Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എസ് എഫ് ഇരുപത്തിയൊന്നാമത് സംസ്ഥാന സാഹിത്യോത്സവിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും

മാപ്പിള കലകളുടെയും സാഹിത്യ മികവിന്റെയും ചെപ്പ് തുറന്ന് എസ് എസ് എഫ് ഇരുപത്തിയൊന്നാമത് സംസ്ഥാന MSF, Sahithyolsav, Press meet, kasaragod, Manjeshwaram, SSF State Sahithyotsav to begin on Sep 5
കാസര്‍കോട്:(www.kasargodvartha.com 02.09.2014) മാപ്പിള കലകളുടെയും സാഹിത്യ മികവിന്റെയും ചെപ്പ് തുറന്ന് എസ് എസ് എഫ് ഇരുപത്തിയൊന്നാമത് സംസ്ഥാന സാഹിത്യോത്സവിന് ഈ മാസം 5ന് വെള്ളിയാഴ്ച മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ തിരശ്ശീല ഉയരും. സപ്ത ഭാഷ സംഗമം തീര്‍ത്ത് ഇശല്‍ മൂളുന്ന തുളുനാടന്‍ മണ്ണില്‍ ആദ്യമായെത്തുന്ന രാജ്യത്തെ ഏറ്റവും ബൃഹത്തായ ധാര്‍മിക കലാ മാമാങ്കത്തിന് അതി വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് വേദികള്‍, 79 ഇനങ്ങള്‍, 1500ലേറെ മത്സരാര്‍ത്ഥികള്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍നിന്നും നീലഗിരി ഭാഗങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍, പതിനായിരത്തോളം സ്ഥിരം ആസ്വാദകര്‍ തുടങ്ങി ഏറെ പ്രൗഢമാമാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്വാഗതസംഘം ചെയര്‍മാനും മള്ഹര്‍ സാരഥിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തുന്നതോടെ സാഹിത്യോത്സവിന് ഔപചാരിക തുടക്കം കുറിക്കും. മൂന്ന് മണിക്ക് ഹൊസങ്കടിയില്‍ നിന്നും പ്രകടനം ആരംഭിക്കും. വിവിധ ജില്ലാ ഘടകങ്ങള്‍ അവതരിപ്പിക്കുന്നപ്ലോട്ട്, ദഫ്, അറബന തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകും. 4.30ന് ഉദ്ഘാടന സെഷന്‍ ആരംഭിക്കും.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മീരാ ന് ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

എം എല്‍ എ മാരായ പി ബി അബ്ദുല്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ) എന്നിവര്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ പ്രകാശനം ചെയ്യും. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഏനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ വൈ അബ്ദുല്ല കുഞ്ഞി ഹാജി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമസ്ത സാരഥികളായ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ബായാര്‍ തുടങ്ങിയവര്‍ ആശംസ നേരും. കെ പി സി സി സെക്രട്ടറി അഡ്വ ടി സിദ്ധീഖ്, അഡ്വ സി എച്ച് കുഞ്ഞമ്പു, കെ സുരേന്ദ്രന്‍, പി എ അശ്രഫലി, എ ബി രാമകൃഷ്ണന്‍, തുളു അക്കാദമി അധ്യക്ഷന്‍ സുബ്ബയ്യ റൈ, ഹുസൈന്‍ സഅദി കെ സി റോഡ്, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി, അബ്ദുല്‍ റശീദ് സൈനി കക്കിഞ്ച, ശാഫി സഅദി നന്ദാവര, മുക്രി ഇബ്രാഹിം ഹാജി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി , മുംതാസ് അലി, മാധ്യമ പ്രതിനിധികളായ എം ഒ വര്‍ഗീസ്, ടി എ ശാഫി, സുരേന്ദ്രന്‍, അരവിന്ദന്‍ മാണിക്കോത്ത്, ഹര്‍ശാദ് വോര്‍ക്കാടി തുടങ്ങിയവര്‍ ചടങ്ങില്‍ സാനിധ്യമറിയിക്കും.

വൈകിട്ട് 5.30 മുതല്‍ രാത്രി 10 മണി വരെയും ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 4 മണി വരെയും വിവിധ കലാ മത്സരങ്ങള്‍ നടക്കും.

4 മണിക്ക് സമാപന സംഗമവും സമ്മാന ദാനവും നടക്കും. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും സമാപന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അലികുഞ്ഞി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സാജിദ് മൗവ്വല്‍, എ കെ എം അശ്‌റഫ്, കരീം തളങ്കര, മുംതാസ് അലി മംഗലാപുരം, കണച്ചൂര്‍ മോണു ഹാജി, അറബി ഹാജി കുമ്പള, ഒമാന്‍ മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ലണ്ടന്‍ മുഹമ്മദ് ഹാജി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മാനിക്കും. വിവിധ മത്സരപ്പരീക്ഷകളിലെ അവാര്‍ഡ് ജേതാക്കളെ ഉപഹാരം നല്‍കി ആദരിക്കും.

പരിപാടിക്ക് തുടക്കം കുറിച്ച് വ്യാഴാഴ്ച മതപ്രഭാഷണം ആരംഭിക്കും. ബുധനാഴ്ച രാത്രി എസ് വൈ എസ് സംസ്ഥാന സമിതി അംഗം അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശിയും വ്യാഴാഴ്ച എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമിയും പ്രസംഗിക്കും.

ധാര്‍മിക വിപ്ലവം എന്ന മുദ്രാവാക്യമുയര്‍ത്തി 41 വര്‍ഷം പിന്നിടുന്ന എസ് എസ് എഫ് 20ാം വാര്‍ഷികാഘോഷ ഭാഗമായാണ് ആദ്യമായി സാഹിത്യോത്സവ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. കലാ സാഹിത്യ രംഗത്ത് ധാര്‍മികതക്ക് ഊന്നല്‍ നല്‍കുകയും അന്യം നിന്നു പോകുന്ന തനത് കലകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ആറായിരത്തിലധികം യൂണിറ്റുകളില്‍ നിന്ന് ഒരേ സമയം ലക്ഷത്തിലധികം മത്സരാര്‍ത്ഥികള്‍ മത്സരിച്ച് കഴിവ് തെളിയിച്ചാണ് സെക്ടറിലേക്ക് യോഗ്യത നേടുന്നത്. പിന്നീട് ഡിവിഷന്‍, ജില്ലാ മത്സരങ്ങളിലൂടെ കഴിവ് തെളിയിച്ചാണ് ഫൈനല്‍ മത്സരത്തിനായി സംസ്ഥാന സാഹിത്യോത്സവിനെത്തുന്നത്.

കാമ്പസ്, ഹയര്‍സെകന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഒരുക്കുന്നു. വിവിധ ഭാഷാ പ്രസംഗങ്ങളും എഴുത്ത് മത്സരങ്ങളും ഭാവി സാഹിത്യകാരന്മാരെയും പ്രഭാഷകരെയും കണ്ടെത്തുന്നതിന് സഹായകമാണ്. പ്രതിഭകള്‍ക്ക് തുടര്‍ പരിശീലനം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയെന്നത് സാഹിത്യോത്സവിന്റെ പ്രത്യേകതയാണ്.

നേരത്തെ 1997ല്‍ തൃക്കരിപ്പൂര്‍ മുജമ്മഇലും 2006 ല്‍ സഅദിയ്യയിലും നേരത്തെ രണ്ട് തവണ ജില്ല സംസ്ഥാന സാഹിത്യോത്സവിന് ആതിഥ്യമരുളിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ മുക്രി ഇബ്രാഹിം ഹാജി (വൈസ് ചെയര്‍മാന്‍ സ്വാഗതസംഘം), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (കണ്‍വീനര്‍, സ്വാഗതസംഘം), കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (പ്രസിഡന്റ്, ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് (പ്രസി ജില്ലാ എസ് എസ് എഫ്), ജഅ്ഫര്‍ സാദിഖ് സി എന്‍(ജനറല്‍ സെക്രട്ടറി ജില്ലാ എസ് എസ്എഫ്), അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, സിദ്ധീഖ് പൂത്തപ്പലം (മീഡിയ സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment