Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 30/03/2015

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി രൂപം കൊടുത്ത എംഎല്‍എ മാര്‍ അധ്യക്ഷന്മാരായ സബ് കമ്മിറ്റികളും Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha

എന്‍ഡോസള്‍ഫാന്‍: സബ്കമ്മിറ്റികളും പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റികളും പത്തിനകം യോഗം ചേരും 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി  രൂപം കൊടുത്ത എംഎല്‍എ മാര്‍ അധ്യക്ഷന്മാരായ സബ് കമ്മിറ്റികളും പഞ്ചായത്ത് തല മോണിറ്ററിംഗ്   സമിതികളും ഏപ്രില്‍ 10നകം  യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാതല സെല്‍  യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍  ദുരിതബാധിതരുടെ പുരധിവാസത്തിനായുളള  ജില്ലാതല സെല്‍ യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി കെ. പി മോഹനന്‍ അധ്യക്ഷത വഹിച്ചു. നബാഡ് ആര്‍ഐഡിഎഫ് പദ്ധതികളുടെ അവലോകനത്തിന് ഏപ്രില്‍ 16 ന് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥതല യോഗം ചേരാനും  മന്ത്രി കെ.പി മോഹനന്‍ നിര്‍ദ്ദേശം നല്‍കി. ദുരിതബാധിതരുടെ  കടബാധ്യതകള്‍ എഴുതിതളളുന്നതിനായി  50000 രൂപയില്‍ താഴെ  വായ്പയെടുത്ത  912 പേരുടെ പട്ടിക സമര്‍പ്പിച്ചു. ഇതിനായി 7.50 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയില്‍ താഴെ കടബാധ്യതകളുളള 374 പേരുടെ പട്ടിക വിചാരണ നടത്തി തയ്യാറാക്കി.  മൂന്നുകോടി രൂപയാണ് ഇതിനാവശ്യം. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയില്‍  കടബാധ്യതയുളള 146 പേരുടെ  കടം എഴുതി തളളുന്നത്  സംബന്ധിച്ച് ഒരാഴ്ചയ്ക്കകം  തെളിവെടുപ്പ്  നടത്തും. അടുത്ത എന്‍ഡോസള്‍ഫാന്‍  സെല്‍ യോഗത്തില്‍ സമര്‍പ്പിക്കുമന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ  പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധ ക്ഷണിക്കാനായി  അവതരിപ്പിച്ചതായി  യോഗത്തില്‍ പി. കരുണാകരന്‍ എം പി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച  485 കോടി രൂപയുടെ  നിര്‍ദ്ദേശത്തോട് കേന്ദ്ര  ആരോഗ്യ മന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചത്.  ദേശീയ മനുഷ്യഏവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍  കൂടി പരിഗണിച്ചുകൊണ്ട് ഈ മേഖലയില്‍ കൂടുതല്‍ തുക വിനിയോഗിക്കാനുളള നടപടികള്‍ക്കാണ് ശ്രമിക്കുന്നതെന്ന് പി. കരുണാകരന്‍ എംപി പറഞ്ഞു. 

ഏഴു വര്‍ഷമായി സേവനം നടത്തുന്ന  ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്‌സുമാരുടെ  സേവനം തുടരണമെന്ന സെല്‍ അംഗങ്ങളുടെ  ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.  താല്‍ക്കാലികമായി  ജെപിഎച്ച്എന്‍ മാരെ സ്‌കൂള്‍ ഹെല്‍ത്ത്  പ്രൊജക്ടിലേക്ക് മാറ്റും.  എന്‍ഡോള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരിയാരം ആയൂര്‍വേദ മെഡിക്കല്‍ കോളേജിലും,  സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്  കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ ബിരുദാനന്തര ബിരുദമുളള നേത്ര വിദഗ്ധന്റെ സേവനം എല്ലാ ആഴ്ചകളിലും ലഭ്യമാക്കാനും  യോഗം തീരുമാനിച്ചു.  ആദ്യഘട്ടത്തില്‍  ആഴ്ചയില്‍ ഒരു ദിവസമായിരിക്കും  ഈ സേവനം ലഭിക്കുക. 

അമൃത മെഡിക്കല്‍ കോളേജില്‍ 25 പേര്‍ക്ക് ഹൃദ്രോഗ ശസ്ത്രക്രിയ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് അഷീല്‍ അറിയിച്ചു.പിലിക്കോട്  അഭിജിത്ത് , കുമ്പളയിലെ  മുസമല്‍ എന്നിവരെ ദുരിതബാധിത പട്ടികയിലുള്‍പ്പെടുത്തുന്നതിനുളള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ സമര്‍പ്പിച്ചു.  പ്രത്യേക മെഡിക്കല്‍ ക്യാമ്പ് മേയ്  മാസത്തിനുശേഷം നടക്കും. ഇതിനുളള  രജിസ്‌ട്രേഷന്‍  ആരംഭിച്ചു.  എന്‍ഡോസള്‍ഫാന്‍  പുനരധിവാസ സെല്ലിന്റെ അടുത്ത യോഗം ഏപ്രില്‍ 27ന് ചേരും. പി. കരുണാകരന്‍ എംപി, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍(ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി.പി ശ്യാമളാദേവി, എന്‍ഡോസള്‍ഫാന്‍ പുനരധിവാസസെല്‍ അംഗങ്ങളായ   പി. ഗംഗാധരന്‍ നായര്‍ നാരായണന്‍ പേരിയ,  കെ.ബി മുഹമ്മദ് കുഞ്ഞി, മടിക്കൈ കമ്മാരന്‍,  സി ജയകുമാര്‍ തണല്‍, പി. മുരളീധരന്‍, പപ്പന്‍ കുട്ടമത്ത്,എ.വി രാമകൃഷ്ണന്‍, എം മാധവന്‍ നമ്പ്യാര്‍, എ കുഞ്ഞിരാമന്‍നായര്‍, നഗരസഭാ ,ചെയര്‍പേഴ്‌സണ്‍മാരായ കെ ദിവ്യ, വി ഗൗരി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ടുമാരായ  ടി.വി ഗോവിന്ദന്‍, എ. കൃഷ്ണന്‍, ബി.എം  പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതി പുരോഗതി ആര്‍ഡിഒ യുടെ ചുമതല വഹിക്കുന്ന എന്‍. ദേവീദാസും ആരോഗ്യമേഖലയിലെ  പ്രവര്‍ത്തനങ്ങള്‍  എന്‍.ആര്‍.എച്ച്.എം  ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. മുഹമ്മദ് അഷീലും അവതരിപ്പിച്ചു. 
Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha

വരള്‍ച്ച: 1.56 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി 

ജില്ലയില്‍ രൂക്ഷമാകുന്ന  കുടിവെളളക്ഷാമം നേരിടാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍  സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്  ജില്ലയുടെ ചുമതലയുളള കൃഷിവകുപ്പ് മന്ത്രി  കെ.പി മോഹനന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വരള്‍ച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാങ്കര്‍ലോറികളില്‍ വെളളം എത്തിക്കുന്നതിന്  പ്രദേശങ്ങളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ  അറിയിക്കണം പഞ്ചായത്തുകളും നഗരസഭകളും  ടാങ്കര്‍ലോറികളില്‍  കുടിവെളള വിതരണം നടത്തുന്നതിനുളള നടപടി സ്വീകരിക്കണം.  കേരള ജല അതോറിറ്റിക്ക്  ലഭിക്കാനുളള  മെയിന്റനന്‍സ് കുടിശ്ശിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രവൃത്തികളില്‍ 1,56,79,079 രൂപയുടെ  പദ്ധതികള്‍ക്ക്  ഭരണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍  യോഗത്തില്‍ അറിയിച്ചു.  കുഴല്‍ കിണറുകളും ഹാന്‍ഡ് പമ്പുകളും അറ്റകുറ്റപണി നടത്തുന്നതിന്  362 അപേക്ഷകള്‍ക്ക്  2856000 രൂപയുടെയും പുതിയ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ 7 പ്രവൃത്തികള്‍ക്ക്  704075 രൂപയുടെയും  26 കുടിവെളള പദ്ധതികള്‍ക്ക്  11419000 രൂപയുടെ ഭരണാനുമതി നല്‍കി. ജില്ലാ പഞ്ചായത്തിന്റെ കിണറും മഴവെളള സംഭരണിയും  അറ്റകുറ്റപണി നടത്താന്‍  7 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ബ്ലോക്കു പഞ്ചായത്തുകളില്‍ കാസര്‍കോട് -55 ലക്ഷം, മഞ്ചേശ്വരം- 35.6 ലക്ഷം കുമ്പള ഗ്രാമപഞ്ചായത്ത് - 10 ലക്ഷം മടിക്കൈ- 13.6 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി നല്‍കിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ടാങ്കര്‍ ലോറികളില്‍ കുടിവെളളം എത്തിക്കുന്നതിനും  തീരുമാനിച്ചു. 

ഗ്രാമപഞ്ചായത്തുകളില്‍ കുമ്പള- 58, മംഗല്‍പാടി- 46, ബദിയടുക്ക-44, വോര്‍ക്കാടി - 33, അജാനൂര്‍ -15, മുളിയാര്‍-13, മഞ്ചേശ്വരം -27,  പുല്ലൂര്‍-പെരിയ- 21, ബളാല്‍-21, പിലിക്കോട്-5, ബേഡഡുക്ക-13, കാഞ്ഞങ്ങാട് നഗരസഭ-18, കാസര്‍കോട് നഗരസഭ- പുതിയ ബോര്‍വെല്‍ 1 തുടങ്ങിയ പ്രവൃത്തികളാണ് ഭൂജല വകുപ്പ് വഴി നടപ്പാക്കുന്നത്.  രൂക്ഷമായ കുടിവെളളക്ഷാമം നേരിടാന്‍  ടാങ്കര്‍ലോറികളില്‍  വെളളമെത്തിക്കുന്നതിന് 50 ലക്ഷം രൂപ ചെലവ്  പ്രതീക്ഷിക്കുന്നു.  യോഗത്തില്‍ എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍(ഉദുമ),കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍ എഡിഎം എച്ച് ദിനേശന്‍. ആര്‍ഡിഒ ഇന്‍ ചാര്‍ജ്ജ് എന്‍. ദേവീദാസ്, നഗരസഭാ പ്രതിനിധികള്‍, വിവിധ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.  

നിയമനം നടത്തും 

സംസ്ഥാന  വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂള്‍ റിസോഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് അക്കാദമി ഫോര്‍ ഹൈറ്റ്‌സിന്റെ (റീച്ച്) കണ്ണൂര്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും.  അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍, അസോസിയേറ്റ് സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍  എന്നീ തസ്തികകളിലേക്കാണ് നിയമനം. പ്രായപരിധി 35 വയസ്സ്.  താത്പര്യമുളളവര്‍ hr1@reach.org.in  എന്ന ഇ-മെയില്‍ വിലാസത്തിലോ , റീച്ച്, പീരാക്കംതടം, പിലാത്തറ 670504, കണ്ണൂര്‍ എന്ന വിലാസത്തിലോ ഏപ്രില്‍ എട്ടിനകം അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04972800572, 9496015018. 

തൊഴില്‍രഹിത വേതനം കൈപ്പറ്റണം 

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍  തൊഴില്‍രഹിത വേതനം വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക്  5 ഗഡു തൊഴില്‍രഹിതവേതനം ഇന്ന് രാവിലെ  11 മണിമുതല്‍ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍  വിതരണം ചെയ്യും ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ കാര്‍ഡ്, മതിയായ രേഖകള്‍ ഹാജരാക്കി വേതനം കൈപ്പറ്റണമെന്ന്  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
  
ഒറ്റത്തവണ തീര്‍പ്പാക്കല്‍ തീയതി നീട്ടി  

ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും എടുത്ത ഭവന വായ്പയുടെ കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിനുളള  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ തീയതി സെപ്തംബര്‍  30 വരെ നീട്ടി . താഴ്ന്ന വരുമാനക്കാര്‍ക്കും  ഇടത്തരം വരുമാനക്കാര്‍ക്കും മുടക്കപലിശയുടെ 70 ശതമാനം  പിഴപലിശ പൂര്‍ണ്ണമായും ഉയര്‍ന്ന വരുമാനക്കാര്‍ക്ക്  മുടക്ക, പിഴപലിശകളില്‍ 50 ശതമാനവും ഇളവ് അനുവദിച്ചുളള പദ്ധതിയാണിത്.  

കുടിവെളളത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന നല്‍കി  കുമ്പള പഞ്ചായത്ത് ബജറ്റ് 

കുടിവെളളം- കൃഷി- പാര്‍പ്പിടം  എന്നിവയ്ക്ക് മുന്‍ഗണന നല്‍കികൊണ്ട് കുമ്പള ഗ്രാമപഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ ബജറ്റ്  വൈസ് പ്രസിഡണ്ട് മഞ്ചുനാഥ ആള്‍വ അവതരിപ്പിച്ചു. 18കോടി  55 ലക്ഷം രൂപ വരവും 16 കോടി 45 ലക്ഷം രൂപ ചെലവും  രണ്ട് കോടി  11 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന  ബഡ്ജറ്റാണ്  കുമ്പള ഗ്രാമപഞ്ചായത്തിന്റെത് . ഭവനനിര്‍മ്മാണത്തിന്  രണ്ട് കോടിയും  കുടിവെളള പദ്ധതിക്ക് 40 ലക്ഷം രൂപയും വനിതാക്ഷേമപദ്ധതികള്‍ക്ക്  45 ലക്ഷം രൂപയുമാണ്  ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുളളത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറയുടെ അധ്യക്ഷതയില്‍  വൈസ് പ്രസിഡണ്ട്് മഞ്ചുനാഥ ആള്‍വ ബഡ്ജറ്റ് അവതരിപ്പിച്ചു.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.എം നസീമ, എം നസീമ  , ഭരണസമിതിയംഗങ്ങളായ  എംഎം ഇബ്രാഹിം മൊഗര്‍, ബി.എ റഹ്മാന്‍,  രമേശ്  ഭട്ട്. പി.എസ് അശ്വിന്‍, എം.എ മൂസ, ടി.എം ഷുഹൈബ്, ഫാത്തിമ അബ്ദുളളകുഞ്ഞി, നൂര്‍ജഹാന്‍, മറിയമ്മ മൂസ, ബി.എന്‍ മുഹമ്മദലി , ആര്‍ മുഹമ്മദ് കുഞ്ഞി, കെ. ശങ്കര, കെ. സുലോചന, പ്രേമഷെട്ടി, ശോഭാവതി, കുടുംബശ്രീ  ചെയര്‍പേഴ്‌സണ്‍  സബൂറ, അസി,സെക്രട്ടറി അച്ചുത മണിയാണി  എന്നിവര്‍ സംസാരിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യൂസുഫ് ഉദ്യാവര്‍ സ്വാഗതവും പഞ്ചായത്ത്  സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.  

ഉല്പാദനമേഖലയ്ക്ക് പ്രാധാന്യം നല്‍കി ചെമ്മനാട് ഗ്രാമപഞ്ചായത്ത്  

ചെമ്മനാട് പഞ്ചായത്തിന്റെ  2015-16 ബഡ്ജറ്റ് അവതരിപ്പിച്ചു. 181205689 രൂപ വരവും 174694193 രൂപ ചെലവും 6511496   രൂപ മിച്ചവുമുളള ബജറ്റ് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് കല്ലട്ര  അബ്ദുള്‍ ഖാദര്‍  അവതരിപ്പിച്ചു ഉല്പാദന മേഖലയ്ക്ക് മുന്തിയ  പരിഗണന നല്‍കിയ ബഡ്ജറ്റ് കൃഷി , മൃഗസംരക്ഷണം, ബയോഗ്യാസ് പ്ലാന്റ് എന്നീ മേഖലകള്‍ക്കായി 16057820 രൂപ നീക്കി വെച്ചു. പ്രൈമറി വിദ്യാഭ്യാസം , കലാകായിക സംസ്‌ക്കാരം , പൊതുജനാരോഗ്യപരിപാടികള്‍, കുടിവെളള വിതരണം, ശാരീരിക മാനസിക വെല്ലുവിളികള്‍  നേരിടുന്നവര്‍ക്കുളള ക്ഷേമപരിപാടികള്‍ , ദാരിദ്ര്യ ലഘൂകരണ പരിപാടികള്‍, വനിതാക്ഷേമപരിപാടി തുടങ്ങിയ സേവന മേഖലകള്‍ക്ക്  29458993 രൂപയും  പഞ്ചായത്തിലെ സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക്  ആശ്രയമേകാനായി  23 വാര്‍ഡുകളിലും  ആധുനിക സൗകര്യങ്ങളോടുകൂടിയ ഗ്രാമകേന്ദ്രങ്ങള്‍  സ്ഥാപിക്കുന്നതിനായി  1300000 രൂപയും നീക്കിവെച്ചു. എല്ലാ വാര്‍ഡുകളിലും കുടുംബശ്രീ എഡിഎസ് പ്രവര്‍ത്തകരായ ഫെസിലിറ്റേറ്റര്‍മാരെ തെരഞ്ഞെടുത്തുകൊണ്ട്  ഗ്രാമകേന്ദ്രങ്ങളില്‍  കംപ്യൂട്ടര്‍ , ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി  കൊണ്ട്  വിവിധ സേവനങ്ങള്‍  ലഭ്യമാക്കുവാന്‍ ലക്ഷ്യം  വെച്ചുളളതാണ് പരിപാടി.   ഭവന രഹിതരായിട്ടുളള  കുടുംബങ്ങള്‍ക്ക്  ഭവനം നിര്‍മ്മിക്കുന്നതിനായി  14280000 രൂപ വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ  വികസനത്തിനും  അറ്റകുറ്റ പണികള്‍ക്കും  15300000 രൂപയും  ബഡ്ജറ്റില്‍ വകയിരുത്തി. പഞ്ചായത്തിന്റെ അധീനതയിലുളള  ആശുപത്രികള്‍, സ്‌കൂളുകള്‍, കൃഷിഭവന്‍, അങ്കണവാടികള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും  ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുമായി 6000000 രൂപ മാറ്റിവെച്ചു മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ പരിപാടികള്‍  എന്നിവയ്ക്കായി 1550000 രൂപയും  നീക്കി വെച്ചു. ബഡ്ജറ്റ് അവതരണയോഗത്തില്‍  പഞ്ചായത്ത് പ്രസിഡണ്ട്  ആയിഷാ സഹദുളള  ആമുഖ പ്രസംഗം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി.ടി സുരേന്ദ്രന്‍ സംസാരിച്ചു. സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍മാരായ ഷംസുദ്ദീന്‍ തെക്കില്‍,  സെറീന അബ്ദുളള കുഞ്ഞി, സുഫൈജ അബൂബക്കര്‍, മെമ്പര്‍മാരായ  നാരായണന്‍ നായര്‍, വി. രാജന്‍, ഗംഗാ സദാശിവന്‍, ഷംസുദ്ദീന്‍ ചെമ്പരിക്ക എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു 

മുന്‍കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന  പ്രൊഫ. ടി.സി മാധവപ്പണിക്കരുടെ  പേരില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു കണ്ണൂര്‍ സര്‍വ്വകലാശാല ബി.എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇ. ശ്രീവിദ്യ, എംഎസ് സി  ജിയോളജി പരീക്ഷയില്‍ ഒന്നാംറാങ്ക്  കരസ്ഥമാക്കിയ  കെ.എം  വസുധ എന്നിവര്‍ക്കുളള  അവാര്‍ഡുകള്‍  പ്രൊഫ. ബി. ബാട്ട്യ വിതരണം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എം. രമ അധ്യക്ഷയായിരുന്നു. പ്രൊഫ. എല്‍. അനന്തപത്മനാഭ, ജിയോളജി  അസോസിയേഷന്‍ സെക്രട്ടറി എം. നിധിന്‍, മുന്‍കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും എന്‍ഡോവ്‌മെന്റ്  കമ്മിറ്റി കണ്‍വീനറുമായ  പ്രൊഫ. വി ഗോപിനാഥന്‍ , കെ.എം വസുധ, ഇ. ശ്രീവിദ്യ തുടങ്ങിയവര്‍ സംസാരിച്ചു. 

ഓട്ടോകാഡ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

പെരിയ ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ട് മാസം  ദൈര്‍ഘ്യമുളള ഓട്ടോകാഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസ്സായവര്‍ക്ക്  അപേക്ഷിക്കാം.  കോഴ്‌സ് ഫീസ് 3500 രൂപ. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  അംഗീകൃ സര്‍ട്ടിഫിക്കറ്റ്  ലഭിക്കും.  താല്‍പര്യമുളളവര്‍ ഏപ്രില്‍ ആറിന്  11 മണിക്ക്  പെരിയ പോളിടെക്‌നിക്ക്  കോളേജില്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. 

ഫലം പ്രസിദ്ധീകരിച്ചു 

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്  ഹ്യൂമണ്‍ റിസോഴ്‌സസ് ഡെലവപ്‌മെന്റ് (ഐ.എച്ച്. ആര്‍.ഡി) ഡിസംബറില്‍ നടത്തിയ പിജിഡിസിഎ, പിജിഡിഎഇ,ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎല്‍ഐഎസ് എന്നീ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. ് പരീക്ഷ കേന്ദ്രങ്ങളില്‍ ഫലം ലഭ്യമാണ്.    ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റിലും www.ihrd.ac.in ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

 ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം 

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ  പെന്‍ഷന്‍  ഗുണഭോക്താക്കളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ഏപ്രില്‍ 15നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണം.   പെന്‍ഷന്‍  ആനുകൂല്യ അപേക്ഷയോടൊപ്പം  ബാങ്ക് പാസ്ബുക്ക് നല്‍കാത്തവര്‍ ഹാജരാക്കണം. 

 ഹിന്ദി ബി.എഡ് ട്രെയിനിംഗ്  

ബി.എഡിന് പകരം  യോഗ്യതയായി  പിഎസ് സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍  2015-16 ബാച്ച് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഹിന്ദിയിലുളള  ബിരുദം, ബിരുദാനന്തര ബിരുദം , പ്രവീണ്‍, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  മെറിറ്റ് ക്വാട്ടയില്‍  പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍, മറ്റര്‍ഹവിഭാഗക്കാര്‍ ഒഴികെയുളളവര്‍ 0202-01-102-92 (മറ്റിനങ്ങളില്‍ നിന്നുളള വരവുകള്‍)  എന്ന ശീര്‍ഷകത്തില്‍  അഞ്ചു രൂപയുടെ  ട്രഷറി ചലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെറിറ്റ് ക്വാട്ടയിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്‌മെന്റ് ക്വാട്ടയിലേക്കുളള അപേക്ഷ  ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍ പോസ്റ്റ്, 691523 പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും അയക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04734 226028, 9446321496. 

സൗജന്യ യോഗക്ലാസ്സുകള്‍  

സഹൃദയയും കാസര്‍കോട് ജനമൈത്രി പോലീസും ചേര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയുടെയും (ഐഎഡി) പ്രശസ്ത യോഗാചാര്യന്‍, ഡോക്ടര്‍മാര്‍ എന്നിവരുടെയും സഹകരണത്തോടെ  എ. ആര്‍ ക്യാമ്പില്‍ സൗജന്യ യോഗ ക്ലാസ്സുകള്‍ നടത്തും. നാളെ(ഏപ്രില്‍1) മുതല്‍ രാവിലെ 6.30 നാണ് യോഗ.  പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. സെമിനാറുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 

കുടുംബശ്രീ  50 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു  

ദേശീയ ഗ്രാമീണ ഉപജീവന്‍ മിഷന്റെ  കീഴില്‍  കുടുംബശ്രീ മുഖേന കാസര്‍കോട് ജില്ലയിലെ 300 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക്  15000 വീതവും രണ്ട് കുടുംബശ്രീ  സിഡിഎസുകള്‍ക്ക് 5 ലക്ഷം  രൂപ വീതവും  350 മാസ്റ്റര്‍ ഫാര്‍മേഴ്‌സിന് 2500 രൂപാ വീതവും  വിതരണം ചെയ്തു. .പി  കരുണാകരന്‍ എം പി  സഹായം വിതരണം ചെയ്തു.  എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പിരിക്ക, മാഹിന്‍ കേളോട്ട് , കെ.വി വിജയന്‍, മുഹമ്മദ് കുഞ്ഞി എന്നിവരും സംസാരിച്ചു. 

പ്രീ ഡ്രൈവിംഗ് ടെസ്റ്റ് ക്ലാസ്സുകള്‍ 

ഏപ്രില്‍ മാസത്തെ  പ്രീ ഡ്രൈവിംഗ് ടെസ്റ്റ് ക്ലാസ്സുകള്‍ പ്രവൃത്തി ദിവസങ്ങളുളള എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും കാസര്‍കോട് സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ  നടത്തുമെന്ന് കാസര്‍കോട് ആര്‍ടിഒ അറിയിച്ചു. 

തൊഴില്‍ രഹിത വേതനം വിതരണം ചെയ്യും

ഉദുമ ഗ്രാമപഞ്ചായത്തിലെ 2014 ഏപ്രില്‍ മുതല്‍  ആഗസ്റ്റ്‌വരെയുളള തൊഴില്‍ രഹിത വേതനം  ഏപ്രില്‍ 4 വരെ   ഉദുമ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവ  ഹാജരാക്കി തൊഴില്‍രഹിത വേതനം കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സമഗ്ര പുനരധിവാസഗ്രാമം വീണ്ടും ശില്‍പശാല നടത്തും

സമഗ്ര പുനരധിവാസ ഗ്രാമം കരട് രൂപരേഖ ചര്‍ച്ച ചെയ്യാന്‍ രണ്ടാംഘട്ട ശില്‍പശാല ഏപ്രില്‍23ന് ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേരും. എന്‍ഡോള്‍ഫാന്‍ പുനരധിവാസത്തിനായുളള ജില്ലാസെല്‍ അംഗങ്ങള്‍ക്കും  ജനപ്രതിനിധികള്‍ക്കുമുളള ആദ്യഘട്ട ശില്‍പശാല ജില്ലാ ആസൂത്രണസമിതി ഹാളില്‍ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. എന്‍.എ നെല്ലിക്കുന്ന്  എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ  കെ. കുഞ്ഞിരാമന്‍(ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത്   പ്രസിഡണ്ട് പി.പി ശ്യാമളാദേവി സംബന്ധിച്ചു. ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ സ്വാഗതവും എന്‍ഡോ സള്‍ഫാന്‍ സെല്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍ പി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു . എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി അസി. നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍  പ്രൊജക്ട് അവതരിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാക്കുളള  സഹവര്‍ത്തിത്വജീവിതം , തീവ്രശ്രദ്ധ പരിചരണം 18 ന് താഴെയുളള കുട്ടികള്‍ക്കുളള  ഫോസ്‌ററര്‍  കെയര്‍, ഹരിത പരിസ്ഥിതി സൃഷ്ടി എന്നീ വിഭാഗങ്ങളിലായി  വിവിധ ഗ്രൂപ്പുകളുടെ  ചര്‍ച്ച നടത്തി. സെല്‍ മുന്‍ഡെപ്യൂട്ടികളക്ടറായ  പി.കെ സുധീര്‍ ബാബു, സി. ജയകുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നാരായണന്‍ പേരിയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ  പ്രതിനിധികളേയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഏപ്രില്‍ 23ന് രണ്ടാം ഘട്ട ശില്‍പശാല നടത്തും.  എന്‍ഡോസള്‍ഫാന്‍  ദുരിതബാധിതരായവരുടെ പൂര്‍ണ്ണമായും  കിടപ്പിലായവര്‍, ബുദ്ധിമാന്ദ്യംനേരിടുന്നവര്‍ തുടങ്ങിയ  പുനരധിവാസം ആവശ്യമുളളവരെ  ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പിന്റെ  മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന   ബൃഹത്തായ ഗ്രാമ സമഗ്രപുനരധിവാസ സംവിധാനത്തിനാണ് രൂപം നല്‍കുന്നത്. പുനരധിവാസ ഗ്രാമത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓപ്പണ്‍എയര്‍ തീയേറ്റര്‍ സ്ഥാപിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. 
വേതനം കൈപ്പറ്റണം

ചെങ്കള ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 2014 ഏപ്രില്‍ മാസം മുതല്‍  ആഗസ്റ്റ് മാസം വരെയുളള തൊഴില്‍ രഹിത വേതനം ഇന്നും നാളെയുമായി പഞ്ചായത്ത് ഓഫീസില്‍ നിന്നും കൈപ്പറ്റണം.  രാവിലെ  10മണി മുതല്‍ 3 മണിവരെ  വിതരണം ചെയ്യും  ആവശ്യമായ രേഖകള്‍ സഹിതം  പഞ്ചായത്താഫീസില്‍  ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment