക്കും അപ്പോള്‍ ഏവരുടെയും മനസില്‍. അവധി കഴിഞ്ഞ് തിരിച്ചുവന്നാല്‍ ഈ കടങ്ങളൊക്കെ തീര്‍ക്കുവാനുള്ള തത്രപ്പാടിലായിരിക്കും അവന്‍. ചിലരെ സംബന്ധിച്ചിടത്തോളം അപ്പോഴേക്കും അടുത്ത നാട്ടില്‍ പോകുവാനുള്ള സമയം ഏകദേശം ആയിട്ടുണ്ടായിരിക്കും. കടകളില്‍ നിന്നും 'ഓഫറുകള്‍' മാടി വിളിക്കുമ്പോള്‍ മനസ് ശരീരത്തെ അവിടേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. കയ്യിലുള്ള കാശൊക്കെ തീര്‍ന്ന് ' മനസ്സമാധാനത്തോടെ 'അവിടന്നു മടങ്ങും.

കടകളിലേക്ക് പോകുമ്പോള്‍ കയ്യില്‍ മേടിക്കുവാനുള്ള സാധനങ്ങളുടെ ഒരു 'നീണ്ട കഥ' തന്നെയുണ്ടാകും. ഇത് വിമാനത്താവളത്തിലെ ഡ്യൂട്ടീഫ്രീ മാര്‍ക്കറ്റ് വരെ എത്തിയാലും മേടിച്ച് തീരില്ല എന്നതാണ് അവസ്ഥ. എന്തെങ്കിലും വാങ്ങുവാന്‍ മറന്നുപോയാലോ...വീട്ടുകാര്‍ വിഷമിക്കില്ലെ എന്ന ചിന്ത തന്നെ കാരണം. ചോക്കളേറ്റ്, പാല്‍പ്പൊടി തുടങ്ങിവയ്ക്കാണ് ഡ്യൂട്ടീഫ്രീയില്‍ മുഖ്യസ്ഥാനം. ഈ സാധനങ്ങള്‍ പരമാവധി പുറത്തുനിന്നും വാങ്ങുന്നത് കുറച്ച് ഡ്യൂട്ടീഫ്രീയില്‍ കിട്ടാത്തവ കഴിയുന്നത്ര ലഗേജില്‍ കുത്തിക്കയറ്റുക എന്നതു തന്നെ കാരണം. ഒന്നും കൊണ്ടുപോകുന്നില്ല... ഇവിടെ കിട്ടുന്നതൊക്കെ നാട്ടിലും കിട്ടും...എന്നൊക്കെ കരുതിയാലും പോകേണ്ടുന്ന വിമാനത്തിന്റെ ദിവസം ആകുമ്പോഴേക്കും കൊണ്ടുപോകാവുന്ന തൂക്കത്തിനുമപ്പുറം കട്ടിലിനടിയിലും മറ്റും സാധനങ്ങള്‍ നിറഞ്ഞിടുണ്ടാകും.

ഇത് കൊണ്ടൊന്നും തൃപ്തിയാകാത്തവര്‍ 'കാര്‍ഗോ' യെ വിളിച്ചുവരുത്തും. സ്വയം സന്തോഷിക്കുന്നതിനെക്കാളും മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നുള്ളതാണല്ലോ പ്രവാസികളുടെ പൊതു സ്വഭാവം. നാട്ടില്‍ ചിലരുണ്ട്, എന്ത് കൊടുത്താലും തൃപ്തി അണയാത്തവര്‍. ഈയുള്ളവന്റെ ഒരു അനുഭവം പറയാം. വളരെ സന്തോഷത്തോടെ ഞാന്‍ എന്റെ അടുത്ത ഒരു ബന്ധുവിന് മോശമല്ലാത്ത വിലയുള്ള ഒരു വാച്ച് സമ്മാനമായിക്കൊടുത്തു. അദ്ദേഹം അത് കയ്യില്‍ കെട്ടി...പിന്നെ പറഞ്ഞു, ഇതിനെക്കാളും നല്ല ഒരു വാച്ചായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.. എനിക്ക് പറയാന്‍ ഉത്തരമുണ്ടായില്ല. പക്ഷെ മനസ്സു പറഞ്ഞു, ഇദ്ദേഹത്തിന് നീയല്ലാതെ സമ്മാനം കൊടുക്കുമോ? വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും അദ്ദേഹം ഇന്നും ആ വാച്ച് ഉപയോഗിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ജോലി കഴിഞ്ഞ സമയങ്ങളിലും വെള്ളിയാഴ്ചകളിലുമൊക്കെയാണ് 'പര്‍ച്ചേസിങ്ങ്'. ഇടയ്ക്ക് കൂട്ടുകാരുടെ ചോദ്യവും ' പര്‍ച്ചേസൊക്കെ കഴിഞ്ഞൊ? ഗള്‍ഫില്‍ നിന്നും അവധിക്കുപോകുമ്പോള്‍ സാധനങ്ങളൊക്കെ കൊണ്ടുപോകണം എന്നത് ഒരു അലിഖിത നിയമം പോലെയാണ്. നമ്മുടെ പൂര്‍വികര്‍ തുടങ്ങിവച്ചത് ഇന്നും പിന്തുടരുന്നു. നാട്ടിലെ അന്നത്തെ അവസ്ഥയല്ല ഇന്ന് എന്ന് നമ്മള്‍ പ്രവാസികള്‍ ചിന്തിക്കുന്നില്ല. സ്വന്തം നാട് വിട്ട് ജോലി ചെയ്യുന്നവനാണല്ലോ പ്രവാസി. മിക്കവരുടെയും ധാരണ പ്രവാസി എന്ന് പറഞ്ഞാല്‍ ഗള്‍ഫുകാരന്‍ മാത്രമാണെന്നാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയിലോ, മുംബൈയിലോ ഉന്നത ജോലി ചെയ്യുന്നവര്‍ പോലും ആര്‍ക്കും ഒന്നും കൊടുത്തില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. ഗള്‍ഫുകാരന്‍ കൊടുത്തില്ലെങ്കില്‍ ചില്ലറ പ്രശ്‌നമൊന്നുമല്ല സൃഷ്ടിക്കപ്പെടുക. ഗള്‍ഫുകാരൊക്കെ പണക്കാരാണ് എന്ന തെറ്റായ ധാരണയായിരിക്കും ഇതിന്റെ പിന്നില്‍. കഷ്ടപ്പെടുമ്പോള്‍ സഹായത്തിന് ആരുമുണ്ടാകില്ല എന്നറിഞ്ഞിട്ടുകൂടി, പ്രയാസങ്ങളൊക്കെ സഹിച്ച്, നാട്ടിലുള്ളവര്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ സ്വയം അറിഞ്ഞ് നല്‍കുന്നിടത്താണ് പ്രവാസിയുടെ മഹത്വം വെളിവാകുന്നത്.

ഇനി പെട്ടി കെട്ടല്‍ ചടങ്ങാണ്. ഇത് ബാച്ചിലറായി താമസിക്കുന്നവര്‍ക്ക് ഒരു മഹാമഹം തന്നെയാണ്. കൂട്ടുകാരൊക്കെ ഇതിന് സാക്ഷികളായി ഉണ്ടാകും. പെട്ടി കെട്ടല്‍ എന്നാല്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികെട്ടല്‍ എന്നര്‍ത്ഥം. ഭൂരിഭാഗവും ട്രാവല്‍ ബാഗ് ഉപയോഗിക്കാത്തവരാണ്. അതിനു കാരണവുമുണ്ട്. കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്ക് ട്രാവല്‍ ബാഗിനെക്കാളും തൂക്കം കുറവും കൂടുതല്‍ സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാം എന്നുള്ളതുമാണ്. അതിനിടയില്‍ സ്വന്തം സാധനങ്ങള്‍ കൂടാതെ നാട്ടിലെ തങ്ങളുടെ വീടുകളില്‍ കൊടുക്കുവാന്‍ സുഹൃത്തുക്കള്‍ നല്‍കുന്ന പൊതികളും ഉണ്ടാകും പെട്ടിയില്‍ കുത്തി നിറക്കുവാന്‍. ചിലര്‍ മനസ്സില്ലാ മനസ്സോടെയാണ് ഇത് സ്വീകരിക്കുക. ഒരു കിലോയെ ഉള്ളൂ...രണ്ടു കിലോയേ ഉള്ളൂ എന്നൊക്കെ പറഞ്ഞു തരുമ്പോള്‍ എങ്ങിനെ വാങ്ങാതിരിക്കും. സ്വീകരിച്ചില്ലെങ്കില്‍, ചിലപ്പോള്‍ ഈ ഒരു കാരണം മതി സുഹൃത്ത് ബന്ധത്തിന് ഭംഗം വരുവാന്‍.

പെട്ടി കെട്ടല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു കലയാണ്. ഇതില്‍ ബംഗാളികളും കേരളക്കാരും തന്നെ മുന്നില്‍. പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് നടത്തുന്ന പെട്ടികെട്ടല്‍ വിദ്യ അല്‍പം പ്രയാസമേറിയതാണ്. നല്ല രീതിയില്‍ കെട്ടിയില്ലെങ്കില്‍ വിമാനത്താവളത്തിലെ 'വലിച്ചെറിയലും' മറ്റുമാകുമ്പോള്‍ പെട്ടി തന്നെ ഇല്ലാതായിമാറാം. അതുകൊണ്ടുതന്നെ ഒരു പെട്ടികെട്ടല്‍ വിദഗ്ദന്‍ തന്നെ ഇതിനായി സന്നിഹിതനായിരിക്കും. (ഇപ്പോള്‍ ചില രാജ്യങ്ങളില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് പെട്ടികെട്ടുന്നതിന് നിയന്ത്രണം ഉണ്ട്. കയര്‍ ഉപയോഗിച്ച് ലഗേജു കെട്ടുന്നവര്‍ നിര്‍ബന്ധമായും പ്ലാസ്റ്റിക് റാപ്പിങ്ങ് ചെയ്യണം). പെട്ടി കെട്ടാന്‍ ഉപയോഗിച്ച ഈ പ്ലാസ്റ്റിക് കയര്‍ കുറച്ചു കാലം നമ്മുടെ ഓര്‍മയായി നാട്ടിലുണ്ടാകും...തുണി ഉണക്കാനുള്ള അയലായി. പെട്ടികെട്ടല്‍ വിദഗ്ദന്മാര്‍ ചിലപ്പോള്‍ ചില തരികിട പരിപാടികളും ഒപ്പിക്കും. ഉണങ്ങിയ കുബ്ബൂസ്, പൊട്ടിയ പഴയ ചെരുപ്പുകള്‍, പഴയ, കീറിയ അടിവസ്ത്രങ്ങള്‍ തുടങ്ങിയവ അതിവിദഗ്ദ്മായി പെട്ടിയില്‍ കയറ്റും. നാട്ടിലെത്തി വീട്ടുകാരുടെ മുന്നില്‍ വച്ച് പെട്ടി തുറക്കുമ്പോള്‍ അവിടെ കൂട്ടച്ചിരി ഉയരും. ഇതൊക്കെ പ്രവാസ ജീവിതത്തിലെ ഒരു തമാശയായി എല്ലാവരും കാണുന്നു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുവാനുള്ള സമയമായി...പെട്ടിയൊക്കെ വാഹനത്തില്‍ വലിച്ചു കയറ്റി, വിലകുറഞ്ഞ പുത്തനുടുപ്പിട്ട്, ഷൂസിട്ട് ...നിറ ചിരിയോടെ നാടിന്റെ പച്ചപ്പിലേക്ക്... ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ ഇതൊക്കെ ഞാന്‍ ചെയ്യുന്ന കാര്യങ്ങളല്ലേ എന്ന് തോന്നുന്നില്ലേ ...അതെ, പ്രവാസികള്‍ ഇങ്ങനെയൊക്കെയാണ്.

പ്രവാസികള്‍ പെട്ടി കെട്ടും മുമ്പ്

Keywords : Article, Gulf, Natives, Friend, Family, Expatriates, Life, When expatriates go home.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL