Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡോ. അബൂബക്കര്‍, അനാഥനായി സഅദിയയുടെ മുറ്റത്തെത്തി, ഇപ്പോള്‍ വീണ്ടും അനാഥനായി

9 ാം വയസില്‍ സഅദിയയില്‍ എത്തി പിന്നെ എം എ ഉസ്താദിന്റെ ആശിര്‍വാദത്തോടെ ഡോക്ടറായി ഇന്ന് Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Doctor, Deli, Jamia-Sa-adiya-Arabiya, Student, Dr. Aboobacker
'നഷ്ടപ്പെട്ടത് സ്‌നേഹ നിധിയായ ഉപ്പയെ......'

(www.kasargodvartha.com 28/02/2015)  9 ാം വയസില്‍ സഅദിയയില്‍ എത്തി പിന്നെ എം എ ഉസ്താദിന്റെ ആശിര്‍വാദത്തോടെ ഡോക്ടറായി പ്രാക്ടീസ് നടത്തുന്ന ഡോ. അബൂബക്കര്‍ മനസ് തുറക്കുന്നു.

എം.എ ഉസ്താദിന്റെ മരണം തന്നെ വീണ്ടും അനാഥനാക്കിയെന്ന് സഅദിയ അനാഥാലയത്തില്‍ വളര്‍ന്ന് എംബിബിഎസ് പഠിച്ച് ആതുരസേവനം നടത്തുന്ന ഡോ. അബൂബക്കര്‍ പറയുന്നു. 5 ാം വയസിലായിരുന്നു സ്വന്തം ഉപ്പയുടെ മരണം.

അന്ന് അനാഥത്വത്തിന്റെ വേദന അറിഞ്ഞിരുന്നില്ല. ഇന്ന് തന്നെ താനാക്കിയ എം.എ ഉസ്താദിന്റെ മരണം താങ്ങാനാവുന്നില്ലെന്ന് പറയുമ്പോള്‍ ഡോക്ടറുടെ കണ്ണു നിറയുന്നു. തന്റെ 9ാം വയസിലാണ് സഅദിയ അനാഥാലയത്തില്‍ അബൂബക്കര്‍ എത്തിയത്. അന്ന് മുതല്‍ ഉസ്താദായിരുന്നു എല്ലാം. പഠനത്തില്‍ മുന്നേറാന്‍ പ്രചോദനം നല്‍കിയതും ഉസ്താദ് തന്നെ. തന്റെ ജീവിതത്തെ കുറിച്ച് ഡോക്ടര്‍ കാസര്‍കോട്‌വാര്‍ത്തയോട് ഉള്ളുതുറന്നു.

മുട്ടത്തൊടിയിലെ ബീരാന്‍ മൊയ്തീന്റെയും സൈനബയുടെയും മകന്‍ ഇന്ന് സ്വപ്‌നം കാണാനാവുന്നതിലും മേലെയാണ്. ഭര്‍ത്താവിന്റെ മരണത്തോടെ ഏഴും അഞ്ചും, മൂന്നും, ഒന്നരയും വയസുള്ള നാല് മക്കളുമായി പിന്നീട് മാതാവ് സൈനബയുടെ ജീവിതം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു.  മത പഠനത്തോടുള്ള താല്‍പര്യം കണ്ട് ബന്ധുക്കള്‍ അബൂബക്കറിനെ സഅദിയയില്‍ എത്തിക്കുകയായിരുന്നു.

മതപഠനത്തിനായി സഅദിയ അനാഥാലയത്തില്‍ ചേര്‍ന്ന അബൂബക്കറിനെ എം.എ ഉസ്താദിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ത്തു. അന്ന് 10 അനാഥ കുട്ടികളെയാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തിരുന്നത്. ആ ബാച്ചില്‍ അബൂബക്കര്‍ മാത്രമാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. ഉസ്താദിന്റെ നിരന്തര ശ്രദ്ധയും ഉപദേശവുമാണ് പഠനത്തില്‍ മുന്നേറുന്നതിന് കരുത്ത് പകര്‍ന്നത്. ഒന്നിലും നിരാശ പാടില്ലെന്നും അല്ലാഹുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് ഏറെ പ്രതീക്ഷ പുലര്‍ത്തണമെന്നുമുള്ള പാഠമാണ് ഉസ്താദ് പഠിപ്പിച്ചത്.

യോനപ്പോയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ വൈ. അബ്ദുല്ലക്കുഞ്ഞി ഹാജി കുമ്പോല്‍ തങ്ങളുടെ താല്‍പര്യപ്രകാരം നല്‍കിയ ഒരു എം.ബി.ബി.എസ് സീറ്റ് തങ്ങള്‍ സഅദിയക്ക് നല്‍കി. എം.എ ഉസ്താദ് ആ സീറ്റിലേക്ക് അബൂബക്കറിനെ പറഞ്ഞയച്ചു. മിടുക്കാനായി വരണമെന്ന് ഉപദേശിച്ചു. അങ്ങനെ അനാഥനായി സഅദിയയുടെ പടികയറിയ ദരിദ്രകുടുംബത്തിലെ അബൂബക്കര്‍ ഡോക്ടര്‍ അബൂബക്കറായി.

