city-gold-ad-for-blogger
Aster MIMS 10/10/2023

കുമ്പളയിലെ പ്രതികാരക്കൊല: സംഭവിച്ചതെന്ത്?

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 28.10.2014) രാഷ്ട്രീയ-വര്‍ഗീയ വൈരം തിമിര്‍ത്താടുന്ന വടക്കന്‍ മലബാറില്‍ ഒരു ജീവന്‍ കൂടി കഠാരക്കിരയായി പൊലിഞ്ഞു പോയിരിക്കുന്നു. ഇനി ഇതിന്റെ പ്രതികാരവും അതിന്റെ മറുപ്രതികാരവും എങ്ങനെയായിരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അടുത്ത കാലത്തായി കാസര്‍കോട്ട് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നു പൊങ്ങുന്നതിന്റെ ആശ്വാസം ജനങ്ങള്‍ അനുഭവിച്ച് വരികയായിരുന്നു. അതിനിടെയാണ് അതിന് ഭംഗം വരുത്തിക്കൊണ്ട് കുമ്പളയില്‍ ഒരു സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊലക്കത്തിക്ക് ഇരയായത്.

കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന പി. മുരളി (37) യാണ് തിങ്കളാഴ്ച വൈകിട്ട് സീതാംഗോളി സൂരംബയലില്‍ വെച്ച് അക്രമികളുടെ കൊലക്കത്തിക്കിരയായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുരളിയെ രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം കുത്തിവീഴ്ത്തുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുരളി അന്ത്യശ്വാസം വലിച്ചിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ നാല് മുറിവുകളാണ് മുരളിയുടെ മരണത്തിന് കാരണമായതെന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ കുമ്പള പോലീസ് സൂചിപ്പിച്ചു. മുരളിയുടെ ഘാതകരെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും പോലീസ് പറയുന്നു. രണ്ട് പേര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്.

കേസന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. കൊലയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലും നടത്തി.

രാഷ്ട്രീയ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമ്പളയിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ ദയാനന്ദനെ ഓട്ടോ വാടകയ്ക്ക് വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു മുരളി. കേസില്‍ അറസ്റ്റിലായ മുരളിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് മുരളിക്ക് നേരെ ചില കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉയരുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുരളിയുടെ കൊലയുമായി ബന്ധപ്പെട്ട് ദയാനന്ദന്റെ മകന്‍ അനന്തപുരത്തെ ശരത്ത് (23) ഉള്‍പെടെ മൂന്നു പേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്.

ശരത്തിന് പത്ത് വയസുള്ളപ്പോള്‍, 2001 ലാണ് പിതാവ് ദയാനന്ദന്‍ കൊല്ലപ്പെട്ടത്. ദയാനന്ദന്‍ വധക്കേസില്‍ മുരളിയെ ഒന്നാം പ്രതിയാക്കിയാണ് അന്ന് പോലീസ് കേസെടുത്തിരുന്നത്. ആ കേസിലെ രണ്ടാം പ്രതി ആംബുലന്‍സ് ബാലന്‍ അസുഖത്തെ തുടര്‍ന്നും മൂന്നാം പ്രതി ഹമീദ് തൂങ്ങിയും മരിച്ചു. പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുരളിയോട് ശരത്തിന് അടങ്ങാത്ത പ്രതികാരം ഉണ്ടായിരുന്നുവെന്നാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

കുമ്പളയില്‍ ഓട്ടോ ഡ്രൈവറായിരുന്ന ശരത്ത് നാല് തവണ മുരളിയുമായി വാക്ക് തര്‍ക്കമുണ്ടാകുകയും അത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2012 ല്‍ ശരത്തിന് നേരെ കുമ്പള ടൗണില്‍ വെച്ച് വധശ്രമവും നടന്നു. ഈ സംഭവത്തിലും മുരളി പ്രതിയാണ്. അഞ്ച് മാസം മുമ്പ് കുമ്പള ഗോപാലകൃഷ്ണ തിയേറ്ററിനടുത്ത് വെച്ച് ശരത്തിന് നേരെ വീണ്ടും അക്രമമുണ്ടായി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത്തിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു.

ഇതൊക്കെ പ്രതികാരത്തിന് ആക്കം കൂട്ടുകയും അത് ആസൂത്രിതമായ കൊലപാതകത്തിന് വഴിവെക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. സി.പി.എം ശാന്തിപ്പള്ളം ബ്രാഞ്ച് കമ്മിറ്റി അംഗമായ മുരളി നേരത്തെ കുമ്പള ടൗണില്‍ ചുമട്ടു തൊഴിലാളിയായിരുന്നു.  പിന്നീടാണ് കുമ്പളയില്‍ മരക്കച്ചവടം ആരംഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡി.വൈ.എഫ്.ഐ നേതാവ് ഭാസ്‌കര കുമ്പളയെ കൊലപ്പെടുത്തിയതോടു കൂടിയാണ് കുമ്പളയും രാഷ്ട്രീയ കൊലപാതക പരമ്പരകളുടെ ഭൂപടത്തില്‍ ഇടം നേടിയത്. മദ്യം, സ്പിരിറ്റ്, ചൂതാട്ടം, കോഴിപ്പോര്, പെണ്‍വാണിഭം തുടങ്ങിയ പല സാമൂഹ്യ വിരുദ്ധ പ്രവണതകളും കുമ്പളയുടെ സമാധാനാന്തരീക്ഷം പലപ്പോഴും തകര്‍ത്തിട്ടുണ്ട്.

വര്‍ഗീയ അസ്വാസ്ഥ്യവും ഇവിടെ ഇടക്കിടെ തലപൊക്കുന്നു. എന്നാല്‍ അടുത്ത കാലത്തായി കൊടുങ്കാറ്റിന് മുമ്പുള്ള ഒരു ശാന്തത ഇവിടെ കളിയാടിയിരുന്നു. അതാണ് തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും അതിന്റെ രൗദ്രരൂപത്തില്‍ പുറത്തുചാടിയത്.

കുറ്റകൃത്യങ്ങള്‍ക്ക് യഥാസമയം തടയിടാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലീസിന് കഴിയാത്തതാണ് ഇത്തരം പ്രതികാര കൊലകള്‍ക്ക് വഴിവെക്കുന്നത്. പിതാവ് കൊല്ലപ്പെട്ട മകന്റെ മാനസികാവസ്ഥ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. അതിന് അന്യോന്യം വാളോങ്ങി വെട്ടിക്കൊല്ലാന്‍ തുടങ്ങിയാല്‍ നാട് എങ്ങോട്ടാണ് നീങ്ങുക?

മുരളിയുടെ കൊലപാതകത്തോടെ അദ്ദേഹത്തിന്റെ ഭാര്യയും മാതാപിതാക്കളും എട്ട് മാസം പ്രായമുള്ള മകളും സഹോദരങ്ങളും അടങ്ങുന്ന കുടുംബം നിത്യദു8ഖത്തിലായി. സി.പി.എമ്മിന് ഒരു രക്തസാക്ഷിയെ ലഭിക്കുകയും ചെയ്തു. ആസൂത്രിതമായി നടത്തിയ കൊലപാതകം നേരത്തേ തകര്‍ക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. ദയാനന്ദന്റെ മകന്‍ ശരത്തിന്റെ മനസില്‍ പ്രതികാരാഗ്നി പുകയുന്നതും ശരത്തും മുരളിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളും മുന്‍കൂട്ടിക്കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഒടുവില്‍ കൊലപാതകം സംഭവിച്ചപ്പോഴാണ് പോലീസിന് ബുദ്ധി വരുന്നത്.

1992 ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കാസര്‍കോട്ടും പരിസരങ്ങളിലും ഒഴുകിയ ചോരപ്പുഴയുടെ ഉറവ ഇനിയും വറ്റിയിട്ടില്ല. ഇടക്കിടെ അതിന്റെ പ്രത്യാഘാതമെന്നോണം നിരപരാധികളുടെ നെഞ്ചിലേക്ക് ഇരുട്ടിന്റെ മറവിലും അല്ലാതെയും കഠാരകള്‍ തുളച്ചു കയറാറുണ്ട്. ഇടവഴികളിലൂടെ നടക്കുമ്പോള്‍ ആളുകളുടെ മനസില്‍ ഒരു പിടച്ചില്‍ ഇപ്പോഴുമുണ്ടാകുന്നു.

അങ്ങനെയുള്ള ഒരു ഭീതിതമായ-അന്തരീക്ഷം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് പലപ്പോഴും നിസാര കാരണങ്ങളുടെ പേരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.

നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ജനാധിപത്യത്തിലൂന്നിക്കൊണ്ടുള്ള മാനവിക കാഴ്ചപ്പാടുകള്‍ സ്വരൂപിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആയുധമെടുത്ത് അരിഞ്ഞുവീഴ്ത്തുന്നത് ഒരിക്കലും അശാസ്യമല്ല. അത് പ്രാകൃതവുമാണ്. ആശയത്തെ ആശയപരമായി നേരിടുകയാണ് വേണ്ടത്.

കൊലക്ക് പകരം കൊല എന്ന രീതി പരിഷ്‌കൃത സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ഗീയ കൊലപാതകങ്ങളും. കൊലപാതകം ഒരുകാലത്തും ഏതൊരുനാട്ടിലും ഉണ്ടായിക്കൂടാത്തതാണ്. നമ്മുടെ ഭരണസംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ യുക്തമായ നടപടികള്‍ കൈകൊള്ളാന്‍ ഇനിയും അമാന്തിക്കരുത്. വാളെടുത്തവന്‍ വാളാല്‍ എന്ന പഴമൊഴി തിരുത്തേണ്ടതുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കുമ്പളയിലെ പ്രതികാരക്കൊല: സംഭവിച്ചതെന്ത്?





കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍

മുരളി വധം: അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം

Keywords:  Kasaragod, Kerala, Kumbala, Murder, Attack, Article, Died, Party, Murali, Sharath, Police, Bike, CPM, DYFI, Murali's murder and Aftermath.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL