city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫുകാരനായ അഷ്‌റഫ് പ്രതിയായത് 3 വര്‍ഗീയ കേസുകളില്‍; അലഞ്ഞത് 18 വര്‍ഷം, തകര്‍ന്നത് കുടുംബ ജീവിതം

ദുബൈ: (www.kasargodvartha.com 22/02/2015) തളങ്കര തെരുവത്തെ മുഹമ്മദ് അഷ്‌റഫ് എന്ന അച്ചപ്പു (40) വിനെ രാഷ്ട്രീയക്കാരുടെ സമ്മര്‍ദഫലമായി പോലീസ് കുടുക്കിയത് മൂന്ന് വര്‍ഗീയ കേസുകളില്‍. മൂന്ന് കേസുകള്‍ക്കും പിന്നാലെ അഷ്‌റഫ് അലഞ്ഞത് 18 വര്‍ഷം. ഇതിനിടയില്‍ ഗള്‍ഫിലെ ജോലി പോയതും ഒപ്പം സ്‌നേഹ നിധിയായ ഉപ്പയുടെ മരണവും അഷ്‌റഫിനെ തളര്‍ത്തി.

എതിര്‍പാര്‍ട്ടിക്കാരനാണെന്ന ഒറ്റക്കാരണത്താലാണ് മുഹമ്മദ് അഷ്‌റഫ് മൂന്ന് വര്‍ഗീയ കേസുകളില്‍ പ്രതിയാക്കപ്പെട്ടത്. ഈ മൂന്ന് കേസുകളിലും അഷ്‌റഫ് ഉള്‍പെടെയുള്ളവര്‍ നിരപരാധികളാണെന്ന് കണ്ട് കോടതി വിട്ടയച്ചപ്പോഴേക്കും അഷ്‌റഫിന്റെ കുടുംബ ജീവിതം പൂര്‍ണമായും താറുമാറായി. കേസിന്റെ നടത്തിപ്പിന് മാതാപിതാക്കള്‍ക്ക് സ്വന്തം വീടുപോലും വിറ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. ബാബരി മസ്ജിദ് സംഭവത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് അഷ്‌റഫിനെതിരായ കേസുകള്‍ ഉല്‍ഭവിച്ചത്.

കുടുംബ ജീവിതം ഭദ്രമാക്കാന്‍ ഗള്‍ഫില്‍ പോയി അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് തീവെപ്പ് സംഭവങ്ങളും തുടര്‍ന്ന് കേസില്‍ ഉള്‍പെട്ടതും. നിരപരാധിയായ അഷ്‌റഫിനെ രാഷ്ട്രീയക്കാരായ ചിലര്‍ ചേര്‍ന്ന് മൂന്ന് തീവെപ്പുകേസുകളിലാണ് പ്രതിയാക്കിയത്. ദീനാര്‍ നഗറിലെ ഒരു ക്ഷേത്രം തീവെച്ച കേസിലും, കാസര്‍കോട് ട്രാഫിക്കിനടുത്തുള്ള പൂക്കട കത്തിച്ച കേസിലും തെരുവത്ത് കോളാര്‍ അനാദിക്കട കത്തിച്ചക്കേസിലുമാണ് അഷ്‌റഫ് പ്രതിയാക്കപ്പെട്ടത്. കേസ് കോടതിയിലെത്തിയപ്പോള്‍ സാക്ഷികളും പരാതിക്കാരും അഷ്‌റഫ് പ്രതിയാണെന്ന് കോടതിയോട് പറഞ്ഞില്ല. അവര്‍ക്കെല്ലാം സത്യം അറിയാവുന്നതുകൊണ്ടാണ് താന്‍ തീവെച്ചുവെന്ന് ആരും പറയാതിരുന്നത്. ക്ഷേത്രം തീവെച്ച കേസില്‍ മുഖ്യ സാക്ഷിയായിരുന്ന യുവാവ് അഷ്‌റഫിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് തന്റെ പേര് പോലീസിനോട് പറഞ്ഞതെന്നും തന്നോട് ക്ഷമിക്കണമെന്നുമായിരുന്നു ആ വെളിപ്പെടുത്തല്‍.