അബൂബക്കര്‍ എംബിബിഎസിന് പഠിക്കുന്ന സമയത്താണ് എം.എ ഉസ്താദിന് കാര്യമായ അസൂഖം ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് ഉസ്താദിനെ ചെറുതായെങ്കിലും പരിചരിക്കാന്‍ സാധിച്ചതാണ് എക്കാലത്തേയും വലിയ ഭാഗ്യം. എംബിബിഎസ് പൂര്‍ത്തിയാക്കി ആറ് മാസത്തെ പരിശീലനവും നേടി സഅദിയ ഹോസ്പിറ്റലില്‍ ഉസ്താദിന്റെ നിര്‍ദേശപ്രകാരം ചര്‍ജെടുത്തു. ഉസ്താദ് ഏറെ വിഷമിച്ച കാര്യങ്ങളിലൊന്ന് താന്‍ ആരംഭിച്ച സഅദിയ ഹോസ്പിറ്റല്‍ വിജയിപ്പിക്കാനാവാത്തതിലായിരുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമം കാരണം ഹോസ്പിറ്റല്‍ ഇന്ന് ഏറെ വളര്‍ന്നിട്ടുണ്ട്. എംഎ ഉസ്താദ് സഅദിയ ഹോസ്പിറ്റലിന്റെ വളര്‍ച്ച കണ്ട് സന്തോഷത്തോടെയാണ് മടങ്ങിയത്.

ഉന്നത പഠനത്തിനായി പോവണമെന്ന ഉപദേശം കൂടി എം.എ ഉസ്താദ് അവസാന നിമിഷങ്ങളില്‍ ഡോക്ടറിന് നല്‍കിയിരുന്നു. അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അബൂബക്കറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംഡിക്ക് പഠിക്കുന്നതിന് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് യേനപ്പോയ മെഡിക്കല്‍ കോളജ് ചെയര്‍മാന് ഉസ്താദ് നല്‍കിയ കത്ത് നിധിപോലെ സൂക്ഷിക്കുകയാണ് ഇന്ന് ഡോക്ടര്‍. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തുടര്‍ പഠനത്തിന് പോകാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

എടുത്തുവളര്‍ത്തി ജീവിക്കാനുള്ള വഴികാട്ടിയ ഉസ്താദ് തന്നെയാണ് ഡോക്ടര്‍ക്ക് ജീവിത പങ്കാളിയെ കാട്ടികൊടുത്തത്. ഉസ്താദിന്റെ കാര്യങ്ങള്‍ നോക്കാന്‍ എന്നും കൂടെയുണ്ടായിരുന്ന സഅദിയയുടെ പ്രവര്‍ത്തകനും എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി അഹമ്മദ് കെ. മാണിയൂരിന്റെ മകളെയാണ് ഡോക്ടര്‍ ജീവിത പങ്കാളിയാക്കിയത്. ഇന്ന് ഡോക്ടറും ഭാര്യയും നാല് കുട്ടികളും മേല്‍പറമ്പ് ലുലു അപാര്‍ട്‌മെന്റിലാണ് താമസിക്കുന്നത്.

കാസര്‍കോട്‌വാര്‍ത്തയ്ക്ക് വേണ്ടി ഡോ. അബൂബക്കര്‍ പഴയ കഥകള്‍ ഒരോന്ന് ഓര്‍ത്തെടുക്കുമ്പോഴും അറിയാതെ കരയുന്നുണ്ടായിരുന്നു. കണ്ണുനിറയുന്നത് ഞങ്ങള്‍ കാണാതിരിക്കാന്‍ ഡോക്ടര്‍ ഞങ്ങള്‍ക്കരികില്‍ കളിച്ചു കൊണ്ടിരുന്ന ഇളയ കുട്ടിയെ ഇടക്കിടെ ചേര്‍ത്ത് പിടിച്ച് ഉമ്മവെക്കും. അതിനിടയില്‍ ഞങ്ങള്‍ കാണാതെ കണ്ണുതുടക്കുന്നുണ്ടാവും...

തന്റെ ജീവിതത്തില്‍ ഇതുവരെയുള്ള പ്രയാണത്തില്‍ എം.എ ഉസ്താദിനൊപ്പം തന്നെ കുമ്പോല്‍ തങ്ങള്‍മാരും വലിയ പിന്തുണയാണ് നല്‍കിയത്. യതീംഖാന മാനേജര്‍ എസ്.എ അബ്ദുല്‍ ഹമീദ് ഉസ്താദിനോടും (ആലംപാടി), സഅദിയയിലെ മറ്റു സ്ഥാപന മേധാവികളോടും സഅദിയ ഭാരവാഹികളോടും യേനപ്പോയ അധികൃതരോടും തനിക്ക് വേണ്ടി എന്നും നിലകൊണ്ട സുഹൃദ് വലയങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കന്‍ ഡോ. അബൂബക്കറിന് നൂറുനാവാണ്.

ഇറങ്ങുന്നതിന് തൊട്ടുമുമ്പായി ഡോക്ടറോട് ചോദിച്ചു: ഉസ്താദിന്റെ മരണത്തോടെ സഅദിയയില്‍ നികത്താനാവാത്ത ഒരു വിടാവായി നിലനില്‍ക്കില്ലെ...

ചോദിച്ച് തീരുംമുമ്പേ ഡോക്ടര്‍ പറഞ്ഞു. ഉസ്താദ് എന്നും സഅദിയയില്‍ തന്നെയല്ലേ... പിന്നെ എങ്ങനെ വിടവുണ്ടാവും... ഇപ്പോള്‍ എന്നും ഉസ്താദിനെ കാണാനാവുന്നു. സഅദിയയുടെ മുറ്റത്ത് സന്തോഷത്തോടെ ഉസ്താദുണ്ട്... അതാണ്, അതുമാത്രമാണ് ഏക പ്രതീക്ഷയും സന്തോഷവും...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Doctor, Deli, Jamia-Sa-adiya-Arabiya, Student, Dr. Aboobacker. 

Post a Comment