തൃക്കരിപ്പൂരില്‍ സി പി എം രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്തു
Sep 10, 2012, 15:57 IST
തൃക്കരിപ്പൂര്‍: 1957 ല്‍ ഇ എം എസ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കലിനെതിരെ കൊണ്ടുവന്ന നിയമം കേരളത്തിലെ അടിസ്ഥാന വിഭാഗത്തിനെ ഉന്നതിയിലെത്തിക്കാന്‍ സഹായിച്ചുവെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. കിനാത്തില്‍ കിഴക്ക്, പടിഞ്ഞാറ് ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ നിര്‍മിച്ച രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭൂമാഫികളുടെ കൈവശമാണ് ഭൂമിയുള്ളത്. അവിടെ ജന്മി കുടിയാന് വ്യവസ്ഥ ഇന്നും നിലനില്ക്കുന്നു. സ്വന്തമായി ഭൂമിയില്ലാത്തത് കാരണം വീട് വെക്കാനോ കൃഷി ചെയ്യാനൊ കഴിയാതെ പട്ടിണി മരണങ്ങളാണ് അവിടെ നടക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പ് ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടി അതിന് ശേഷം സാമ്രാജത്വത്തേയും മുതലാളി വര്‍ഗത്തേയും പ്രോത്സാഹിപ്പിക്കുന്ന ഭരണ വിഭാഗത്തിനെതിരെ പോരാടി കൊണ്ടിരിക്കുകയാണ്.
1957ന് ശേഷം തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാറാണ് ജനകീയാസൂത്രണം ഉള്‍പെടെയുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. 65 രൂപയുണ്ടായിരുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് 400 രൂപയാക്കിയത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ്. ഒരു തുണ്ട് ഭൂമിക്കും ജീവിക്കാനുള്ള അവകാശത്തിനും പോരാടിയതിന്റെ പേരില്‍ നിരവധി ജീവനുകള്‍ രക്തസാക്ഷിത്വം വരിച്ചാണ് നാം നേടിയെടുത്ത്. അവര്‍ നല്കിയ അനുഭവങ്ങളാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായത്.
കെ രാജന് അധ്യക്ഷനായി. കെ കുഞ്ഞിരാമന് എം എല്‍ എ ഫോട്ടോ അനാഛാദനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാല്‍, ഏരിയ സെക്രട്ടറി കെ പി വത്സലന്‍, കെ മുരളി, സി കുഞ്ഞ്കൃഷ്ണന്, പി സി സുബൈദ എ വി രാഘവന് എന്നിവര്‍ സംസാരിച്ചു. വി ശിവദാസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജ്വാല തിയേറ്റേര്‍സിന്റെ നെഞ്ചാങ്കൂട്ടിലെ കണ്ടം എന്ന നാടകവും അരങ്ങേറി.
Keywords: CPM, Rakthasakshi Mandiram, Inauguration, K.K.Shailaja, Trikaripur, Kasaragod