city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹ ചടങ്ങുകള്‍ വീണ്ടും കാട്ടാളന്മാരുടെ പിടിയില്‍

കാസര്‍കോട്: സമൂഹത്തിന്റെയും ജമാഅത്തുകളുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് നിയന്ത്രണ വിധേയമായിരുന്ന പേക്കൂത്തുകള്‍ വിവാഹ ചടങ്ങുകളില്‍ വീണ്ടും മടങ്ങിയെത്തുന്നു. വരനെയും മറ്റും കോമാളിവേഷം കെട്ടിക്കുകയും വധുവിന്റെയും വരന്റെയും വീട്ടുകാര്‍ക്കും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കും അറപ്പുളവാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ജമാഅത്തുകളുടെ ശ്രദ്ധ പതിയണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

കഴിഞ്ഞദിവസം കാസര്‍കോടിന് സമീപത്തെ ഒരു യുവാവിന്റെ വിവാഹചടങ്ങില്‍ വരനെകൊണ്ട് വേഷം കെട്ടിക്കുകയും പ്ലാസ്റ്റിക് കുപ്പിയും കലവും കൊണ്ട് കഴുത്തില്‍ മാലയണിയിച്ച് പെട്ടിചുമന്ന് വധുവിന്റെ ഗൃഹത്തിലെത്തിക്കുകയും ചെയ്ത സംഭവം നാടിന് തന്നെ നാണക്കേടായിമാറിയെന്നാണ് വിവാഹത്തില്‍ പങ്കെടുത്ത പലരും പറഞ്ഞത്. വിവാഹത്തലേന്നും ഇതേരീതിയിലുള്ള പേക്കൂത്തുകള്‍ അരങ്ങേറിയതായും വിവാഹത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇതു സംബന്ധിച്ച് ഫേസ്ബുക്കിലും മറ്റും വ്യാപകമായ ചര്‍ചയാണ് നടന്നുവരുന്നത്.

പവിത്രമായ വിവാഹചടങ്ങുകളെ അലങ്കോലമാക്കുന്ന ഇത്തരക്കാരുടെ വിവാഹ പരിപാടികളില്‍ നിന്നും മഹല്ല് ജമാഅത്ത് അംഗങ്ങളും കാര്‍മികത്വം വഹിക്കുന്ന ഖാസിമാരും വിട്ടുനില്‍ക്കാനുള്ള തന്റേടം കാട്ടണമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വിവാഹ നിശ്ചയ സമയത്തു തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനുള്ള ധാരണയില്‍ എത്തണമെന്നും ഇരുജമാഅത്തുകളുടെയും പ്രതിനിധികള്‍ വിവാഹങ്ങളിലെ ആഭാസങ്ങള്‍ നിയന്ത്രിക്കാന്‍ മുന്നോട്ട് വരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ബൈക്ക് റൈസും കാര്‍ റാലിയും വെടിക്കെട്ടും നടത്തി പൊതുജനങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണതയും വീണ്ടും ശക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം കോമാളിവേഷം കെട്ടിച്ച വരന്‍ മുമ്പ് പലരുടെയും വിവാഹത്തില്‍ ഇത്തരം കോമാളിത്തരങ്ങള്‍ കാട്ടിയതിന് പകരമായാണ് യുവാവിനെ വേഷംകെട്ടിച്ച് വധുവിന്റെ വീട്ടിലേക്ക് പെട്ടിചുമപ്പിച്ചതെന്ന് ഇതിന് നേതൃത്വം നല്‍കിയ യുവാക്കള്‍ പറഞ്ഞതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു.

വിവാഹ ചടങ്ങുകള്‍ വീണ്ടും കാട്ടാളന്മാരുടെ പിടിയില്‍മണവാളനെ എഴുന്നള്ളിക്കുന്ന ചടങ്ങില്‍ പേരിന് പോലും മുതിര്‍ന്നവര്‍ പങ്കെടുക്കാത്ത സാഹചര്യവും നിലവിലുണ്ട്. കഴിഞ്ഞദിവസം ഉപ്പളയില്‍ നടന്ന വിവാഹത്തില്‍ വരന്റെ കൂടെ 400 പേര്‍ വധുവീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് എത്തിയത്. ഈ ഭാഗത്ത് സ്ത്രീകള്‍ വധുവിനെ കാണാനെത്തുന്ന ചടങ്ങ് വരന്‍ വരുന്നതിന് മുമ്പായതിനാല്‍ മുന്നൂറിലധികം പേരുടെയും ഭക്ഷണം പാഴാവുകയായിരുന്നു. ഉജാല ചീറ്റിയും മറ്റു ചായങ്ങള്‍ തെറിപ്പിച്ചും കല്ല്യാണത്തിനെത്തിയവരുടെയെല്ലാം ശാപം ഏറ്റുവാങ്ങിയാണ് സംഘം മടങ്ങിയത്. ഇത്തരക്കാരുടെ കൂടെ അന്തസുള്ളവര്‍ ആരും തന്നെ വിവാഹചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൂടിനിന്നവര്‍ പറയുന്നുണ്ടായിരുന്നു. ഇവിടെ ഒന്നര ലക്ഷം രൂപയുടെ പടക്കംപൊട്ടിച്ചതായാണ് ചിലര്‍ അഭിമാനത്തോടെ വിളിച്ചുപറഞ്ഞത്.

യുവാക്കളുടെ കോപ്രായങ്ങള്‍ക്കുപിന്നാലെ യുവതികളും ചില മുതിര്‍ന്ന സ്ത്രീകളും ചേര്‍ന്ന് വധുവിനെ റാഗ് ചെയ്യുന്നതും പതിവായിട്ടുണ്ട്. ആദ്യമായി വരന്റെ വീട്ടിലെത്തിയ വധുവിനെ സ്വീകരിക്കുന്നതിന് പകരം പിച്ചാത്തികൊടുത്ത് തേങ്ങ ഉടപ്പിക്കുകയും വസ്ത്രം അലപ്പിക്കുകയും വലിയ ചെമ്പ് പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. ഈ സമയങ്ങളില്‍ വധുവണിഞ്ഞ സ്വര്‍ണം അടിച്ചുമാറ്റിയ സംഭവം വരെ റിപോര്‍്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് ജമാഅത്ത് കമ്മിറ്റിയും ഖാസിമാരും ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം വിവാഹചടങ്ങിന്റെ പവിത്രതയും പരിശുദ്ധിയും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടുന്നു. വരനെയും വധുവിനെയും രാത്രിയില്‍ ആനയിച്ചുകൊണ്ടുപോകുമ്പോള്‍ വീട്ടിലെത്തിക്കാതെ പുലര്‍ച്ചവരെ നഗരത്തിലും മറ്റും ചുറ്റിക്കറക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ നിയമപാലകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പാതിരാത്രിയില്‍ കറങ്ങുന്നതിനിടയില്‍ മുമ്പ് പല വധൂ വരന്മാര്‍ക്കും പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങേണ്ടി വന്നിരുന്നു.

വധുവിന്റെ വീട്ടില്‍ മണിയറ തകര്‍ക്കുകയും ഭീഷണിപ്പെടുത്തി ജോളിയടിക്കാന്‍ പണം വാങ്ങുകയും ചെയ്യുന്ന നടപടികള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കുവരെ കാരണമാകുന്നുണ്ട്. ചില സ്ത്രീകളും ഇതിന്റെ ചുവടുപിടിച്ച് വരനെ മണിയറയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങുന്നുണ്ട്. ആരാണ് ഇത്തരം കാര്യങ്ങള്‍ക്ക് തടയിടേണ്ടതെന്ന തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. വീട്ടുകാര്‍ എതിര്‍ത്താല്‍ അത് പലവിധത്തിലുള്ള ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും ഇടവെക്കുമെന്നതിനാല്‍ എല്ലാം സഹിച്ച് നില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്.

Keywords:  Kasaragod, marriage, Kerala, Clash, Wedding, Marriage, Groom, Friends, Attack, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL