Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണം കടത്തിയത് ആര്‍ക്കു വേണ്ടി ? വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സംശയം

കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കൊണ്ടുവരുന്നതിനിടെ 1.290 കിലോ സ്വര്‍ണം പിടികൂടിയ Gold, Seized, Kasargod, Kerala, Police, Accused, Press Meet, SP office, Bag, Arrest.
കാസകോട്ട്: (www.kasargodvartha.com 26/02/2015) കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കൊണ്ടുവരുന്നതിനിടെ 1.290 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തോടെ കാസര്‍കോട്ടേക്കുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നു. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കാസര്‍കോട് ആദൂരില്‍വെച്ച് ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ്, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍, ആദൂര്‍ എസ്.ഐ. ടി.പി. ദയാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്വര്‍ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും എത്തിയ കോളിയടുക്കത്തെ അബ്ദുല്ലക്കുഞ്ഞി (22), മേല്‍പറമ്പിലെ മുഹമ്മദ് റാശിദ് (26) എന്നിവരെയാണ് സ്വര്‍ണവുമായി പോലീസ് പിടികൂടിയത്. ഇവര്‍ കൊണ്ടുവന്ന ചെറുതും വലുതുമായ നാല് ട്രോളി ബാഗുകളിലായാണ് സ്വര്‍ണം തകിട് രൂപത്തിലാക്കി ഒളിപ്പിച്ചുവെച്ചിരുന്നത്. വ്യാപകമായി സ്വര്‍ണക്കടത്ത് നടത്തുന്ന വിവരം അറിഞ്ഞിട്ടും ഇവരുടെ ലഗേജ് എയര്‍പോര്‍ട്ടില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി പുറത്തുവന്നത് എങ്ങനെയാണെന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.

സ്വര്‍ണക്കടത്തിന് എയര്‍പോട്ടിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന സൂചനയാണ് ഇത് വെളിപ്പെടുന്നത്. പിടികൂടിയ സ്വര്‍ണം തങ്ങളുടേതാണെന്നാണ് പിടികൂടുമ്പോള്‍ പ്രതികള്‍ പറഞ്ഞത്. സ്വര്‍ണം കൊടുത്തയക്കുന്നവര്‍ അവരുടെ പേര് പറയാതിരിക്കാന്‍ കാരിയര്‍മാരോട് പ്രത്യേകം നിര്‍ദേശിക്കാറുണ്ട്. ഇങ്ങനെ പറഞ്ഞാല്‍ നികുതി അടച്ച് ഇവര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇവരുടെ കേസും മറ്റുകാര്യങ്ങളും സ്വര്‍ണക്കടത്തിലെ 'ബോസുമാര്‍' നോക്കുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിസിറ്റിംഗ് വിസയിലാണ് ഇരുവരും ഷാര്‍ജയില്‍ നിന്നും സ്വര്‍ണം കടത്തിയത്. ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പലതവണ ഗള്‍ഫ് സന്ദര്‍ശിച്ചതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാനത്താവള അധികൃതരുടെ പങ്ക് സംശയിക്കപ്പെടുന്നത്. വിമാനത്താവളത്തില്‍വെച്ച് സ്വര്‍ണം പിടികൂടാതെ വഴിയില്‍വെച്ച് പോലീസ് സ്വര്‍ണം പിടികൂടുന്നത് അപൂര്‍വമാണ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

മേക്കപ്പ് സാധനങ്ങള്‍ എന്ന വ്യാജേന ബന്ധുവാണ് ബാഗ് തന്നുവിട്ടതെന്നാണ് കേസിലെ ഒരു പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. ഈ ബാഗില്‍നിന്നും സൗന്ദര്യ വര്‍ധക വസ്തുക്കളും മറ്റും കണ്ടെടുത്തു. മറ്റൊരാളുടെ ബാഗില്‍ വസ്ത്രങ്ങളും മറ്റുമാണ് ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രണ്ട് പേരും കരിയര്‍മാരാണെന്ന് പോലീസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തിന് എയര്‍പോര്‍ട്ട് അധികൃതരുടെ പങ്ക് സംബന്ധിച്ച് പ്രതികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Who is behind gold smuggling

Related News:
ആദൂരില്‍ വന്‍ സ്വര്‍ണവേട്ട: ബസില്‍ കടത്തുകയായിരുന്ന 1.290 കിലോ സ്വര്‍ണവുമായി 2 പേര്‍ അറസ്റ്റില്‍

Post a Comment