സ്വന്തം വീട്ടില്‍പോലും കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അന്നത്തെ നാളുകളെന്നും തന്നെ ഓര്‍ത്ത് വീട്ടുകാര്‍ ഒരുപാട് കണ്ണീര്‍ പൊഴിച്ചിട്ടുണ്ടെന്നും 18 വര്‍ഷത്തിന് ശേഷം കേസുകളെല്ലാം അവസാനിച്ച് ദുബൈയിലെത്തിയ അഷ്‌റഫ് കാസര്‍കോട് വാര്‍ത്തയോട് മനസുതുറന്നു. പോലീസ് നിരന്തരം വീടു കയറിയിറങ്ങിയതോടെ സ്വസ്ഥമായൊന്ന് ഉറങ്ങാന്‍പോലും തനിക്കോ കുടുംബത്തിനോ കഴിഞ്ഞില്ലെന്ന് അഷ്‌റഫ് പറഞ്ഞു.

അഷ്‌റഫ് നിരപരാധിയെന്ന് ബോധ്യമുള്ള അയല്‍ക്കാരായ ചില വീട്ടുകാര്‍ അഷ്‌റഫിന് അന്തിയുറങ്ങാന്‍ അവരുടെ ചായ്പ്പില്‍ പായ വിരിച്ചുകൊടുത്തു. ദൈവ കൃപയോടൊപ്പം നാട്ടുകാരില്‍ ചിലര്‍ നല്‍കിയ സ്‌നേഹവും അടുത്ത സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണയുമാണ് തന്നെ ഇതുവരെ ജീവിപ്പിച്ചതെന്ന് അഷ്‌റഫ് വ്യക്തമാക്കി.

നാഷണല്‍ ലീഗില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് യാതൊരു ബന്ധവുമില്ലാത്ത ഒരേ ദിവസം നടന്ന ഈ മൂന്ന് തീവെപ്പു കേസുകളിലും താന്‍ പ്രതിയാകേണ്ടിവന്നതെന്നും അഷ്‌റഫ് വ്യക്തമാക്കി. വീട്ടുകാര്‍ക്ക് പോലീസ് ശല്യമായതോടെ ഒടുവില്‍ അഷ്‌റഫ് പിടികൊടുത്തു. പിന്നീട് റിമാന്‍ഡില്‍ ജയില്‍ ജീവിതമായിരുന്നു. വലിയ കുറ്റവാളിയെന്ന രീതിയിലാണ് തന്നെ നാട്ടുകാര്‍ക്ക് മുന്നില്‍ പോലീസും തന്നെ കേസില്‍ കുടുക്കിയവരും ചിത്രീകരിച്ചതെന്ന് അഷ്‌റഫ് പറഞ്ഞു.

ഒരു കേസില്‍ 28 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റൊരു കേസില്‍ 28 ദിവസം കാസര്‍കോട് സബ് ജയിലിലും മൂന്നാമത്തെ കേസില്‍ 35 ദിവസം കാസര്‍കോട് സബ് ജയിലിലും അഷ്‌റഫ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. കേസ് നടത്തിപ്പിന് വേണ്ടിയാണ് പിതാവ് തെരുവത്തുണ്ടായ സ്വന്തം വീട് വിറ്റത്. പിന്നീട് കോയാസ് ലൈനിലെ ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സ് മുറിയിലായിരുന്നു കുടുംബം കഴിഞ്ഞത്. കേസിന്റെ വിചാരണയ്ക്കും മറ്റുമായി കോടതികള്‍ കയറി ഇറങ്ങി അഷ്‌റഫിന് മടുത്തിരുന്നു.

എന്തെങ്കിലും ജോലിചെയ്യാന്‍ പോലും ഇതിനിടയില്‍ കഴിഞ്ഞില്ല. ഒടുവില്‍ ക്രിക്കറ്റ് അമ്പയറായതോടെയാണ് തനിക്ക് സ്വന്തം കാലില്‍ നില്‍കാന്‍ കഴിഞ്ഞതെന്ന് അഷ്‌റഫ് പറഞ്ഞു. ഇതിനിടയില്‍ മകന്‍ കേസില്‍ പ്രതിയായതിന്റെ വിഷമം പിതാവിനെ രോഗ ബാധിതനാക്കുകയും അധികം വൈകാതെ പിതാവ് മരിക്കാനിടയാവുകയും ചെയ്തു. ക്രിക്കറ്റ് അമ്പയറായി ജോലിചെയ്യുന്നതിനിടെ ബദിയടുക്ക ചര്‍ളടുക്കയില്‍ അവിചാരിതമായി കണ്ടുമുട്ടിയ സുമയ്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ് അഷ്‌റഫിന് ജീവിക്കണമെന്ന മോഹം ഉണ്ടായത്.

രണ്ട് പെണ്‍മക്കളേയും മകനേയും നല്ലനിലയില്‍ വളര്‍ത്തണമെന്ന ചിന്തയോടെയാണ് 18 വര്‍ഷത്തിന് ശേഷം വീണ്ടും അഷ്‌റഫ് ഗള്‍ഫിലെത്തിയത്. ഗള്‍ഫിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഭാര്യയേയും ഇളയ കുട്ടിയേയും ഒപ്പം കൂട്ടി. മൂത്ത കുട്ടികളെ ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ് അഷ്‌റഫ്. വിസിറ്റിംഗ് വിസയിലാണ് ഇപ്പോള്‍ ഗള്‍ഫിലേക്ക് വന്നത്. ദൈവം സഹായിച്ച് നല്ലൊരു ജോലി ഒത്തുകിട്ടുമെന്നും മെച്ചപ്പെട്ടൊരു ജീവിതം ഉണ്ടാക്കാന്‍ കഴിയുമെന്നും ഉറച്ചുവിശ്വസിക്കുന്നു.

തന്നെ കേസില്‍ കുടുക്കിയവര്‍ ആരാണെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അവരോടൊന്നും പരിഭവമില്ലെങ്കിലും ഇനിയൊരു ചെറുപ്പക്കാരനേയും ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഇവരോടുള്ളതെന്നും അഷ്‌റഫ് പറഞ്ഞു. 18 വര്‍ഷം കൈപ്പേറിയ ജീവിതം അനുഭവിച്ച് തളര്‍ന്ന അഷ്‌റഫിനെ മൂന്ന് സുഹൃത്തുക്കള്‍ചേര്‍ന്നാണ് വിസയും ടിക്കറ്റും നല്‍കി ദുബൈയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. ഭാര്യയേയും കുട്ടിയേയും ഒപ്പം പറഞ്ഞയച്ചത് അല്‍പം മാനസിക ഉല്ലാസം അഷ്‌റഫിന് ലഭിക്കട്ടെയെന്നുകരുതിയാണെന്ന് അഷ്‌റഫിന്റെ സുഹൃത്തുക്കളും പറഞ്ഞു.

ജീവിത ദുരിതത്തിനിടയില്‍ മൂന്ന് വര്‍ഷം ടി.എ. മഹമ്മൂദിന്റെ വീട്ടില്‍ വാച്ച്മാനായി ജോലിചെയ്തിരുന്നു. ഈ വീട്ടുകാരുടെ പിന്തുണ തന്റെ തിരിച്ചുവരവിന് ഏറെ ഊര്‍ജം നല്‍കിയെന്ന് അഷ്‌റഫ് പറഞ്ഞു. ക്ഷേത്രം തീവെച്ച കേസില്‍ താന്‍ പ്രതിയാണെന്ന് പറഞ്ഞ മുഖ്യസാക്ഷിയുടെ മൊബൈല്‍ നമ്പര്‍ അഷ്‌റഫ് സേവ് ചെയ്തത് ഇങ്ങനെയാണ് 'കില്ലര്‍ ഓഫ് മൈ ലൈഫ്'.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗള്‍ഫുകാരനായ അഷ്‌റഫ് പ്രതിയായത് 3 വര്‍ഗീയ കേസുകളില്‍; അലഞ്ഞത് 18 വര്‍ഷം, തകര്‍ന്നത് കുടുംബ ജീവിതം


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL