city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിതളളുന്നത് പരിഗണനയില്‍: മന്ത്രി കെ.പി മോഹനന്‍

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തളളുന്ന കാര്യം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട് കിട്ടിയാലുടന്‍ പരിഗണിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. കലക്ടറേറ്റില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ജില്ലാതല സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായ്പകള്‍ക്ക് മോറട്ടോറിയം തുടരുന്നുണ്ട്. കടബാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ജില്ലാകലക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ഫിനാന്‍സ് ഓഫീസര്‍, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം അന്തിമ റിപോര്‍ട്ട് ലഭിച്ചാല്‍ ഇത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രിബ്യൂണല്‍ രൂപീകരണം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് ട്രിബ്യൂണല്‍ കാര്യത്തില്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൃഷി, ധനം, ആരോഗ്യം വകുപ്പുകളുടെ മന്ത്രിമാരും 20 സംസ്ഥാനതല ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രധാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സാമൂഹ്യ സുരക്ഷാമിഷന്‍ പ്രതിനിധി എന്നിവരെ എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്ലില്‍ ഉള്‍പെടുത്തി. ബഡ്‌സ് സ്‌കൂള്‍ അധ്യാപകരുടെ ഓണറേറിയം 1500 രൂപയാക്കി വര്‍ധിപ്പിക്കും. 2013 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തുക അനുവദിക്കും. ബഡ്‌സ് സ്‌കൂളില്‍ വീതി കുറഞ്ഞ റോഡുകളിലൂടെ പോകേണ്ടി വരുന്നവര്‍ക്കായി ജീപ്പ് സൗകര്യം ഏര്‍പെടുത്തും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിഭാഗത്തില്‍ ഉള്‍പെടാത്ത എന്‍ഡോസള്‍ഫാന്‍ മേഖലയിലെ അര്‍ബുദ രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട പരിഹാര തുകയുടെ ആദ്യഗഡു അനുവദിക്കും.

11 ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉള്‍പെടുന്ന കുടുംബങ്ങളിലെ ദുരിതബാധിതരേയും പട്ടികയില്‍ ഉള്‍പെടുത്തുന്ന കാര്യം പരിഗണിക്കും. നഗരസഭാ പരിധിയിലുളളവരാണെങ്കിലും ദുരിതബാധിതരായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ നബാര്‍ഡ് സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ സംസ്ഥാനതലത്തില്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കേണ്ട പദ്ധതികളില്‍ തീരുമാനമെടുക്കാനുളള പ്രത്യേകാധികാരം നല്‍കി ജില്ലാകലക്ടറെ ചുമതലപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങള്‍ക്ക് അകത്ത് താമസിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ കോളനികളിലേക്കുളള റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതും പരിഗണിക്കും. ദുരിതബാധിതരുടെ പെന്‍ഷന്‍ സാമൂഹ്യ സുരക്ഷാമിഷന്‍ നല്‍കുന്നത് തുടരും. പദ്ധതിയിലുളള അപാകതകള്‍ പരിഹരിക്കും. അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും.

ദുരിത ബാധിതരുടെ പട്ടികയിലുള്‍പെടാത്ത 18 വയസില്‍ താഴെയുളളവരെ താലോലം പദ്ധതിയിലും 18 വയസിന് മുകളിലുളളവരെ പ്രത്യേക ആശ്വാസ കിരണം പദ്ധതികളില്‍ ഉള്‍പെടുത്തി ചികിത്സാ സഹായം നല്‍കും. ദുരിതബാധിതരുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് എന്‍ഡോസള്‍ഫാന്‍ സെല്‍ വഴി അപേക്ഷ സ്വീകരിക്കും. സാമൂഹ്യസുരക്ഷാ മിഷന്‍ ദുരിതബാധിതരിലുള്‍പെട്ട ഏഴു പഞ്ചായത്തുകള്‍ക്ക് ഉടന്‍ ആംബുലന്‍സ് ലഭ്യമാക്കും. മറ്റ് ഉപപഞ്ചായത്തുകള്‍ ആംബുലന്‍സ് ആവശ്യമില്ലെന്ന് അറിയിച്ചു. കുംബഡാജെ, മുളിയാര്‍ പഞ്ചായത്തുകള്‍ തീരുമാനം അറിയിച്ചാല്‍ നടപടി എടുക്കും.

സാമൂഹ്യസുരക്ഷാ മിഷന്‍ 4,515 ദുരിതബാധിതര്‍ക്കാണ് എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ 3,905 പേര്‍ പഴയ ലിസ്റ്റിലും 607 പേര്‍ പുതിയ പട്ടികയിലും ഉള്‍പെട്ടവരാണ്. 1,551 മണിയോര്‍ഡര്‍ ആയും 2,964 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്. എല്ലാ മാസവും അഞ്ചാം തീയതി പെന്‍ഷന്‍ എത്തിക്കും. പ്രത്യേക ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പെട്ടവര്‍ക്ക് 700 രൂപ പെന്‍ഷന്‍ നല്‍കും. എന്‍.ആര്‍.എച്ച്.എമ്മിന്റെ ഡയാലിസിസ് സെന്ററുകളില്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ സംവിധാനം ഏര്‍പെടുത്തും. ദുരിതബാധിതര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ കോര്‍പസ് ഫണ്ട് ഏര്‍പെടുത്തും. അവശേഷിക്കുന്ന അപാകതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ അതാതിടങ്ങളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കണമെന്നും തുടര്‍ നടപടികള്‍ ആവശ്യമായവ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിതളളുന്നത് പരിഗണനയില്‍: മന്ത്രി കെ.പി മോഹനന്‍

ദുരിതബാധിതരുടെ കാറ്റഗറി തീരുമാനിക്കാന്‍ കെ.പി അരവിന്ദന്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡിസംബര്‍ 31 വരെ സമയ പരിധി നീട്ടി നല്‍കി. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ രൂപീകരണം വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് പി. കരുണാകരന്‍ എം.പി നിര്‍ദ്ദേശിച്ചു. ദുരിതബാധിതരുടെ കടം എഴുതി തളളണം. നബാര്‍ഡ് പദ്ധതിയിലുള്‍പെടുത്തിയ ആശുപത്രികള്‍, ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പെടെ 22 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കണം. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കൂടുതല്‍ ചികിത്സാ സൗകര്യം നല്‍കുന്നതിനും പുനരധിവാസ പദ്ധതികള്‍ക്കും 80 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ തീരുമാനം അംഗീകരിക്കരുത്. പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി ഉണ്ടാകണം. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ബഡ്‌സ് സ്‌കൂളുകളുടെ പ്രതിവര്‍ഷ ആവര്‍ത്തന ചെലവുകള്‍ ഉള്‍പെടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും പി. കരുണാകരന്‍ എം.പി പറഞ്ഞു.

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും പി.സി.കെയുടെ എസ്റ്റേറ്റ് ഉള്‍പെടുന്ന പളളിക്കര പഞ്ചായത്തിനെ ദുരിതബാധിത പഞ്ചായത്തുകളുടെ പട്ടികയിലുള്‍പെടുത്തണമെന്നും പി.സി.കെയുമായി ഹൈക്കോടതിയിലുളള കേസുകള്‍ തീര്‍ക്കാന്‍ ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി.കെ സുധീര്‍ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള യോഗത്തില്‍ പി.ബി അബ്ദുര്‍ റസാഖ് എം. എല്‍.എ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സാമൂഹ്യസുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ മേജര്‍ ദിനേശ് ഭാസ്‌ക്കരന്‍, ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ. കൃഷ്ണന്‍ (കാഞ്ഞങ്ങാട്) മീനാക്ഷി ബാലകൃഷ്ണന്‍ (പരപ്പ), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി നസീമ (അജാനൂര്‍), ജെ.എസ് സോമശേഖര (എണ്‍മകജെ), സി.കെ അരവിന്ദാക്ഷന്‍ (പുല്ലൂര്‍-പെരിയ), ജി. ഹസൈനാര്‍ (കുംബഡാജെ), എം. ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), സുജാത ആര്‍. തന്ത്രി (കാറഡുക്ക), എച്ച്. വിഘ്‌നേശ്വരഭട്ട് (കളളാര്‍), രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. സി.കെ ശ്രീധരന്‍, എ കുഞ്ഞിരാമന്‍ നായര്‍, എം.എ അബ്ദുല്ല, സെല്‍ അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, നാരായണന്‍ പേരിയ, എം. മാധവന്‍ നമ്പ്യാര്‍, കെ.വി രാജീവ് കുമാര്‍, പി. മുരളീധരന്‍, കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ജനകി, കളളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗോപി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി. ഗോപിനാഥന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.എ മോഹനന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി ശങ്കരനാരായണന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രഞ്ജിത് കുമാര്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. സുഷ്മ, ഡി.എം.ഒ രൂപ സരസ്വതി (ഐ.എസ്.എം) കെ.എം താര, എന്‍.പി.ആര്‍.പി.ഡി. ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. നസീം, സി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords : Kasaragod, Endosulfan, Minister K.P Mohan, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL