Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെ: കാസര്‍കോട് ഇ-ജില്ലയാകുന്നു

കാസര്‍കോട്: ദേശീയ ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ-ജില്ല പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. E-District, Kasaragod
കാസര്‍കോട്: ദേശീയ ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ-ജില്ല പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. കേരള സംസ്ഥാന ഐ.ടി മിഷന്‍, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, സി-ഡിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും കോമണ്‍ സര്‍വ്വീസ് സെന്ററായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ-ജില്ല. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെയും സമയപരിധി നോക്കാതെയും സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായി അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റ് വാങ്ങാനും സാധിക്കുമെന്നതാണ് ഇ-ജില്ല പദ്ധതിയുടെ പ്രധാന നേട്ടം. അപേക്ഷകന്‍ വ്യക്തിഗത വിവരങ്ങളും അപേക്ഷയും അപേക്ഷാ കേന്ദ്രത്തില്‍ നല്‍കുമ്പോള്‍ തന്നെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി അപേക്ഷ പരിശോധിച്ച് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തില്‍ ലഭ്യമാക്കും. കണ്ണൂരും പാലക്കാടും പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ പ്രതികരണവും വിജയവും ലഭിച്ചതോടുകൂടി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യമായ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങളൊരുക്കും. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, സ്‌കാനര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ എന്‍.ഐ.സിയും ഐ.ടി മിഷനും ചേര്‍ന്ന് ഉറപ്പാക്കും. ഉദ്യോഗസ്ഥര്‍ക്കും അക്ഷയ സംരഭകര്‍ക്കും വേണ്ട പരിശീലനം നല്‍കുന്നത് സി-ഡിറ്റാണ്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ബി.എസ്.എന്‍.എല്‍ ബ്രോഡബാന്റ് കണക്ഷന്‍ ലഭ്യമാക്കും.

റവന്യു വകുപ്പില്‍ നിന്നും നല്‍കുന്ന ജാതി, താമസം, തിരിച്ചറിയല്‍, ബന്ധുത്വം, നേറ്റിവിറ്റി, പിന്തുടര്‍ച്ചാവകാശം, സോള്‍വന്‍സി, ലോക്കേഷന്‍, വാല്വേഷന്‍, ഡൊമിസൈല്‍, വരുമാനം, കൈവശാവകാശം, കമ്മ്യൂണിറ്റി, പൊസഷന്‍ ആന്റ് നോണ്‍ അറ്റാച്ച്‌മെന്റ്, മിശ്രവിവാഹം, വിധവ/വിഭാര്യത്വം, ഡിപ്പന്‍ഡന്‍സി, നോണ്‍ മാര്യേജ് തുടങ്ങി 23 സര്‍ട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്.

ഇന്ത്യയിലെ 40 ജില്ലകളെ ഇ-ജില്ലകളായി തെരഞ്ഞെടുത്തതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ബാക്കിയുള്ള 500 ജില്ലകളെയും ഇ-ജില്ലയാക്കാനൊരുങ്ങുന്നു. സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ വീട്ടുപടിവാതിക്കല്‍ ലഭ്യമാക്കുന്ന ഈ പദ്ധതി നിലവില്‍ വരുന്നതോടുകൂടി സാധാരണക്കാര്‍ക്ക് അവരുടെ ദിവസം നഷ്ടപ്പെടുത്താതെ തന്നെ അപേക്ഷ നല്‍കുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സമയലാഭവും അധ്വാനലാഭവും ഉണ്ടവുകയും ചെയ്യും. കാസര്‍കോട് ജില്ലയെ സംബന്ധിച്ചെടുത്തോളം 82 വില്ലേജുകളിലെ ജനങ്ങള്‍ക്ക് പലവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും വേണ്ടിയുള്ള ആശ്രയം രണ്ടു താലൂക്കുകളാണ്. ഈ ഒരു വിഷമം ഇ-ജില്ല പദ്ധതിയോടുകൂടി മാറാന്‍ പോവുകയാണ്. വീടിന് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ചെന്നാല്‍ മാത്രം മതി.

പദ്ധതി നിര്‍വ്വഹണത്തിനായി ജില്ലാ ഇ-ഗവേണ്‍സ് സൊസൈറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ആലോചനായോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച്.ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് നാരായണന്‍ നമ്പൂതിരി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ്, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക് അസോസിയേറ്റ് വി.എസ്.അനില്‍, അക്ഷയ സോണല്‍ കോ-ഓര്‍ഡനേറ്റര്‍ കെ.സത്യന്‍, അക്ഷയ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രജീഷ് കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: E-District, Kasaragod

Post a Comment