'നീര്‍ത്തട പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് രോഗം ബാധിച്ച കോഴികളെ'
May 16, 2012, 17:01 IST
കാഞ്ഞങ്ങാട്: നീര്‍ത്തട പദ്ധതി പ്രകാരം പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യുന്നത് രോഗം ബാധിച്ച കോഴികളാണെന്ന് വ്യക്തമായി. ഇത്തരം കോഴികള്‍ സൌജന്യമായി ലഭിച്ചവര്‍ രോഗം ബാധിച്ച് ചത്ത കോഴികളെ കുഴിച്ചിടാന്‍ നെട്ടോട്ടമോടുകയാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നീര്‍ത്തട പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് ലഭിച്ച കോഴികളില്‍ ഭൂരിഭാഗവും ചത്തുകഴിഞ്ഞു.
ചാലിങ്കാല്‍, കേളോത്ത് ഭാഗങ്ങളിലായി ഏകദേശം 3000 ത്തോളം കോഴികള്‍ രോഗം ബാധിച്ച് ചത്തു. ആസന്ന മരണം കാത്തുനില്ക്കുന്ന കോഴികളുടെ എണ്ണവും ഏറെയാണ്. സൌജന്യമായി കിട്ടുന്നതിനാല്‍ വീട്ടമ്മമാര്‍ ആവേശത്തോടെയാണ് കോഴികളെ കൊണ്ടുവന്നത്. എന്നാല്‍ ഒരാഴ്ചക്കപ്പുറം കോഴികള്‍ക്ക് ആയുസുണ്ടാകുന്നില്ലെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.
ചാലിങ്കാലില്‍ ഒരു വീട്ടമ്മയുടെ 20 ഓളം കോഴികളാണ് ഒറ്റയടിക്ക് ചത്തത്. അവശേഷിച്ച കോഴികള്‍ തൂക്കം ബാധിച്ച് മുടന്തി നീങ്ങുന്നുണ്ട്. മറ്റ് പല വീടുകളിലും ശേഷിച്ച കോഴികളുടെ ജീവന് രക്ഷിക്കാന്‍ വീട്ടുകാര്‍ പാടുപെടുന്നു. ചത്ത കോഴികളെ കുഴിച്ചിടാനല്ലാതെ മറ്റൊന്നിനും സമയം ലഭിക്കുന്നില്ലെന്നാണ് ഒരു വീട്ടമ്മ രോഷത്തോടെ പ്രതികരിച്ചത്. രോഗം ബാധിച്ചതിനാല്‍ ഇങ്ങനെയുള്ള കോഴികള്‍ ചത്താല്‍ പാചകം ചെയ്ത് ഭക്ഷിക്കാനും യോഗ്യമല്ല. ചത്ത കോഴികളെ കുഴിച്ചിടുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
കോഴികളെ അടക്കം ചെയ്യുന്ന ഭാഗങ്ങളില്‍ കൂട്ടത്തോടെ നായ്ക്കളും കുറുക്കന്‍മാരുമെത്തി കോഴി അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതും പതിവാണ്. ഇതുകാരണം അസഹ്യമായ ദുര്‍ഗന്ധവും നായ്ക്കളുടെ ശല്യവും പലയിടങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കുടുംബശ്രീകള്‍ മുഖാന്തിരവും വ്യാപകമായി വീട്ടമ്മമാര്‍ക്ക് കോഴികള്‍ ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് എത്രയൊക്കെ സംരക്ഷണം നല്കിയാലും ജീവന് രക്ഷിക്കാനാകുന്നില്ലെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് രോഗം ബാധിച്ച കോഴികളെ വന്‍തോതില്‍ കടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള കോഴികളാണ് നീര്‍ത്തട പദ്ധതി പ്രകാരവും മറ്റും വിതരണം ചെയ്യുന്നത്.
Keywords: Infected chicken, Distribute, Pullur-Periya Panchayath, Kasaragod






