യൂത്ത് ലീഗ് റാലിയില്‍ പുറത്താക്കിയ കൗണ്‍സിലര്‍മാരും പങ്കെടുത്തു
May 1, 2012, 16:29 IST
കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലിയിലും പൊതു സമ്മേളനത്തിലും സംസ്ഥാന നേതൃത്വം പുറത്താക്കിയ രണ്ട് നഗരസഭ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വം പുറത്താക്കിയ മുന്‍ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ഹമീദ് ബദിര, നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തയലങ്ങാടി എന്നിവരാണ് സജീവമായി പ്രകടനത്തില്‍ പങ്കെടുത്തത്. ഇവരെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പാര്‍ട്ടിയുടെ മിക്കവാറും പരിപാടിയില്‍ ഇരുവരും സംബന്ധിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങിയെന്നും അത് കൊണ്ട് തന്നെ പുറത്താക്കിയവര്‍ റാലിയില്‍ സംബന്ധിച്ചത് വലിയ കാര്യമല്ലെന്നുമാണ് നേതാക്കള്‍ ഇതേകുറിച്ച് പ്രതികരിച്ചത്. സംസ്ഥാന നേതൃത്വം പുറത്താക്കിയെങ്കിലും തായലങ്ങാടിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലും മറ്റും ഇവര്‍ പങ്കെടുത്ത കാര്യവും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ആറു പേര്‍ക്കെതിരെയാണ് സംസ്ഥാന നേതൃത്വം അച്ചടക്കനടപടിയെടുത്തത്.
Keywords: Kasaragod, Muslim Youth League, MYL, March.










