city-gold-ad-for-blogger
Aster MIMS 10/10/2023

തലമുറകള്‍ക്കിടയിലെ താളപ്പിഴകള്‍

സി.എല്‍ അബ്ബാസ്

(www.kasargodvartha.com 29/03/2015) കെ.എസ്.ആര്‍.ടി.സി ബസില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംവരണം ചെയ്യപ്പെട്ട സീറ്റില്‍ അമര്‍ന്നിരിക്കുകയാണ് രണ്ട് പ്ലസ്ടു പയ്യന്മാര്‍. 'ഒന്നെണീക്യോ, ഞാന്‍ ഇരുന്നോട്ടെ' പ്രായം തളര്‍ത്തിയ ഒരു വൃദ്ധന്‍ ദൈന്യതയോടെ ചോദിക്കുന്നു. കുട്ടികള്‍ക്ക് കൂസലില്ല, കേട്ടമട്ടില്ല. അന്യോനം നോക്കി ചിരിക്കുന്നു'. ഞങ്ങളുടെ തെറ്റല്ല നിങ്ങള്‍ പിടിച്ചു തൂങ്ങിനില്‍ക്കുന്ന കമ്പിയിലാണ് മുതിര്‍ന്ന പൗരന്മാര്‍ എന്നു എഴുതി വെക്കേണ്ടിയിരുന്നത് എന്ന ആത്മഗതം ചെയ്യുന്ന പോലെ ആവരുടെ ഭാവം. ഇത് പതിവ് കാഴ്ചയാണ്, അനുഭവമാണ്. പ്രായമായവരെ ബഹുമാനിക്കുകയും, സീറ്റൊഴിഞ്ഞു കൊടുക്കുകയും ചെയ്ത കാലത്തിലൂടെ കടന്നു വന്നതു കൊണ്ടാവാം എനിക്ക് ഇത്തരം കൊച്ചു കാര്യങ്ങളില്‍ പോലും വലിയ ഫീലിംഗ് അനുഭവപ്പെടുന്നത്.

തലമുറകള്‍ തമ്മില്‍ വിടവുണ്ടെന്നത് പുതിയ പരാതിയല്ല. കാലത്തിനൊത്ത് മാറാന്‍ കൂട്ടാക്കാത്ത പഴയതലമുറയെ തിരുത്താന്‍ ഇന്ന് മുതിര്‍ന്നു പോയ പഴയ ന്യൂ ജനറേഷനും ആവേശം കാട്ടിയിരുന്നു. അവര്‍ അനുശാസിച്ചു മുണ്ടും കുപ്പായവും മാറ്റി പാന്റ്‌സും കോട്ടുമണിഞ്ഞു നടന്നു ഞങ്ങള്‍. സമൂഹക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അത് സമൂഹ നന്മക്കാണെങ്കില്‍, പാരമ്പര്യത്തിലൊട്ടി നിന്നു പരിതപിച്ചു കഴിയാതെ നടപ്പില്‍ വരുത്തിയത് ഞങ്ങളാണ്. പാരമ്പര്യം പറഞ്ഞ് ദാരിദ്രത്തെ കെട്ടിപ്പിടിച്ചുകിടക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. അങ്ങനെ ഗള്‍ഫ് കണ്ടുപിടിച്ചതു ഞങ്ങളാണ്. സുഖ ലോലുപതയുടെ ഡിജിറ്റല്‍ ഗള്‍ഫായിരുന്നില്ല അത്. കേട്ടുപഴകിയ അന്നത്തെ പ്രവാസ കദന കഥകള്‍ ഓര്‍മിപ്പിക്കുന്നില്ല. പക്ഷെ ഒന്നോര്‍ക്കണം. പുത്തന്‍ തലമുറയുടെ നിഘണ്ടുവില്‍ നിന്ന് ദാരിദ്രം എന്ന പദം തന്നെ മായ്ച്ചുകളയാന്‍ ഞങ്ങള്‍ തന്നെ വിയര്‍പ്പായി, കണ്ണീരായി, അധ്വാനമായി, സുഖഭോഗരഹിതമായി, ത്യാഗമായി.

നിങ്ങള്‍ വായില്‍ സ്വര്‍ണക്കരണ്ടിയുമായി, മിനിമം വെള്ളിക്കരണ്ടിയുമായി ജനിച്ചു. ഞങ്ങള്‍ക്ക് കരണ്ടി തന്നെ ആവശ്യമില്ലായിരുന്നു. കഞ്ഞി കോരിക്കുടിക്കാന്‍ ചിരട്ടക്കയിലായിരുന്നു ഞങ്ങളുടെ അടയാളം. മാറ്റങ്ങളിലൂടെ കടന്നു വരുമ്പോഴും പഴയവര്‍ പകര്‍ന്നു തന്ന ധാര്‍മിക മൂല്യങ്ങളെ  ഞങ്ങള്‍ നിരാകരിച്ചില്ല. പഴയവര്‍ പറഞ്ഞു തന്ന സദാചാരബോധത്തെ തിരസ്‌കരിച്ചില്ല. പെരുമാറ്റചട്ടങ്ങളും, വിനയവും, മിതവ്യയവും, പരോപകാരവും, അനുകമ്പയും കൈമാറി കൈമാറി ഞങ്ങളിലെത്തിയ സദ്ഗുണങ്ങള്‍ പുത്തന്‍ തലമുറ അഥവാ ന്യൂജനറേഷന്‍ സ്വീകരിക്കുന്നില്ല. ധാര്‍മിക മൂല്യങ്ങള്‍ക്ക് തന്നെ പെന്‍ഷന്‍ പറ്റിപ്പോയ കാലക്രമത്തെ ഞാന്‍ ഭയപ്പെടുന്നു.

അടിപൊളി, ചെത്ത് തുടങ്ങിയ പദങ്ങള്‍ കണ്ടുപിടിച്ചത് പുതുതലമുറയാണ്. ജീവിതം കെട്ടിപ്പടുക്കാനും, ഇല്ലായ്മയോട് പടപൊരുതാനും, ഉഴിഞ്ഞു വെക്കപ്പെട്ട ഞങ്ങള്‍ക്ക് അടിച്ചു പൊളിക്കാനും ചെത്തി നടക്കാനും നേരമില്ലായിരുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയാല്‍ നിലത്തെ മണ്ണരിക്കുന്ന ബെല്‍ബോട്ടം പാന്റ്‌സും, മിന്നുന്ന ഷര്‍ട്ടും, അത്തറിന്റെ മണവും കയ്യില്‍ ടേപ്‌റിക്കോര്‍ഡറും, തിരിഞ്ഞു നോക്കുമ്പോള്‍ ചിരിക്കാന്‍  തോന്നുന്ന പരിഹാസ്യത. മാക്‌സിമം ആര്‍ഭാടം ഇത്രമാത്രമായിരുന്നു എന്നു സൂചിപ്പിച്ചെന്നേയുള്ളൂ.

ഇന്നോ, ഇരേഴു ലോകവും ആകാശവും യുവതയുടെ കൈവെള്ളക്കുള്ളില്‍. സ്മാര്‍ട്ട് ഫോണും, ആന്‍ഡ്രോയ്ഡും, ഫേസ്ബുക്കും, വാട്ട്‌സ് ആപ്പും എല്ലാം ചതുരങ്ങളില്‍. ഞങ്ങളുടെ ഭൂമി ഉരുണ്ടതായിരുന്നു. ഫാസ്റ്റ് ലൈഫ്, ഫാസ്റ്റ് ഫുഡ് മാറ്റങ്ങളും ഫാസ്റ്റ് കാലത്തോടൊപ്പം ഓടിയെത്താന്‍ മുതിര്‍ന്ന തലമുറക്കാവുന്നില്ല. എങ്കിലും ഓട്ടം പിഴക്കാത്ത ബാക്കിയെല്ലാം പിഴച്ച യുവതലമുറയോട്, അടച്ചാക്ഷേപമല്ല. നല്ലെരു ശതമാനം നല്ലവരുമുണ്ട്. സംവദിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്.

അടുത്തിടെ പ്രായപൂര്‍ത്തിയാവാത്ത കവിളില്‍ ഇളം ചുവപ്പ് മാറാത്ത ഒട്ടേറെ ബൈക്ക് സവാരിക്കാര്‍ ട്രാഫിക് പോലീസിന്റെ വലയിലായി. ബൈക്ക് വാങ്ങിക്കൊടുത്ത രക്ഷിതാക്കളും വെട്ടിലായി.  പിള്ളാരൊന്നും ഹെല്‍മറ്റും ധരിച്ചില്ലായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരിക്കാന്‍ മുടിഞ്ഞ കാരണമുണ്ട്. തലേന്ന് ജന്റ്‌സ് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് മുള്ളന്‍ പന്നിയുടെ വിടര്‍ത്തിയ മുള്ളുകള്‍ പോലെ മുടിയെ കുത്തനെ നിര്‍ത്തി കോലം കെട്ടിച്ചത് ഹെല്‍മറ്റിട്ട് തകര്‍ക്കാനല്ല. ജെന്റ്‌സ് ബ്യൂട്ടി പാര്‍ലെറെന്നാല്‍ പഴയ ബാര്‍ബര്‍ ഷോപ്പ്. അതു കോലം മാറി സുന്ദരന്‍ പോസുകള്‍ വെച്ച് ത്രസിപ്പിക്കുന്നു. ബാര്‍ബര്‍ ഷോപ്പില്‍ കട്ടിങ്ങും സുന്ദരന്‍ ഷേവിംഗും കഴിഞ്ഞ് 80 രൂപ കൊടുത്തു പുറത്തിറങ്ങാം. പല ഹെയര്‍ജെല്ലുകള്‍ തേച്ച് യന്ത്രകാറ്റടിച്ച് മുടിയെ പറപ്പിച്ച് തലയില്‍ രോമാഞ്ചം സൃഷ്ടിക്കാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ വാങ്ങുന്നത് ആയിരത്തിലേറെ രൂപ. ഇളനീരിന്റെ മൂട് വെട്ടി തലയില്‍ കമഴ്ത്തി വെച്ച പോലെയും പായക്കപ്പലിനെ കാറ്റുപിടിച്ചതുപോലെയും  മുടി പീഡനം കലയായി. തലയ്ല്‍ കലാരൂപം ചമക്കുന്നത് കാണാന്‍ അതിരസം.

ആരെ അനുകരിച്ചാണ് ഈ മുടി പരിഷ്‌കാരം? ബോളിവുഡിന്റെയോ, കോളിവുഡിന്റെയോ, ടോളിവുഡിന്റെയോ, മലയാളി വുഡിന്റെയോ തലയിലൊന്നും കണ്ടില്ല. ഈ കോപ്രായം. എത്ര സുന്ദരം,  ഷാറുഖിന്റെയും, സല്‍മാന്‍ഖാന്റെയും, വരുണ്‍ ധവാന്റെയും, ജോണ്‍ എബ്രഹാമിന്റെയും ഹെയര്‍ സ്‌റ്റൈല്‍. ലക്ഷങ്ങള്‍ കൊടുത്ത് സ്വന്തം ഹെയര്‍ഡ്രൈസര്‍മാരെ കൊണ്ടു നടക്കുന്ന ഇവരൊന്നും തലയുടെ മേച്ചില്‍ പുറത്ത് ആഭാസ പരീക്ഷണങ്ങള്‍ നടത്തുന്നില്ല. സൂര്യയോ കാര്‍ത്തിയോ വിജയയോ തലയില്‍ പരിഷ്‌കാരം ചൂടിയില്ല. മലയാളത്തിന്റ യുവമന്നന്മാരായ ദുല്‍ഖറും ഉണ്ണിമുകുന്ദനും ആസിഫ് അലിയുമൊന്നും തല തൊട്ടുകളിച്ചിട്ടില്ല. യുവസാഹിത്യകാരന്മാരുടെയും ചെറുപ്പക്കാരായ രാഷ്ടീയക്കാരും മുടിക്കാര്യത്തില്‍ നോര്‍മല്‍. ലോകത്തെവിടെയെങ്കിലും ഈ മുടിക്കളി ജനകീയമായിട്ടുണ്ടോ എന്നറിയാന്‍ സന്തോഷ് കുളങ്ങരയുടെ 'സഞ്ചാരം' ശ്രദ്ധിച്ചു നോക്കി. തലവന്മാരുടെയും പ്രജകളുടെയും മുടി നന്നായി ചീകി വെച്ചതു തന്നെ. ആരില്‍ നിന്നാകാം ഈ മുടി സംസ്‌കാരം ഉള്‍ക്കൊണ്ടത്‌ ?

ആഫ്രിക്കയിലെ പ്രാകൃത ഗോത്രത്തില്‍ നിന്നുള്ള ഫുട്‌ബോളര്‍മാരുടെ, ഡി.ജെ ഡാന്‍സര്‍മാരുടെ, കൊക്കെയ്ന്‍ കച്ചവടക്കാരുടെ (കൊച്ചിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട നൈജീരിയക്കാരന്‍ കോളിന്‍സിന്റെ തല കണ്ടോ ?) കഞ്ചാവ് ശീലക്കാരുടെ ഈ മുടിക്കസര്‍ത്ത് ഒരു ഫാഷനല്ല. മുഖശ്രീയുള്ള പൊന്നുമക്കള്‍ ഒരു വ്യത്യസതതയ്ക്ക് പോലും അനുകരിക്കരുതാത്ത കോപ്രായം മാത്രമാണ്.

1960 കളിലും എഴുപതുകളിലും അന്നത്തെ ന്യൂ ജനറേഷനില്‍ അബ്ബയുടെയും ബീറ്റില്‍സിന്റെയും സ്വാധീനം മൂലം ഇത്തരമെരു മുടിബാധ ആവേശിച്ചു. ബാര്‍ബര്‍ ഷോപ്പ് പോലും നിഷിദ്ധമായ ഫാഷന്‍. താടിയും മുടിയും അലക്ഷ്യമായി വളര്‍ത്തുക, എന്നാലേ ബുദ്ധിജീവിയാകൂ. ആയിടെ അടിയന്തരാവസ്ഥ വന്നു. പുലിക്കോടനെ പോലുള്ള പോലീസുന്നതന്മാര്‍ മുടിയന്മാരെ പിടിച്ചു തലമൊട്ടയാക്കാന്‍ തുടങ്ങിയതോടെ നീണ്ട മുടികള്‍ക്ക് ഔട്ട്. ഈ മൊട്ടയടിയില്‍ പ്രതിഷേധിച്ച് മുടി നീട്ടിയ പന്ന്യന്‍ രവീന്ദ്രനെ പോലെ ആ പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങള്‍ അല്‍പമുണ്ട്. തൊട്ടാല്‍ പോട്ടെ, മുടിയെ അധിക്ഷേപിച്ചാല്‍ പോലും കുടുങ്ങിപോവുന്ന ഇക്കാലത്ത് വിചിത്ര മുടിയന്മാരെ കണ്ട് ഉള്ളില്‍ സങ്കടപ്പെടുകയോ ചിരിക്കയോ ചെയ്യാം.

മുടിയില്‍ കുടുങ്ങി കുറിപ്പിന്റെ ലക്ഷ്യം പോലും ദിശമാറുന്നുണ്ടോ. പുതിയ തലമുറയുടെ അനുസരണക്കേടിന്റെ പാപവും ശാപവും ഏറ്റുവാങ്ങേണ്ടി വരുന്നത് രക്ഷിതാക്കളാണ്. 'എന്താ ചെയ്യാ, പറഞ്ഞാല്‍ കേള്‍ക്കണ്ടേ' എന്ന പരിവേദനത്തേടെ രക്ഷിതാക്കള്‍ കൈ മലര്‍ത്തുന്നു. ഈ നിസഹായതയും നിസംഗതയുമാണ് കുറ്റകരം. ഉപ്പയെയും ഉമ്മയെയും, അച്ചനെയും അമ്മയെയും ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. തുറിച്ചു നോക്കിയാല്‍ പോലും മൂത്രിച്ചു പോവുന്ന ഭയഭക്തി, ബഹുമാനം. സ്‌കൂളിലും കണക്കിലും, സോഷ്യലിലും, സയന്‍സിലുമേറെ പഠിപ്പിച്ചത് അച്ചടക്കമായിരുന്നു.

പറഞ്ഞാലും കേള്‍ക്കണില്ല എന്ന് നിസഹായതയോടെ പരിതപിക്കേണ്ടി വരുന്ന രക്ഷിതാക്കളെ ആത്മ പരിശോധന നടത്തേണ്ടതുണ്ട്. വാഹനമോടിക്കവേ പിടിക്കപ്പെടുന്ന പയ്യനോടെപ്പം വാഹന ഉടമയും കേസില്‍ പെടുമെന്നത് തീര്‍ച്ചയായും ആ പയ്യന്റെ മേല്‍ ജാഗ്രത പുലര്‍ത്താന്‍ നിമിത്തമാവുന്നുണ്ട്. എല്ലാ ക്രിമിനല്‍, ജുവൈനല്‍ കേസിലും പ്രായപൂര്‍ത്തിയെത്താത്ത കേസിനൊപ്പം അച്ചനും പ്രതിയാവുമെന്ന് വന്നാല്‍ കൂടുതല്‍ ശ്രദ്ധയും നോട്ടവും രക്ഷിതാവിനുണ്ടാവുമല്ലോ. ശൈശവത്തില്‍ തന്നെ സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കള്‍  ബദ്ധ ശ്രദ്ധരായാല്‍ മക്കളുമായി കൂടുതല്‍ ഇടപഴകിയാല്‍ അലിഞ്ഞു ചേര്‍ന്നാല്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ല എന്ന പരാതിക്ക് പരിഹാരമാകും.

അതെങ്ങനെ ? അമ്മയുടെ അമ്മിഞ്ഞപ്പാലാറുന്നതിന് മുന്നേ പ്ലേ സ്‌കൂളില്‍. രണ്ടാം വയസില്‍ കിന്റര്‍ഗാര്‍ഡനില്‍ പിന്നെ എല്‍.കെ.ജി, യു.കെ.ജി ജീവിതത്തിന്റെ ആമുഖമായി ആദ്യത്തെ അഞ്ചുവര്‍ഷം മാതാപിതാക്കളാല്‍ പരിപാലിക്കപ്പെടാതെ കുഞ്ഞുമായി ഇടപഴകാതെ അനുസരണം പഠിപ്പിക്കുന്നതെങ്ങനെ. ശൈശവം ആരാന്റെ കീഴില്‍ അടിയറ വെക്കാതെ ആറാം വയസ് തൊട്ട് വിദ്യാഭ്യാസം തുടങ്ങിയ നമുക്ക് അതിന്റെ കുറവുണ്ടായിട്ടുണ്ടോ ?

പറഞ്ഞാല്‍ കേള്‍ക്കുന്നില്ല എന്ന ഏറ്റുപറച്ചില്‍ അംഗീകരിക്കാനാവില്ല. മക്കളുമായി കൂടുതല്‍ ഇഴുകി ചേര്‍ന്ന് കൂടുതല്‍ സംവദിച്ച് പോകുന്നവര്‍ക്ക് സ്നേഹം വാരിക്കോരി നല്കുമ്പോഴും നിയന്ത്രണം കൈവിടാതെ നോക്കുന്നവര്ക്ക് രക്ഷയുണ്ട്. കളിമൈതാനങ്ങളില്‍ കണ്ടിരുന്ന ഇഷ്ടവും ആവേശവും ഇന്നത്തെ യുവതയില്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു. ക്രിക്കറ്റ് കമ്പത്തിന് പോലും മങ്ങലേറ്റിട്ടുണ്ട്. സൗഹൃദവും കൂട്ടായ്മയും ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപിലൂടെയും മാത്രം. മണിക്കൂറുകളോളം പരിസരം മറന്ന് സമയബോധം മറന്ന് സോഷ്യല്‍ മീഡിയയില്‍ വിഹരിക്കാനും, വീഡിയോ ഗെയ്മുകളില്‍ വിനോദിക്കാനും മുതിരുന്ന യുവാക്കള്‍.

തന്നിലേക്ക് തന്നെ വലിയുന്ന സ്വാര്‍ത്ഥമതികളാവുന്നു. അന്യരുടെ വിവാഹം മുടക്കാനും, കുടുംബം തകര്‍ക്കാനും, ബ്ലാക്ക്‌മെയില്‍ ചെയ്യാനും, വര്‍ഗീയത പടര്‍ത്താനും, സംഘര്‍ഷം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുകയാണ് യുവതലമുറ. ഫാഷന്‍ എന്ന പേരില്‍ ന്യൂജനറേഷന്‍ കാട്ടിക്കൂട്ടുന്ന കോലപ്പകിട്ടുകള്‍ക്കും ആരോഗ്യം ഹനിക്കുന്ന ഭക്ഷണ രീതികള്‍ക്കും അതിന്റേതായ സംഭാവന സോഷ്യല്‍ മീഡിയ നല്‍കുന്നു. അടുത്തു നിന്നിടും അനുജനെ പോലും തടഞ്ഞു വീഴുമാറിരുണ്ട പോയ് രംഗം എന്ന് കവി പാടിയതു പോലെ. യുവതക്ക് ചുറ്റും ഇരുട്ടാണ്, കമ്പ്യൂട്ടര്‍ മോണിറ്ററിലും സ്മാര്‍ട്ട് ഫോണിലും മാത്രമേ ഇവര്‍ വെളിച്ചം കാണുന്നുള്ളു.

സോഷ്യല്‍ മീഡിയയെ വെറും വിനോദോപാധിയാക്കാതെ അശരണരുടെ ആശ്രയത്തിനും,  രോഗികളുടെ സാന്ത്വനത്തിനും, പാവങ്ങളുടെ സേവനത്തിനും ഉപയുക്തമാക്കി സമൂഹത്തില്‍ സ്വര്‍ഗവസന്തം തീര്‍ക്കുന്ന സന്മനസുകളും സല്‍ഗുണ സമ്പന്നരും ഒരുപാടൊരുപാടുണ്ടെന്ന് വിസ്മരിക്കാനാവില്ല. നന്മയുടെ പുതുലോകം സൃഷ്ടിക്കുന്ന കൂട്ടായ്മകളും അഭിനന്ദനം അര്‍ഹിക്കുന്നു. നാഥനില്ലാതെ, എന്തുമേതും പോസ്റ്റ് ചെയ്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അലവലാതികളെ നിയന്ത്രിക്കാന്‍ നന്മയുടെ കൂട്ടായ്മകള്‍ക്ക് സാധിക്കട്ടെ. പ്രാര്‍ത്ഥിക്കുന്നു ആശംസിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തലമുറകള്‍ക്കിടയിലെ താളപ്പിഴകള്‍

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL