ലീഗ് കമ്മിറ്റിയുടെ പേരില്‍ വന്ന പ്രസ്താവന അടിസ്ഥാനരഹിതമെന്ന് നേതാക്കള്‍
Sep 1, 2012, 21:57 IST
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ പ്രദേശത്തു നിന്ന് 150-ഓളം മുസ്ലീം ലീഗ് പ്രവര്‍ത്തകരും നേതാക്കന്മാരായ ഹുസൈനാര് തെക്കില്‍, അബൂബക്കര്‍ കണ്ടത്തില്‍, ഹസന് ബസരി, റൗഫ് ബാവിക്കര, ബി.എച്ച്. ഖാലിദ്, അച്ചു മഹിനാബാദ്, ഖാദര്‍ കണ്ണമ്പള്ളി തുടങ്ങിയവര്‍ രാജിവെച്ചതായുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചെമ്മനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കമ്മിറ്റിയുടെ വ്യാജലെറ്റര്‍ ഹെഡ്ഡുണ്ടാക്കി പ്രസ്താവന പത്രങ്ങള്‍ക്ക് നല്‍കിയവരെകുറിച്ച് വാര്‍ഡ് കമ്മിറ്റി സമഗ്ര അന്വേഷണം നടത്തി വരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മുസ്ലീം ലീഗ് വാര്‍ഡു കമ്മിറ്റിയുടെ സീലോ, രാജിവെച്ചെന്നവകാശപ്പെടുന്നവരുടെ ഒപ്പോ ഇല്ലാതെ ഇറക്കിയ വ്യാജ പത്രക്കുറിപ്പ് അതേപടി അടിച്ചിറക്കിയ പത്രങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയിലേക്ക് 16 പേരെ നോമിനേറ്റ് ചെയ്തപ്പോള്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് അര്‍ഹരായ ഉദുമ മണ്ഡലം മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കല്ലട്ര അബ്ദുല്‍ ഖാദറിനെയും മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര് തെക്കിലിനെയും ഉള്‍പെടുത്താതെ വാര്‍ഡ് കമ്മിറ്റിയില്‍ നിന്നും പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും കൗണ്‍സില്‍ അംഗമായി എത്താത്തവരെപോലും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ വാര്‍ഡ് കമ്മിറ്റിക്ക് ശക്തമായ എതിര്‍പ്പുണ്ടെങ്കിലും ഇതിനുപരിഹാരം രാജിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മുസ്ലിം ലീഗിന്റെ ജില്ലാ നേതാക്കളുടെ തെറ്റായ നിലപാടിനെ പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരുത്താന്‍ ശ്രമിക്കുമെന്നും ഭാരവാഹികളായ ഹുസൈനാര് തെക്കില്‍, അബൂബക്കര്‍ കണ്ടത്തില്‍, റഊഫ് ബാവിക്കര, ഖാദര്‍ കണ്ണംപ്പള്ളി, ബി.എച്ച്. ഖാലിദ്, ഹസന് ബസ്രി എന്നിവര്‍ പറഞ്ഞു.
Keywords: Kasaragod, Muslim-league, Press meet, Kerala, Chattanchal







