ജില്ലയിലെ അത്യാധുനിക സൌകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകളും വിട്ടുകൊടുക്കാന്‍ തീരുമാനം
Mar 26, 2012, 17:12 IST
കാസര്‍കോട്: ജില്ലയില്‍ ഇപ്പോഴുള്ള അത്യാധുനിക സൌകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകളും ആലപ്പുഴ ജില്ലയ്ക്ക് വിട്ടുകൊടുക്കാന്‍ കലക്ട്രേറ്റില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച 25 ആംബുലന്‍സുകളില്‍ രണ്ടെണ്ണമാണ് ഒരുവര്‍ഷത്തിലധികമായി കാസര്‍കോട് ജില്ലയില്‍ ഉപയോഗിച്ച് വന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ക്കാണ് 108 എന്ന പേരില്‍ 25 വീതം ആംബുലന്‍സുകള്‍ അനുവദിച്ചത്.
ആലപ്പുഴ ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനം നടക്കാന്‍ വൈകിയതുകൊണ്ട് 14 ജില്ലകള്‍ക്കുമായി ആംബുലന്‍സുകള്‍ വീതിച്ചുനല്‍കുകയായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നെല്ലാം ആംബുലന്‍സുകള്‍ ഇതിനകം തന്നെ ആലപ്പുഴയിലേക്ക്മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരാണ് സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഒരുക്കിയത്. ഇതിന്റെ 20ശതമാനം സംസ്ഥാന വിഹിതമാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഗവ കാലത്താണ് തിരുവനന്തപുരത്തും ആലപ്പുഴയിലും ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. പുതിയ സംസ്ഥാന ബഡ്ജറ്റില്‍ എല്ലാ ജില്ലകളിലും 108 ആംബുലന്‍സ് സൌകര്യം ഒരുക്കുന്നതിനായി തുകമാറ്റിവെച്ചിട്ടുണ്ട്.
അടുത്തഘട്ടമായി വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലായാല്‍ 25 ആംബുലന്‍സുകള്‍ കാസര്‍കോട് ജില്ലയ്ക്ക് ലഭിക്കും. ഇപ്പോള്‍ ആലപ്പുഴയിലേക്ക് മാറ്റുന്ന രണ്ട് ആംബുലന്‍സുകള്‍ക്ക് പകരം രണ്ട്ആംബുലന്‍സുകള്‍ മെയ് 31നകം കാസര്‍കോട്ടെത്തിക്കുമെന്ന് കലക്ടറും എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കി. പദ്ധതി നടപ്പിലാകുന്നതോടെ കാസര്‍കോട്ട് ഉടന്‍ തന്നെ മുഴുവന്‍ ആംബുലന്‍സുകളും എത്തിക്കും.
സര്‍വ്വകക്ഷി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ് തുടങ്ങിയവരും സംബന്ധിച്ചു. നേരത്തെ ആംബുലന്‍സ് മാറ്റുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകളും മറ്റും രംഗത്ത് വന്നതിനെ തുടര്‍ന്ന് കലക്ടര്‍ ആംബുലന്‍സ് ആലപ്പുഴയിലേക്ക് മാറ്റുന്നത് താല്‍ക്കാലികമായി തടയുകയായിരുന്നു.
Keywords: Ambulance, Kasaragod, Pathanamthitta








