ബേക്കറി ജോലിക്ക് കൊണ്ടുവന്ന കുട്ടികളെ തീപൊള്ളലേല്‍പ്പിച്ച ഉടമയെ റിമാന്റ് ചെയ്തു
Feb 26, 2012, 11:42 IST
കാസര്‍കോട്: ബേക്കറി ജോലിക്കായി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 12 വയസുകാരായ രണ്ട് കുട്ടികളെ തീപൊള്ളലേല്‍പ്പിച്ചും ക്രൂരമായി മര്‍ദ്ദിച്ചും പീഢിപ്പിച്ച കേസിലെ പ്രതി തമിഴ്‌നാട്, മധുര കീരപ്പട്ടി സ്വദേശി മഹാരാജയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഞായറാഴ്ച റിമാന്റ് ചെയ്തു. ഓടപ്പട്ടിയിലെ മരുകന്റ മകന്‍ സന്തോഷ്, ഉസുലാംപ്പട്ടിയിലെ വെങ്കരാജന്റെ മകന്‍ അറുമുഖം എന്നിവരെയാണ് മഹാരാജ തീപൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.
ദേലംമ്പാടി പഞ്ചായത്തിലെ അഡൂരില്‍ കഴിഞ്ഞ 9 വര്‍ഷമായി മഹാരാജ ബേക്കറി നടത്തിവരികയാണ്. പീഢനമേറ്റ കുട്ടികള്‍ ബേക്കറിക്ക് സമീപം ബാര്‍ബര്‍ഷോപ്പ് നടത്തുന്ന തമിഴ്‌നാട് സ്വദേശിയോട് സംഭവങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അഡൂരിലെ പ്രതീക്ഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ ഉടന്‍ ആദൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ., സതീഷ് കുമാര്‍, എസ്.ഐ., ദാമോദര്‍ എന്നിവര്‍ ബേക്കറി റെയ്ഡ് ചെയ്ത് മഹാരാജയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പീഢനമേറ്റ സന്തോഷിന്റെ മുഖത്തും തുടയിലും തീപോള്ളലേറ്റതിന്റെ പാടുകളും, അടികിട്ടിയ പാടുകളുമുണ്ടായിരുന്നു.
ദിവസവും പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രിവരെയാണ് കുട്ടികളെകൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ഭക്ഷണമല്ലാതെ മറ്റൊന്നും നല്‍കാറില്ലായിരുന്നു. സന്തോഷിനെയും അറുമുഖത്തെയും ശനിയാഴ്ച കാസര്‍കോട് പരവനടുക്കത്തെ ജൂവനല്‍ ഹോമിലേക്ക് മാറ്റി പാര്‍പ്പിച്ചു. അതിനിടെ അഡൂര്‍ സ്‌കൂള്‍ പരിസരത്തും ടൗണിലും പാന്‍മസാലയടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനും, കടകളില്‍ വിതരണം ചെയ്തതിനും മഹാരാജയുടെ മക്കളായ മുരുകന്‍, ജയരാജന്‍ എന്നിവരെയും ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഒരു ചാക്ക് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇരുവരെയും സ്റ്റേഷനില്‍ ജാമ്യത്തില്‍ വിട്ടു.
Keywords: Harrasment, Children, Man, arrest, Remand, Adoor, Kasaragod







