city-gold-ad-for-blogger
Aster MIMS 10/10/2023

സുന്നി ഐക്യശ്രമങ്ങള്‍ ഇരുളില്‍; ഇ.കെ വിഭാഗം പിടിമുറുക്കുന്നു

സുന്നി ഐക്യശ്രമങ്ങള്‍ ഇരുളില്‍; ഇ.കെ വിഭാഗം പിടിമുറുക്കുന്നു
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് കാന്തപുരം വിഭാഗവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെതിരെ ഇ.കെ വിഭാഗം സമസ്ത പിടിമുറുക്കം ശക്തമാക്കുന്നു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുന്‍കൈയെടുത്താണ് കാന്തപുരം വിഭാഗവുമായി ലീഗ് ഐക്യ ചര്‍ച്ചകള്‍ തുടങ്ങിയത്. ശിഹാബ് തങ്ങളുടെ മരണശേഷം സംസ്ഥാന പ്രസിഡന്റായ സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഈ ബന്ധം ഒന്നു കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടര്‍ന്നു വന്ന നിയസഭാ തിരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ലീഗ് ഉറപ്പിച്ചിരുന്നു. ഇതുവഴി മികച്ച വിജയം നേടാന്‍ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ഇ.കെ വിഭാഗം സമസ്ത മുശാവറയില്‍ ലീഗ്, കാന്തപുരം വിഭാഗവുമായി ശക്തമായി അടുക്കുന്നതിനെതിരെ പ്രമേയം പാസാക്കുകയും കാന്തപുരം വിഭാഗവുമായി ഒരു തരത്തിലുമുള്ള ബന്ധം സ്ഥാപിക്കരുതെന്ന് ലീഗിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
എല്ലാ കാലത്തും മുസ്ലിം ലീഗിനോടൊപ്പം അടിയുറച്ച് നിന്നവരാണെന്ന ന്യായം പറഞ്ഞാണ് കാന്തപുരം വിഭാഗത്തെ തിണ്ടാപാടകലെ നിര്‍ത്താന്‍ ഇ.കെ വിഭാഗം സുന്നി നേതൃത്വം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ലീഗുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്നാണ് മുശാവറ തിരുമാനമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിം ലീഗിന് ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

വിമന്‍സ് കോഡ് ബില്‍ ശുപാര്‍ശയെ കുറിച്ച് കാന്തപുരത്തിന്റെ പ്രസ്താവന മറ്റു പത്രങ്ങള്‍ നല്‍കിയത് പോലെ ചന്ദ്രികയും പ്രാധാന്യത്തോടെ നല്‍കിയതും മലപ്പുറത്തെ സ്വലാത്ത് നഗറിലും മര്‍കസിലും മറ്റു കാന്തപുരം വിഭാഗത്തിന്റെ പരിപാടികളില്‍ ലീഗ് മന്ത്രിമാരുടേയും നേതാക്കളുടേയും സജീവ പങ്കാളിത്തവും ഇ.കെ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കാലാകാലങ്ങളിലായി ലീഗിനെ വിമര്‍ശിച്ച് കമ്യൂണിസ്റ് പാളയത്തില്‍ അഭയം തേടിയിരുന്ന എ.പി വിഭാഗത്തെ അടുപ്പിക്കുന്നതിനെതിരെയാണ് ഇ.കെ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. സമസ്ത വാര്‍ഷിക സമ്മേളനവും അനുബന്ധിച്ച് നടക്കുന്ന പ്രചാരണ പരിപാടികളിലും ലീഗ്-കാന്തപുരം ബന്ധത്തിനെതിരെയുള്ള ചര്‍ച്ചകള്‍ സജീവമാകുമെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
സുന്നി സംഘടനകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മുജാഹിദ്, ജമാഅത്ത് ഇസ്ലാമി, തബ്ലീഗ് തുടങ്ങിയ സംഘടനകളുമായി പോലും ലീഗ് അടുത്ത ബന്ധം സ്ഥാപിക്കുമ്പോള്‍ മുസ്ലിം സമുദായത്തിലെ പ്രബലവിഭാഗമായ കാന്തപുരം വിഭാഗത്തെ സമുദായ സൌഹൃദ കൂട്ടായ്മയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് മാറിയ സാഹജര്യത്തില്‍ രാഷ്ട്രീയപരമായ മണ്ടത്തരമാണെന്നാണ് ലീഗ് സംസ്ഥാന നേതാക്കളുടെ പക്ഷം.
എ.പി വിഭാഗത്തെ അവഗണിക്കുന്നത് ഭാവിയില്‍ മുസ്ലിം ലീഗിന് കനത്ത തിരിച്ചടിക്ക് കാരണമായേക്കുമെന്ന ഭയവും ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതൃത്വം ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ധര്‍മ്മസങ്കടത്തിലായിരിക്കുകയാണ്. സുന്നി ഐക്യമെന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുമ്പോള്‍ ഇ.കെ വിഭാഗം സുന്നികളുടെ വികാരപരമായ നിലപാടുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പൊതുവേ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സമുദായ താല്‍പര്യത്തിന് എല്ലാ വിഭാഗവുമായി ഒത്തൊരുമിച്ച് പോകണമെന്ന ചിന്തയാണ് ലീഗിലുള്ളത്. ഇ.കെ വിഭാഗം സുന്നികള്‍ മുസ്ലിം ലീഗിനകത്ത് ഭരണപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ വിലപേശല്‍ നടത്തുന്നതിനായാണ് ഇപ്പോഴത്തെ നിലപാടുകളുമായി മുന്നോട്ടുപോകുന്നതെന്നാണ് എ.പി വിഭാഗം സുന്നികള്‍ നിരീക്ഷിക്കുന്നത്. പ്രശ്നത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം ഒരു ഫോര്‍മൂല ഉടന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം.

പരസ്യമായി പ്രതികരിക്കുന്നില്ല: മുസ്ലീം ലീഗ്
മലപ്പുറം: കാന്തപുരം സുന്നി വിഭാഗവുമായി ലീഗ് നേതൃത്വം ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തരുതെന്ന ഇ.കെ വീഭാഗം സമസ്ത മുശാവറ തീരുമാനത്തോട് പാര്‍ട്ടി പരസ്യ പ്രതികരണം നടത്താനില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മുശാവറ തീരുമാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇ.കെ വിഭാഗത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും തയ്യാറായില്ല.

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

Keywords: Kasaragod, Samastha, SKSSF, IUML, SSF, Malappuram, A.P Aboobaker Musliyar, Kanthapuram.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL