city-gold-ad-for-blogger

സോഫ്റ്റ് ബോള്‍ ഫെഡറേഷന്‍ കപ്പ്: മൂന്ന് താരങ്ങളെ അവസാന നിമിഷം തഴഞ്ഞു

സോഫ്റ്റ് ബോള്‍ ഫെഡറേഷന്‍ കപ്പ്: മൂന്ന് താരങ്ങളെ അവസാന നിമിഷം തഴഞ്ഞു

കാസര്‍കോട്: സോഫ്റ്റ് ബോള്‍ ഫെഡറേഷന്‍ കപ്പ് കേരളാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരെ ആഗ്രയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുപ്പിക്കാതെ തഴഞ്ഞു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ടീമില്‍ ഉള്‍പെടുത്താന്‍ വേണ്ടിയാണ് സെലക്ടര്‍മാര്‍ താനടക്കം മൂന്നു പേരെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേരളാ ടീമിലേക്ക് നേരത്തെ പ്രവേശനം ലഭിച്ച കാസര്‍കോട് ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ത്ഥിനിയും കുമ്പള സ്വദേശിനിയുമായ എ. ആഗ്രദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എട്ട് വര്‍ഷമായി സോഫ്റ്റ് ബോള്‍ കളിക്കാരിയായി രംഗത്തുള്ള ആഗ്രദാസ് സ്‌കൂള്‍ തലത്തിലും യൂനിവേഴ്‌സിറ്റി തലത്തിലും കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്.

ഫെഡറേഷന്‍ കപ്പ് കേരള ടീമിലേക്കുള്ള ഓപ്പണ്‍ സെലക്ഷന്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ വെച്ചാണ് നടന്നത്. അതില്‍ ഫെഡറേഷന്‍ കപ്പ് കേരള ക്യാമ്പിലേക്ക് ആഗ്രദാസ് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടനുബന്ധിച്ച് സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഏഴുവരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ക്യാമ്പും നടത്തിയിരുന്നു. 17 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്ന് ആഗ്രദാസ് അടക്കം 15 പേരെ ഫെഡറേഷന്‍ കപ്പ് കേരള ടീമിലേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബര്‍ ഒമ്പതിന് ടീം ആഗ്രയിലേക്ക് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. പിന്നീട് കോച്ചായ കണ്ണൂര്‍ സ്വദേശി സത്താര്‍ കളി മാറ്റിവെച്ചുവെന്നും ആഗ്രയില്‍ കുഴപ്പമായത് കൊണ്ടാണതെന്നും അറിയിക്കുകയായിരുന്നുവത്രെ. തിരഞ്ഞെടുക്കപ്പെട്ട ടീമിനെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ടീമില്‍ മാറ്റമുണ്ടാവില്ലെന്നും കോച്ച് അറിയിച്ചതായും പറയുന്നു.

ഡിസംബര്‍ രണ്ടിന് ഇക്കാര്യം അറിയാന്‍ കേരളാ സ്റ്റേറ്റ് സോഫ്റ്റ് ബോള്‍ സെക്രട്ടറി അലക്‌സ് എ. ജോണ്‍സനെ ബന്ധപ്പെട്ടപ്പോഴാണ് താനടക്കം മൂന്നൂപേര്‍ക്ക് സെലക്ഷനില്ലെന്ന് അറിയാന്‍ കഴിഞ്ഞത്. കേരള സീനിയര്‍ സോഫ്റ്റ് ബോള്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പുതിയ ടീമിനെയാണ് കൊണ്ടു പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫെഡറേഷന്‍ കപ്പിന്റെ ക്യാമ്പ് നടത്തിയതും കേരളാ ടീമിനെ സെലക്ട് ചെയ്തതും പ്രഹസനമായിരുന്നുവെന്നും സോഫ്റ്റ് ബോള്‍ സെക്രട്ടറി അറിയിച്ചതായും ആഗ്രദാസ് പറഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ് സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനും ആഗ്രദാസ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ അഞ്ചിന് ഒരു ഓപ്പണ്‍ സെലക്ഷന്‍ വെക്കാമെന്ന് അവര്‍ പറഞ്ഞു.

ഫെഡറേഷന്‍ കപ്പിന്റെ ടീം സെലക്ഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഒരു ഓപ്പണ്‍ സെലക്ഷന്റെ ആവശ്യമില്ല. താനാണ് പരാതി നല്‍കിയതെന്ന് അറിയാവുന്ന നേരത്തെയുള്ള സെലക്ടര്‍മാര്‍ തന്നെ ടീമില്‍ ഉള്‍പെടുത്തില്ലെന്ന് ഉറപ്പാണ് - ആഗ്രദാസ് ആരോപിച്ചു.

Keywords:  Press Meet, Selection, Govt.College, School, University, Kumbala, Thrissur, Kasaragod, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia